മലയാളം ന്യൂസ് പിറവിയുടെ കാലത്ത് ഉദയം ചെയ്ത ഭരണാധികാരി

മലയാളം ന്യൂസ് പത്രം  മാധ്യമ ലോകത്ത് കാലുറച്ചു വരുന്ന കാലത്താണ് നവാസ് ശരീഫിനെ ഒറ്റ രാത്രി കൊണ്ട് അട്ടിമറിച്ച്  ജയിലിലാക്കി പർവേസ്  മുഷറഫ് അധികാരം പിടിച്ചെടുക്കുന്നത്. 1999 ഒക്ടോബർ 13 ന് ആയിരുന്നു ലോകത്തെ അമ്പരപ്പിച്ച ആ പട്ടാള അട്ടിമറി. 2001 വരെ സൈനിക മേധാവിയായി പട്ടാള ഭരണകൂടത്തിനു നേതൃത്വം നൽകിയ മുഷറഫ്  2001 ൽ പ്രസിഡന്റായി. ഈ കാലഘട്ടം മലയാളം ന്യൂസ് വാർത്ത ലോകത്ത് സ്വയം അടയാളപ്പെടുത്തുന്ന കാലവുമായിരുന്നു.  ലോകം മുഴുവൻ സംഭവ പരമ്പരകളുടെ നാളുകളായിരുന്നു ആ കാലഘട്ടം.  പാക്കിസ്ഥാന്റെ അവസാനത്തെ പട്ടാള ഭരണാധികാരി എന്ന വിശേഷണത്തിൽ അദ്ദേഹം അറിയപ്പെടുന്നു. മുഷറഫ് ഭരണത്തിലേറിയപ്പോൾ റിയാദിലെ സാധാരണക്കാരായ പാക്കിസ്ഥാനി സമൂഹത്തിൽ ചിലരെങ്കിലും കാണിച്ച ആവേശം ഇപ്പോഴും ഓർക്കുന്നു. മുഷറഫ് പാക്കിസ്ഥാന് നല്ലതു വരുത്തും എന്ന് ആശിച്ചവരാണവർ. മലയാള പത്രങ്ങളിലധികവും അന്താരാഷ്ട്ര പേജ് തുടങ്ങാത്ത കാലമായിരുന്നു അത്. മലയാളം ന്യൂസ് തുടക്കം മുതൽ അന്താരാഷ്ട്ര വാർത്തകൾ പ്രസിദ്ധീകരിച്ചതിനാൽ മലയാളി സമൂഹത്തിനും ഇതുപോലുള്ള ലോക സംഭവങ്ങളുടെ അരികും മൂലയുമെങ്കിലും അറിയാൻ സാധിച്ചു. എല്ലാം വിരൽ തുമ്പിലുള്ള ഇക്കാലത്ത് ഇതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകണമെന്നില്ല.  റിയാദ് ഹാരയിലെ പത്ര സ്റ്റാന്റിൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞെത്തുന്ന ഡോൺ പത്രം വാങ്ങി ആവേശപൂർവം നോക്കുന്നവരെയും കണ്ടിട്ടുണ്ട്.  ബ്രിട്ടീഷ് ഇന്ത്യയിൽ 1941 ൽ സ്ഥാപിതമായ   ആ പത്രം പോത്തൻ ജോസഫിന്റെയും പത്രമായിരുന്നല്ലോ. അതെ, മുഹമ്മദലി ജിന്ന തുടങ്ങിയ പത്രം തന്നെ. ഇന്നിപ്പോൾ അതൊക്കെ എല്ലാവർക്കും ലഭ്യം. 
 മനുഷ്യ രക്തത്തിന്റെ രുചിയറിഞ്ഞ സിംഹത്തോടാണ് ഭരണത്തിന്റെ രുചിയറിഞ്ഞ പട്ടാളത്തെ വിശേഷിപ്പിക്കാറുള്ളത്. ലോകമെങ്ങും അതാണവസ്ഥ.  ഏകദേശം ഒമ്പത് കൊല്ലമാണ് മുഷറഫ് പാക്കിസ്ഥാൻ ഭരിച്ചത്. ചെറിയ തോതിലുള്ള സാമ്പത്തിക വളർച്ചയൊക്കെ രാജ്യത്തിന് നേടിക്കൊടുക്കാൻ മുഷറഫിന് സാധിച്ചിരുന്നു. അതുകൊണ്ടാകാം  പാക്കിസ്ഥാൻ കാരായ ചിലരെങ്കിലും  അന്ന് മുഷറഫ്, മുഷറഫ് എന്ന് ആവേശം കാണിച്ചത്.  പ്രസിഡന്റ് പദവിയിലിരിക്കേ  മൂന്നോ നാലോ  തവണ അദ്ദേഹം അൽഖാഇദ വധശ്രമം അതിജീവിച്ചു.   'ഭീകരതക്കെതിരായ യുദ്ധത്തിൽ' അമേരിക്കയുടെ സഖ്യ കക്ഷിയായി പിന്നീടെപ്പോഴോ മുഷറഫ് മാറിയിരുന്നു.
ലിബറൽ  പ്രതിഛായയുടെ പേരിലായിരുന്നു ഭരണ തുടക്കകാലത്ത് മുഷറഫ് ആഘോഷിക്കപ്പെട്ടത്. പക്ഷേ അതിവേഗം അദ്ദേഹത്തിലെ പട്ടാളക്കാരൻ ഉണർന്നിരിക്കണം. ഭരണഘടന എന്നൊക്കെ പറയുന്നത് ഏതവസരത്തിലും ചവറ്റുകുട്ടയിലെറിയാവുന്ന കടലാസു കഷ്ണങ്ങളാണെന്ന് അദ്ദേഹം പിന്നീടൊരിക്കൽ പട്ടാളക്കാരനായി തെളിയിച്ച.
1947 ൽ സ്ഥാപിതമായ പാക്കിസ്ഥാൻ നാല് തവണയാണ് പട്ടാള അട്ടിമറി നേരിട്ടത്.  പട്ടാളത്തിനും ഒരു ഇടമുള്ള നാട് എന്നാണ് പാക്കിസ്ഥാനെ അന്താരാഷ്ട്ര നയതന്ത്രജ്ഞർ വിശേഷിപ്പിക്കാറുള്ളത്. നെപ്പോളിയനും റിച്ചാർഡ് നിക്‌സനുമായിരുന്നു  മുഷറഫിന്റെ മാതൃക വ്യക്തിത്വങ്ങൾ.  
 മുഷറഫ് ആറു വർഷത്തിലേറെയായി ദുബായിലായിരുന്നു താമസം.  പാക് രാഷ്ട്രീയത്തിൽ നിന്നദ്ദേഹം  പുറന്തള്ളപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു  അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പാക് പ്രാദേശിക കോടതി മുഷറഫിനെ  വധശിക്ഷക്കും വിധിച്ചിരുന്നു. പാക്കിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്നാണ്  മുഷറഫ് ദുബായിൽ കഴിഞ്ഞതെന്നാണ് മാധ്യമങ്ങൾ എഴുതുന്നത്. തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടിയായിരിക്കേ വലിയ മാവിൽ നിന്ന് വീണതാണ്  താൻ മരണവുമായി മുഖാമുഖം കണ്ട ആദ്യ അനുഭവമെന്ന് മുഷറഫ് മരണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
 എന്തായാലും പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകരുതെന്ന് നിരവധി പേർ അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. 
1943 ഓഗസ്റ്റ് 11 ന് അവിഭക്ത ഇന്ത്യയിലെ ദില്ലിയിലായിരുന്നു മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി. പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയിലെ പഠനത്തിന് ശേഷം 1964 ൽ  മുഷറഫ് പാക് പട്ടാളത്തിൽ ചേർന്നു. 1965 ലും 1971 ലും ഇന്ത്യ-പാക് യുദ്ധങ്ങളിൽ പങ്കെടുത്തു. 1998 ൽ നവാസ് ശരീഫായിരുന്നു  മുഷറഫിനെ സൈനിക മേധാവിയാക്കിയത്.  
കാർഗിൽ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു മുഷറഫ്. അതു വഴിയും വാർത്തകളിൽ അദ്ദേഹമുണ്ടായിരുന്നു.  2007 മാർച്ചിൽ ജുഡീഷ്യറിയുമായുണ്ടായ ഏറ്റുമുട്ടലാണ് മുഷറഫിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയെ  മുഷറഫ് പുറത്താക്കി. ചീഫ് ജസ്റ്റിസിനെ തിരിച്ചെടുത്തുകൊണ്ട് പാക് സുപ്രീം കോടതി പിറ്റേന്ന് ഉത്തരവിട്ടു.  

അധികാരം നിലനിർത്താനുള്ള വ്യഗ്രതയിൽ 2007 ഡിസംബറിൽ മുഷറഫ് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവിൽ മുഷറഫിനെതിരെ യോജിച്ചു നീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുകയായിരുന്നു. ഇംപീച്ചമെന്റിന്റെ വക്കിൽ നിൽക്കേ 2008 ഓഗസ്റ്റ് 18 നായിരുന്നു മുഷറഫ് രാജിവെച്ച് രാജ്യം വിട്ടത്,   രാജ്യം വിട്ട് യു.എ.ഇയിലേക്ക് പോയ മുഷറഫ് 2013 ൽ മടങ്ങിയെത്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കാൻ വാജ്‌പേയിയുടെ ഭരണ കാലത്ത് ശ്രമം നടന്നതും ചരിത്രം.   അന്നത് നടന്നില്ല. വല്ലതും നടക്കുമെങ്കിൽ അന്നുണ്ടാകുമായിരുന്നു എന്നാണ് ഈ ദൗത്യത്തെ പ്രമുഖ നയതന്ത്രജ്ഞനായ മുരളീധരൻ നായർ കടുങ്ങല്ലൂർ  വിശേഷിപ്പച്ചത്. അതാണ് ശരി. അത്രക്ക് തലയെടുപ്പുണ്ടായിരുന്നു അന്ന് രണ്ട് പക്ഷത്തെയും  വ്യക്തിത്വങ്ങൾക്ക്.  

Latest News