ഗൾഫിൽ മൊബൈൽ റോമിംഗ് നിരക്കുകൾ കുറയാൻ സാധ്യത

റിയാദിൽ ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് ചേർന്ന ജി.സി.സി ടെലികോം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരും റെഗുലേറ്ററി അതോറിറ്റി മേധാവികളും ജി.സി.സി സെക്രട്ടറി ജനറലും ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുന്നു. 

റിയാദ് - ഗൾഫ് രാജ്യങ്ങൾക്കിടയിൽ മൊബൈൽ ഫോൺ റോമിംഗ് നിരക്കുകൾ കൂടുതൽ കുറയാൻ സാധ്യത. നിലവിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് നിരക്ക് ഏറെ കൂടുതലാണെന്നാണ് ഉപയോക്താക്കൾ പറയുന്നത്. പന്ത്രണ്ടു മണിക്കൂറിന് 68 റിയാൽ മുതൽ 79 റിയാൽ വരെയാണ് ടെലികോം കമ്പനികൾ നിലവിൽ റോമിംഗ് ചാർജ് ആയി ഈടാക്കുന്നത്. ചില കമ്പനികൾ മൂന്നു ദിവസത്തേക്ക് 230 റിയാൽ വരെ നിരക്കിലും റോമിംഗ് സേവനം നൽകുന്നുണ്ട്. 
ഞായറാഴ്ച റിയാദിൽ ചേർന്ന ജി.സി.സി ടെലികോം മന്ത്രിമാരുടെ 27-ാമത് യോഗം ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് സേവനം കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്റർനെറ്റ് സേവനങ്ങളും ആപ്പുകളും നൽകുന്ന വൻകിട കമ്പനികളുമായി നടത്തിയ ആശയവിനിമയങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും വിശകലനം ചെയ്തു. ഗൾഫ് രാജ്യങ്ങളിലെ ടെലികോം മേഖലാ സൂചകങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ വിപണികളുടെ വിശകലനം, നിരീക്ഷണം, ജി.സി.സി രാജ്യങ്ങളിലെ മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളുടെയും റേഡിയോ സേവനങ്ങളുടെയും കൂടിക്കലരുകളുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഏകോപനം എന്നിവയും യോഗം വിശകലനം ചെയ്തു. 
ഗൾഫ് രാജ്യങ്ങൾ തമ്മിലെ റോമിംഗ് നിരക്കുകൾ വൈകാതെ സമഗ്രമായി പുനഃപരിശോധിച്ച് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്പ്രസ് മെയിൽ, കൊറിയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന ഏകീകൃത നിയമവും ജി.സി.സി ടെലികോം മന്ത്രിമാരുടെ യോഗം അംഗീകരിച്ചു. 
ഒമാൻ ഗതാഗത, ടെലികോം, ഐ.ടി മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദിന്റെ അധ്യക്ഷതയിലാണ് ഗൾഫ് ടെലികോം മന്ത്രിമാർ ജി.സി.സി ആസ്ഥാനത്ത് യോഗം ചേർന്നത്. യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മാജിദ് അൽമിസ്മാർ, ബഹ്‌റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ഥാമിർ അൽകഅബി, സൗദി കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ, ഖത്തർ ടെലികോം, ഐ.ടി മന്ത്രി മുഹമ്മദ് അൽമന്നാഇ, കുവൈത്ത് കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് ഉമർ സൗദ് അൽഉമർ, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബദീവി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Tags

Latest News