റിയാദ്- മുസ്‌ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകുമെന്ന പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സി.പി.എം നിലപാട് വ്യക്തമല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. സി.പി.എം മുസ്‌ലിം ലീഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നുണ്ട്. രാവിലെ മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയെന്ന് പറയും. വൈകുന്നേരം അത് മാറ്റിപ്പറയും. അതിനാൽ ഇക്കാര്യത്തിൽ സി.പി.എം തന്നെ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് റിയാദിൽ വാർത്താസമ്മേളനത്തിൽ ഷാഫി ചാലിയം പറഞ്ഞു.
കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി നടത്തിയ പ്രസ്താവന ആന്റണിയുടെ ആദർശ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ടതില്ല. അക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ജെൻഡർ ന്യൂട്രൽ, ഡ്രസ്‌കോഡ് വിഷയങ്ങളിൽ മുസ്‌ലിം ലീഗ് വിശദമായി പഠിച്ച് തന്നെയാണ് അഭിപ്രായം പറഞ്ഞത്. മറ്റു പാർട്ടികളൊന്നും ഇക്കാര്യത്തിൽ വ്യക്തമായി പഠിക്കാൻ തയാറായില്ല. ചില രാഷ്ട്രീയ നിരീക്ഷകരും മറ്റുമാണ് ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞത്. അവസാനം സർക്കാരിന് ലീഗിന്റെ അഭിപ്രായത്തിനനുസരിച്ച് ഭേദഗതി ചെയ്യേണ്ടിവന്നു.
ബജറ്റിൽ പ്രവാസികളെ പറഞ്ഞു പറ്റിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നേരത്തെ പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കിയില്ല. പ്രവാസികളെ ഭ്രാന്തൻ നായയെ പോലെ ഓടിക്കുന്ന സമീപനമായിരുന്നു ഇടത് സർക്കാർ സ്വീകരിച്ചത്. അവരെ സംശയ നിലയിലാക്കി. ഇതൊന്നും ആരും മറക്കില്ല. അധികാരത്തിന്റെ മധുരം നൽകി വിവിധ പാർട്ടികളിൽനിന്ന് ആളുകളെ കൊണ്ടുപോകുകയാണ് സി.പി.എം. കേരള ഹൗസിലെ റൂം പോരെന്ന് പറഞ്ഞ തോമസ് മാഷിന് വേണ്ടി ദൽഹിയിൽ എട്ട് കോടിയുടെ വീട് തെരയുകയാണ് സർക്കാർ. എന്നാൽ ഇവിടെ പെൻഷൻ കൊടുക്കാനും ക്ഷേമപദ്ധതികൾ നടപ്പാക്കാനും പണമില്ല -ഷാഫി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഭാരവാഹികളായ അബ്ദുറഹ്മാൻ ഫറോക്ക്, എ.യു. സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.






