റിയാദ് - സന്ദർശകർ ധാരാളമായി എത്തിച്ചേരുന്ന സാംസ്കാരിക നഗരങ്ങളിലും ടൂറിസം ഏരിയകളിലും ഹെറിറ്റേജ് വില്ലേജുകളിലും പരമ്പരാഗത ഭക്ഷണ പദാർഥങ്ങൾ തയാറാക്കി വിൽപന നടത്തുന്നവർക്ക് അനുമതി പത്രം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. റിയാദിലെ കിംഗ് ഫഹദ് ലൈബ്രറിയോടു ചേർന്ന ഗാർഡനിൽ ഇത്തരത്തിൽ ഇരുപതോളം സ്റ്റാളുകൾക്ക് പ്രാരംഭ ഘട്ടമെന്നോണം അനുമതി നൽകിയതായി വകുപ്പ് അറിയിച്ചു. സൗദിയിലെ വിവിധ നഗരങ്ങളിലും പ്രവിശ്യകളിലുമുള്ള പരമ്പരാഗത ഭക്ഷണ വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.






