ചിന്തയില്ലാത്ത വാഴക്കുലയും സമ്മർദങ്ങളും

ആട്ടം കാണാം; പക്ഷേ, കഥയറിയാതെ വിമർശിക്കരുത്. 'അറുപത്തിനാലുകളിൽ' അധരങ്ങളിൽ ചായം പുരട്ടലും മോഷണവും പറയാൻ കൊള്ളാത്ത മറ്റു പലതുമുണ്ട്. പിന്നെന്ത് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം? 'വാഴക്കുല' വൈലോപ്പിള്ളി ശ്രീധര മേനോന്റേതാണെന്നു പ്രബന്ധത്തിലുണ്ടത്രേ! കർഷകരെയും നെൽക്കതിരിനെയും വെള്ളരിക്കയെയുമെല്ലാം സ്വപ്‌നം കണ്ടിരുന്ന മഹാകവിക്ക് സ്വന്തമായി ഒരു വാഴയെങ്കിലും ഉണ്ടാകുമല്ലോ. അതു കുലച്ചു കഴിഞ്ഞാൽ പിന്നെ, കുല കവിള്ളൂർ കണ്ണദാസന്റേതാകുമോ? ചങ്ങമ്പുഴയുടേതാകുമോ? അഥവാ, വാഴക്കുലക്ക് ആരെങ്കിലും 'പേറ്റന്റ്' നേടിയിട്ടുണ്ടോ? ചങ്ങമ്പുഴയുടെ കുല മുമ്പേ വിളഞ്ഞ് അച്ചടി മഷി പുരണ്ടു പുറത്തു വന്നു. അതിനാൽ വൈലോപ്പിള്ളിയുടെ കുല കച്ചവടത്തിനിന് ഇറക്കിയില്ല. ചിന്ത ജെറോം അതു കണ്ടെത്തി. സഖാവ് 2010 ലെ ഒരു വെബ്‌സൈറ്റ് കഥനം കോപ്പിയടിച്ചിരിക്കാം. ഇക്കാലത്ത് ആരാണസ്സേ, ലൈബ്രറിയിൽ ചെന്നു മോഷ്ടിക്കുക? ഗുരുത്വത്തിന്റെ എവറസ്റ്റ് കൊടുമുടിയിൽ കയറിയാണ് ചിന്ത തന്റെ പ്രബന്ധ ഭാരം ഇറക്കിവെയ്ക്കുന്നത്. നോക്കൂ, ഗുരുസ്മരണ, കടപ്പാട്, കൃതജ്ഞത ആർക്കൊക്കെ? ഒന്നാമൻ 'ഗൈഡ്' ആയ മുൻ പ്രോ വി.സി അജയകുമാർ. പ്രബന്ധം വായിക്കാതിരുന്നതിനാണ് നന്ദിയെന്നുറപ്പ്. പിന്നെ, ഇന്നത്തെ അക്കാദമിക വൈജ്ഞാനിക ബൗദ്ധിക പിന്നെ മറ്റു വല്ലതുമുണ്ടെങ്കിൽ അങ്ങനെയും നിറഞ്ഞു നിൽക്കുന്നു, പ്രൊഫ. പിണറായി, പ്രൊഫ. എം.വി. ഗോവിന്ദൻ, മറ്റു പ്രൊഫസറന്മാരായ ബാലഗോപാൽ, ജയരാജൻ, ശ്രീമതി, ഷംസീർ, സ്വരാജ്, എന്തിനേറെ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വരെയുണ്ട് പട്ടികയിൽ. ഇവരുടെയൊക്കെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഗവേഷണം ഭസ്മമായിപ്പോകുമായിരുന്നുവെന്നും കരുതാം. പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി വർഗ രാഷ്ട്രീയ തലങ്ങൾ ചർച്ച ചെയ്യുന്ന ലേഖനത്തിൽനിന്നും അടിച്ചു മാറ്റണമെങ്കിൽ മേൽപറഞ്ഞ മന്നാധി മന്നന്മാരുടെയും ഉണ്ണിയാർച്ചമാരുടെയും സഹായമില്ലാതെ കഴിയുകയില്ലെന്നതും നിശ്ചയം. അവർക്കു ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും തിരിച്ചറിയാമോ എന്ന കാര്യമാകട്ടെ സംശയകരവും. സിനിമക്ക് ഗാനമെഴുതി സ്വന്തം ദാരിദ്ര്യ ദുഃഖമകറ്റാം എന്നു കരുതിപ്പുറപ്പെട്ട 'ഗന്ധർവ ബാല'ന്മാരെക്കുറിച്ച് 'മർത്ത്യമാനസചേഷ്ടാ വൈരുധ്യമെന്തോതേങ്ങൂ/മറ്റൊരു തീരം പൂകി മുതലാർക്കായി പാടീ' എന്നു വിമർശിച്ചു പിന്നെ എവറസ്റ്റ് കൊടുമുടിയോളം പൊക്കത്തിൽ പുകഴ്ത്തി. അതാണ് വൈലോപ്പിള്ളി. വയലാറിനെയും പി. ഭാസ്‌കരനെയും ഇടതുപക്ഷം അത്ര പെട്ടെന്നൊന്നും കൈവിടുകയില്ല എന്നു മഹാകവിക്കു തോന്നി. അദ്ദേഹത്തിന്റെ തോളിൽ ഒരു വാഴക്കുലയെടുത്തു വെച്ചു കൊടുത്ത ചിന്ത ജെറോം സഖാവ് അപരാധമൊന്നും കാട്ടിയിട്ടില്ല എന്നു മേൽപറഞ്ഞ പിന്തുണക്കാരോടു ചോദിച്ചാൽ മറുപടി കിട്ടും. ചിന്തയുടെ ടി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതിയുണ്ടത്രേ! മുഖ്യമന്ത്രിയും മറ്റൊരു 'മെന്റർ' ആയ രണ്ടാം താത്വികൻ എം.എ. ബേബി സഖാവും കാര്യങ്ങൾ ഗൗരവപൂർവം നിരീക്ഷിക്കുന്നുണ്ടെന്ന് പരാതിക്കാർ ഓർക്കുന്നതു നന്ന്. വളർന്നു വരുന്ന ഒരു മഹിള നേതാവിനെ മുളയിലേ നുള്ളുന്നത് ശരിയാണോ എന്ന മറ്റൊരു പണ്ഡിത പിന്തുണ സ്രോതസ്സായ ഇ.പി. ജയരാജന്റെ ചോദ്യത്തിനും മറുപടിയില്ല. കുട്ടി വളർന്നോട്ടെ.
****                           ****                               ****

നല്ല ഒന്നാന്തരം പത്തര മാറ്റ് അസ്വസ്ഥതയാണ് പത്തനാപുരം എമ്മെല്ലേയുടേത്. ഒന്നിലും കുലുങ്ങാത്ത കൊമ്പനാണ് ഗണേശ് കുമാർ; പിതാവിനെപ്പോലെ തന്നെ. ഇന്നും വീട്ടിൽ ആനയുണ്ട്. അതിനാൽ മദപ്പാടും ചികിത്സയുമൊക്കെ എമ്മെല്ലേക്കു മനഃപാഠം. ഒരു പാലക്കാടൻ പി.ടി 7 എന്ന കൊമ്പനെ വേണ്ടി വന്നാൽ ചികിത്സിക്കാൻ പോലും തയാർ. സർക്കാരിന്റെ 'ആസ്ഥാന വൈദ്യർ' എന്ന പദവി ഗണേശൻ കൊണ്ടുപോകണ്ട എന്ന് ഇടതുമുന്നണിയിലെ അസൂയാലുക്കൾ കരുതിയിരിക്കാം. അദ്ദേഹത്തിന്റെ സൗജന്യ ഓഫർ ആരും ചർച്ച ചെയ്തില്ല. പക്ഷേ, തുടർന്നും എമ്മെല്ലേ പൊട്ടിക്കരയുകയാണ്. മുന്നണിയിൽ ചർച്ചകളൊന്നും നടക്കുന്നില്ല; ചായയും ഉഴുന്നുവടയും വിതരണം ചെയ്യുന്നില്ല എന്നതാണ് അവസ്ഥ. പദ്ധതിക്കു കുറവില്ല; പക്ഷേ ഫണ്ടില്ല. കിഫ്ബിക്കാണെങ്കിൽ ഒരിടത്തുനിന്നും ഒരു ഗാരണ്ടിയുമില്ല. ഇന്നോവ കാറുകൾക്കു മാത്രമേ ഫണ്ട് അനുവദിക്കാവൂ എന്നു രഹസ്യ തീരുമാനമുണ്ടോ എന്നും എമ്മെല്ലേക്കറിയില്ല. ചുരുക്കത്തിൽ പത്തനാപുരത്തുനിന്നും അടുത്ത തെരഞ്ഞെടുപ്പിനു മുമ്പേ, തന്നെ ഓടിക്കാൻ മാത്രമാണ് പദ്ധതിയുള്ളതെന്നു തോന്നുന്നു. വേല കീഴൂട്ടു വീട്ടിലെ ന്യൂജെൻ തലമുറയോടു വേണ്ട. 'രണ്ടര കൊല്ലത്തേക്കു മന്ത്രിയാകാൻ തന്നെ കിട്ടില്ല' എന്ന മുൻ പ്രഖ്യാപനം പോലും വേണ്ടിവന്നാൽ തിരുത്താൻ മടിക്കില്ല.
****                  ****                          ****

മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ ആറു കൊല്ലം മുമ്പ് ആക്രമിച്ച കേസിൽ സംഘ്പരിവാറു കേന്ദ്ര ഭരണ പാർട്ടിയും രക്ഷപ്പെട്ടു 'ഉദിഷ്ടകാര്യ സിദ്ധിക്ക് ഉപകാര സ്മരണ' എന്ന ബോർഡ് പരിവാറുകളും സി.പി.എമ്മും പരസ്പരം കൈമാറുകയും ഓഫീസുകളിൽ പതിക്കുകയും ചെയ്യണം. പണ്ടു നാൾക്കു തന്നെ കെ. സുധാകര ഗുരുക്കൾ ഇക്കാര്യം മുടങ്ങാതെ ആവർത്തിച്ചതാണ്. അദ്ദേഹത്തെ ആർക്കും വിശ്വാസമില്ലാതായിപ്പോയി; എന്തു ചെയ്യാം! 2016 മെയ് മാസം 19 ന് നടന്നതാണ് ആക്രമണം. എന്തു ചെയ്യാം. ത്യാഗം സഹിക്കുകയും വല്യേട്ടനെ സേവിക്കുകയും ചെയ്യുക എന്നതാണ് സി.പി.ഐയുടെ തലയിലെഴുത്ത്. അതിനി അടുത്ത കാലത്തൊന്നും മാറില്ലെന്നും അറിയാത്തവരില്ല. ഇതാണ് മുൻ മന്ത്രിയുടെ ഗതിയെങ്കിൽ സാധാ കൊച്ചേട്ടൻ പാർട്ടിക്കാരുടെ കാര്യം ചിന്തനീയം! 'കോൺഗ്രസ് ഉന്മൂലനം' ബി.ജെ.പിയുടെ ജീവിത ലക്ഷ്യമാണെങ്കിൽ 'സി.പി.ഐ നാശം' വല്യേട്ടൻ പാർട്ടിയുടെ ഗൂഢോദ്ദേശ്യമാണെന്നു പകൽ പോലെ വ്യക്തം. ഇനി ജില്ലാടിസ്ഥാനത്തിൽ കാലുമാറ്റം മാത്രമേ പ്രതീക്ഷിക്കാനുള്ളൂ.
****                             ****                         ****

ജി. സുധാകരൻ സഖാവ് ആലപ്പുഴ വഴി സഞ്ചരിക്കുമ്പോൾ മൂക്കു പൊത്താറുണ്ട്. അടുത്ത കാലത്ത് കോവിഡ് ചെലവിൽ മൂക്കും വായും പൊത്തിയിരുന്നവർ മെല്ലെ മെല്ലെ ആ കീഴാള സ്വഭാവം ഉപേക്ഷിച്ചു വരുന്നു. അതനുസരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്കും. 1973 ൽ സർക്കാർ ഏറ്റെടുത്തകാലം മുതൽ പകർച്ചവ്യാധികളും വിടാതെ പിന്നാലെ. ഡോക്ടറില്ല നഴ്‌സില്ല; ഉള്ളവർക്ക് ജോലി ചെയ്യാൻ അനുവാദവുമില്ല. സർവത്ര സമ്മർദം. സുധാകരൻ സഖാവ് സമ്മർദം സഹിക്കാതെ കവിതയെഴുത്ത് ആംഗലത്തിലും നോക്കി. പക്ഷേ, നാട്ടിൽ മരുന്നു ക്ഷാമം. തനിക്കു ഭാവന ക്ഷാമം. പിന്നീടാണ് മന്ത്രിപ്പണിക്കു താനില്ലെന്ന ഐതിഹാസികമായ പ്രസ്താവനയുണ്ടായത്. 
കേട്ടവർ കേട്ടവർ നട്ടം തിരിഞ്ഞു. മലനിരകളെയും പ്രപഞ്ചത്തിന്റെ മറുകരയെയും നോക്കി കവിത ചമയ്‌ക്കേണ്ട സഖാവ് ഇപ്പോൾ മലിനമായ കനാലുകളെയും വെള്ള വസ്ത്രക്കാരായ ഡോക്ടറന്മാരില്ലാത്ത ആശുപത്രികളെയും നോക്കി വിലപിച്ചു തുടങ്ങി. അതൊരു നല്ല ലക്ഷണമല്ലെന്ന് പിണറായി - ഗോവിന്ദ സഖാക്കൾ തിരിച്ചറിഞ്ഞാൽ നന്ന്. ഇപ്പോൾ സുധാകരൻ സഖാവ് ചെയ്യുന്നത് സതീശനാശാനും സുധാകര ഗുരുവും ചെയ്യാൻ മറക്കുന്ന പണിയാണ്. നീണ്ടുപോയാൽ, അവശേഷിക്കുന്ന സംസ്ഥാന എം.പിക്കും കഷ്ടകാലം പിടിപെട്ടേക്കാം. 
യു. പ്രതിഭ കടന്ന് ഷാനവാസിലെത്തി നിൽക്കുകയാണ് പാർട്ടിയുടെ അന്തഃഛിദ്രം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ഏതു ചേരിയിലേക്കും ക്ഷണം കിട്ടാൻ അർഹനാണ് കവി സുധാകരൻ. അദ്ദേഹം പ്രലോഭനങ്ങൾക്കു വഴങ്ങാത്ത അപൂർവ ഇനം ആയതു പാർട്ടിയുടെ ഭാഗ്യം. എന്നാലും......

Latest News