റിയാദ്- സൗദി അറേബ്യയിലെ വിവിധ പദ്ധതികളിൽ ജോലി ചെയ്യുന്ന എൻജിനീയറിംഗ് മേഖലയിലുള്ളവരിൽ ഇന്ത്യക്കാർ 21.17 ശതമാനമാണെന്ന് സൗദി എൻജിനീയേഴ്‌സ് കൗൺസിൽ വ്യക്തമാക്കി. എൻജിനീയർമാർ, ടെക്‌നിഷ്യന്മാർ, സ്‌പെഷ്യലിസ്റ്റുകൾ അടക്കം കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 4,29,055 ആണ്. ഇവരിൽ 36.42 ശതമാനം സൗദികളും 21.63 ശതമാനം ഈജിപ്ഷ്യന്മാരുമാണ്. മൂന്നാം സ്ഥാനമാണ് ഇന്ത്യക്കാർക്ക്. പാക്കിസ്ഥാൻ പൗരന്മാർ 13.33 ശതമാനവും ഫിലിപ്പിനോകൾ 7.46 ശതമാനവുമാണ്.
തൊഴിൽ മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി വിവിധ എൻജിനീയറിംഗ് സ്ഥാപനങ്ങളിൽ കൗൺസിലിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കും എൻജിനീയറിംഗ് വിദ്യാർഥികൾക്കും കൗൺസിലിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും കൗൺസിൽ അറിയിച്ചു.






