Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

സൂക്ഷിച്ചില്ലേല്‍ ഫോണിലെ  ചാര്‍ജ് ഇവന്മാര്‍ ഊറ്റിയെടുക്കും 

ഹൈദരാബാദ്- സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ നേരിട്ടു വരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ബാറ്ററിയുടെ പ്രവര്‍ത്തനത്തില്‍ വരുന്ന പോരായ്മ. എത്ര മുന്തിയ ഇനം മൊബൈല്‍ ഫോണായാലും ഉയര്‍ന്ന എംഎഎച്ചിന്റെ ബാറ്ററി കപ്പാസിറ്റിയുണ്ടെങ്കിലും ഒരു ദിവസം മുഴുവന്‍ ഫോണില്‍ ചാര്‍ജ് അവശേഷിക്കുന്നില്ല എന്നാണ് പലരുടേയും പരാതി. ഈ പ്രശ്‌നത്തിന് മൊബൈല്‍ ഫോണിന്റെ നിര്‍മാതാക്കളെ മാത്രം പഴിചാരിയിട്ട് കാര്യമില്ല എന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മൊബൈല്‍ ഫോണിന്റെ അനുവാദമില്ലാതെ തന്നെ ബാറ്ററിയെ അധികമായി പ്രവര്‍ത്തിപ്പിച്ച് ചാര്‍ജ് നഷ്ടമാക്കുന്നതിന് പിന്നില്‍ ഒരു ആഗോള കമ്പനിയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ ഫോണിന്റെ ചാര്‍ജ് കവര്‍ന്നെടുക്കുന്ന വില്ലനെന്ന ആരോപണം ഫേസ്ബുക്ക് അഥവാ പുതിയ മെറ്റാ ഗ്രൂപ്പിനെതിരെയാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.ഫേസ്ബുക്കും മെസഞ്ചറും മനഃപൂര്‍വ്വം ഫോണിന്റെ ചാര്‍ജ് ഊറ്റിയെടുക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് കമ്പനിയുടെ മുന്‍ ജീവനക്കാരനായ ജോര്‍ജ് ഹേവാര്‍ഡാണ്. നെഗറ്റീവ് ടെസ്റ്റിംഗ് എന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഫോണിന്റ ബാറ്ററി രഹസ്യമായി പ്രവര്‍ത്തിപ്പിച്ച് ചാര്‍ജ് ഊറ്റുന്നത്.ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ ജോലി ചെയ്ത് വന്നിരുന്ന ഡാറ്റാ സയന്റിസ്റ്റായ ജോര്‍ജിനെ നെഗറ്റീവ് ടെസ്റ്റിംഗില്‍ പങ്കെടുക്കാത്തതിനാലാണ് പിരിച്ചുവിട്ടത് എന്നാണ് വിവരം. ആപ്പിനുള്ളിലെ ഫീച്ചറുകള്‍ പരിശോധിക്കുക, പ്രശ്‌നങ്ങള്‍ പഠിക്കുക എന്നതിനായി ഫോണിനുള്ളില്‍ ഒരു സര്‍വേ നടത്തുന്ന രീതിയില്‍ നെഗറ്റീവ് ടെസ്റ്റിംഗ് വിവരങ്ങള്‍ ശേഖരിക്കും. ഇത് വഴി ആപ്പിന്റെ വേഗത, ലോഡിംഗ് വേഗത എന്നിവ കമ്പനിയ്ക്ക് പരിശോധിക്കാനാകും.ആഗോള തലത്തിലെ ഭൂരിഭാഗം ഉപയോക്താക്കളുടെയും ഫോണില്‍ ഇതിനോടകം പ്രവര്‍ത്തിച്ച് വരുന്ന ആപ്‌ളിക്കേഷനാണ് ഫേസ്ബുക്കും അനുബന്ധ ആപ്പായ മെസഞ്ചറും. അതിനാല്‍ ഫോണ്‍ ഉടമയുടെ അനുവാദമില്ലാതെ തന്നെ മേല്‍പ്പറഞ്ഞ ആപ്പുകള്‍ ചാര്‍ജ് അധികമായി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു എന്ന ആരോപണം പരക്കേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് സൈബര്‍ ലോകത്തിന്റെ അഭിപ്രായം.
 

Latest News