അൽഹസ മേളയിൽ വീണ്ടും ഈത്തപ്പഴ വിഭവം; ഇക്കുറി ഒരുക്കിയത് 280 കിലോ ലേഹ്യം

ഈത്തപ്പഴ ലേഹ്യം തയാറാക്കുന്ന ഷെഫുമാർ

റിയാദ്- ലോകത്തെ ഭീമൻ ഈത്തപ്പഴ ഷവർമ തയാറാക്കിയതിന് പിന്നാലെ 280 കിലോ ഈത്തപ്പഴ ലേഹ്യം ഒറ്റച്ചെമ്പിൽ തയാറാക്കി അൽഹസ ഈത്തപ്പഴ മേള വീണ്ടും ശ്രദ്ധയാകർഷിക്കുന്നു. ഈത്തപ്പഴ കുഴമ്പും നെയ്യും വെള്ളവും വിവിധ ചേരുവകളും ചേർത്ത് തയാറാക്കിയ ലേഹ്യം മേളയിലെ അടുക്കളയിലെത്തുന്ന സന്ദർശകർക്ക് കൊതിയൂറും സുഗന്ധമാണ് സമ്മാനിക്കുന്നത്.
അൽഹസ കോട്ടയിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 18 നാണ് ഈത്തപ്പഴ മേള കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ ഉദ്ഘാടനം ചെയ്തത്. ഈ മാസം 18 വരെ നീണ്ടുനിൽക്കും.
സൗദി ഷെഫ് ഫായിസ് അൽഅബ്ബാദിന്റെ നേതൃത്വത്തിൽ ഏതാനും പാചകക്കാരാണ് ലേഹ്യം തയാറാക്കിയത്. 75 കിലോ ഗോതമ്പ് പൊടി, 70 കിലോ ശർക്കരപ്പാനി, 120 ലിറ്റർ വെള്ളം, ഒരു കിലോ കുരമുളക് പൊടി, 15 കിലോ വെണ്ണ എന്നിവയാണിതിന്റെ ചേരുവകളെന്ന് ചീഫ് ഷെഫ് ഫായിസ് അൽഅബ്ബാദ് പറഞ്ഞു. ഷെഫുമാരായ യുസുഫ് അൽഹരീരി, ഈസ അൽഹായിക്, ഫഹദ് അൽശുഐബി, മുഹമ്മദ് അൽ റുമൈഹ് എന്നിവർ സഹായികളാണ്.
ഒരു പാത്രത്തിൽ ഈത്തപ്പഴം വേവിക്കുക. മറ്റൊരു പാത്രത്തിൽ ഗോതമ്പ് പൊടി വറുത്ത ശേഷം തിളച്ച വെള്ളമൊഴിക്കും. പിന്നീട് വെണ്ണ ഒഴിക്കണം. അത് ഉരുകി ലയിക്കുമ്പോൾ നന്നായി ഇളക്കുക. തണുത്ത ശേഷം ഈത്തപ്പഴ കുഴമ്പ് ചേർത്ത് നന്നായി ഇളക്കുക. ഇളംചൂടിൽ വേവിച്ചെടുത്താൽ ഈത്തപ്പഴ ലേഹ്യമായി- ഷെഫ് ഫായിസ് അൽഅബ്ബാദ് വിശദീകരിക്കുന്നു.
അസാവിയൻ ഈത്തപ്പഴ ലേഹ്യം ശൈത്യകാലത്ത് ചൂട് കായുന്ന സമയങ്ങളിൽ അൽഹസക്കാരുടെ പ്രധാന ഭക്ഷ്യവിഭവമാണ്. ഏലവും കുങ്കുമപ്പൂവും ചേർക്കുന്നതോടെ ഇതിന്റെ രുചി പതിന്മടങ്ങ് വർധിക്കും. പെട്ടെന്ന് ദഹിക്കുന്നതും ഊർജദായകവുമാണ് ഈത്തപ്പഴ ലേഹ്യം.

Tags

Latest News