കോണ്‍ക്രീറ്റ് വീടുണ്ട്, പക്ഷെ കഴിയുന്നത് ടെറസില്‍ കുടില്‍കെട്ടി

മൂന്നാര്‍- കാട്ടാനയെ പേടിച്ച് കോണ്‍ക്രീറ്റ് വീടിന്റെ ടെറസില്‍ കുടില്‍കെട്ടി കഴിയാന്‍ വിധിക്കപ്പെട്ടവരോട് സര്‍ക്കാര്‍ ഇനിയും കനിയുന്നില്ല. ചിന്നക്കനാലില്‍ രാത്രി ഏതു നിമിഷവും വന്നു വീടു തകര്‍ക്കാന്‍ സാധ്യതയുള്ള കാട്ടാനകളെ പേടിച്ച് ടെറസില്‍ കുടില്‍ കെട്ടിയാണു നിരവധി കുടുംബങ്ങളുടെ താമസം.  ചിലര്‍ ഭൂമി ഉപേക്ഷിച്ചുപോയി. കാട്ടാനകള്‍ പുരപ്പുറത്തെ പ്ലാസ്റ്റിക് കുടില്‍ വലിച്ചു താഴെയിടാന്‍ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ഒറ്റയാന്‍ അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം 2 വീടുകളാണ് തകര്‍ത്തത്. രാത്രി ഒന്നരക്ക് മണി ചെട്ടിയാര്‍, മുരുകന്‍ എന്നിവരുടെ വീടുകളുടെ നേര്‍ക്കായിരുന്നു ആക്രമണം. ഇരുവീടുകളിലും താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ അതിഥിത്തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒരാഴ്ചക്കിടെ ബിഎല്‍ റാമില്‍ നാല് വീടുകളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. ചിന്നക്കനാല്‍ 301 കോളനിയിലും മുമ്പ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. കാട്ടാനയെ ഭയന്നു 301 കോളനിയില്‍ സര്‍ക്കാര്‍ കുടിയിരുത്തിയ ആദിവാസി കുടുംബങ്ങള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുകളില്‍ കുടില്‍ കെട്ടിയാണ് രാത്രി കഴിയുന്നത്.

 

Latest News