പ്രണയ വിവാഹം; തട്ടിക്കൊണ്ടുപോയ നവവരന്‍ മരിച്ച നിലയില്‍ 

കോട്ടയം- പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം മാന്നാനത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്.എച്ച് മൌണ്ടില്‍ കെവിന്‍ ജോസഫിനെ(23)യാണ് കൊലപ്പെടുത്തിയത്. തെന്മലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ  ചാലിയേക്കര തോട്ടില്‍നിന്നാണ് കെവിന്റെ മൃതദേഹം ലഭിച്ചത്. കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ(20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പോലീസിനെ അറിയിച്ചിരുന്നു. 

നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പോലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.
 

Latest News