ജിദ്ദ കെ.എം.സി.സി കേരളത്തിലെ സി.എച്ച് സെന്ററുകൾക്ക് 37 ലക്ഷം നൽകി

ജിദ്ദ- ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കേരളത്തിലെ സി.എച്ച് സെന്ററുകൾക്ക് എല്ലാ വർഷവും നൽകിവരാറുള്ള വാർഷിക സഹായത്തിന്റെ ഭാഗമായി ഈ വർഷം  19 സി.എച്ച് സെന്ററുകൾക്ക്് 37 ലക്ഷം രൂപ നൽകി. പാണക്കാട്ട് നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി ഭാരവാഹികൾ സംസ്ഥാന മുസ്്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക്് ഫണ്ട് കൈമാറി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മണ്ണാർക്കാട്, മഞ്ചരി, മലപ്പുറം, മങ്കട, നിലമ്പൂർ, തിരൂർ, വേങ്ങര, ചെമ്മാട്, ചൂലൂർ, ഒഴുകൂർ, പടിഞ്ഞാറ്റുമുറി, കൊണ്ടോട്ടി, കോഴിക്കോട്, വയനാട്, കണ്ണൂർ തളിപ്പറമ്പ്, കാസർകോട് സി.എച്ച് സെന്ററുകൾക്കാണ് സഹായം നൽകിയത്.
കേരളത്തിലെ പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന വിവിധ സർക്കാർ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകളുടെ വൻകിട മെഡിക്കൽ പദ്ധതികൾ ജിദ്ദ കെ.എം.സി.സി മുൻവർഷങ്ങളിൽ ഏറ്റെടുത്ത് പൂർത്തിയാക്കി നൽകിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ആലപ്പുഴ സി.എച്ച് സെന്ററിനായി ജിദ്ദ കെ.എം.സി.സിയുടെ ചെലവിൽ നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. സി.എച്ച് സെന്ററുകളുടെ മെഡിക്കൽ സേവനം പ്രവാസം നിർത്തി നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന മുൻ പ്രവാസികളിലെ പാവപ്പെട്ട രോഗികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം സി.എച്ച് സെന്ററുമായി സഹകരിച്ച് ജിദ്ദ കെ.എം.സി.സി പുതിയ പ്രവാസി മെഡിക്കൽ സെന്റർ ആരംഭിക്കും. ഇതിന്റെ നിർമാണ പ്രവത്തനങ്ങൾ അടുത്ത ആഴ്ച തുടങ്ങും.
പാണക്കാട്ട് നടന്ന ഫണ്ട് വിതരണ ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി, അഡ്വ.യു.എ. ലത്തീഫ് എം.എൽ,എ, പി.ഉബൈദുള്ള എം.എൽ.എ, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അൻവർ ചേരങ്കെ, വി.പി. മുസ്തഫ, ശിഹാബ് താമരക്കുളം, എ.കെ. മുഹമ്മദ് ബാവ എന്നിവരും പ്രമുഖ മുസ്്‌ലിം ലീഗ് നേതാക്കളും വിവിധ സി.എച്ച് സെന്റർ ഭാരവാഹികളും പങ്കെടുത്തു.

Tags

Latest News