മുസ്‍ലിം എന്നത് ഹിന്ദു പദത്തിന്റെ വിപരീതമല്ല -തൊടിയൂർ മൗലവി

ജിദ്ദ കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷൻ നൽകിയ സ്വീകരണത്തിൽ മുൻ ഹജ് കമ്മിറ്റി ചെയർമാനും ദക്ഷിണ കേരള ജന. സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സംസാരിക്കുന്നു.

ജിദ്ദ- മുസ്‍ലിം എന്നത് ഹിന്ദു എന്നതിന്റെ വിപരീത പദമല്ലെന്നും, അങ്ങനെ വരുത്തിത്തീർക്കുന്നവർക്ക് കടിഞ്ഞാണിടുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നും മുൻ ഹജ് കമ്മിറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. ദക്ഷിണയുടെ നേതാക്കൾക്ക് കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.
മനുഷ്യർ തമ്മിലുള്ള അകൽച്ചകൾ ഇല്ലാതാക്കാനാണ് സാംസ്‌കാരിക നായകർ ശ്രമിക്കേണ്ടത്. വൈവിധ്യങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെ ഒത്തുചേരലാണ് ശരിയായ ഭാരതീയ സംസ്‌കാരം. അത് ഭരണഘടന പൗരനു വകവെച്ചു നൽകിയ അവകാശവുമാണ്. 
മത അധ്യാപനങ്ങളിലും ദർശനങ്ങളിലും വിയോജിപ്പും വിമർശനങ്ങളും ഒക്കെ ഉണ്ടെങ്കിലും പൊതുവായി എല്ലാ മതങ്ങളും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നതും പാരസ്പര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം വിശ്വാസികൾക്കു നൽകുന്നതുമാണ് -തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
അധികാരവും ആയുധവും അനുകൂല സാഹചര്യങ്ങളും സർവവിധ സന്നാഹങ്ങളും ഉള്ളതോടൊപ്പം എണ്ണൂറു വർഷം മുസ് ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചിട്ടും സഹോദര സമുദായത്തിൽ നിന്ന് ഒരാളെ പോലും അവർ നിർബന്ധിത മതപരിവർത്തനം നടത്താതിരുന്നത് പരിശുദ്ധ ഇസ് ലാം അവർക്കു നൽകിയ ദിശാബോധം കൊണ്ടു മാത്രമാണ്. അതേ പ്രത്യയശാസ്ത്രത്തിന്റെയും അധ്യാപനങ്ങളുടേയും വാഹകരും പ്രചാരകരും, ഈ രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുമായ മുസ്‍ലിം എന്നതിനെയാണ് ഹിന്ദു എന്നതിന്റെ വിപരീത പദമായി ചിലർ പ്രദർശിപ്പിക്കുന്നതും, നുണക്കഥകൾ മെനഞ്ഞ് തെളിവായി സ്ഥാപിക്കാൻ തുനിയുന്നതും എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. 
മസ്ഊദ് മൗലവി ബാലരാമപുരം, സിദ്ദീഖ് മദനി എന്നിവർ തൊടിയൂർ മുഹമ്മദു കുഞ്ഞ് മൗലവിയെ ഷാളണിയിച്ച് ആദരിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തോന്നയ്ക്കൽ കെ.എച്ച് മുഹമ്മദ് മൗലവിയെ കെ.എം.ജെ.എഫ് ജിദ്ദ പ്രസിഡന്റ് ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ, മുൻ ജനറൽ സെക്രട്ടറി ദലിപ് ഉസ്മാൻ താമരക്കുളം എന്നിവർ ചേർന്ന് ഷാളണിയിച്ചു. 
ദക്ഷിണ കേരള വിദ്യഭ്യാസ ബോർഡ് ചെയർമാൻ മുട്ടക്കാവ് എ.കെ ഉമർ മൗലവിയെ അബ്ദുൽ ലത്തീഫ് മൗലവി കറ്റാനം, ജമാലുദ്ദീൻ അഷ്‌റഫി എന്നിവർ ചേർന്നും ഷാളണിയിച്ച്  ആദരിച്ചു.
ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറയുടെ അധ്യക്ഷതയിൽ ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ കൂടിയ യോഗം സമസ്ത ഇസ്‍ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദ്രൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഹജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ്, അജ് വ ജിദ്ദ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ജമാലുദ്ദീൻ മൗലവി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
യോഗത്തിൽ സംബന്ധിച്ചവർക്ക് കെ.എം.ജെ.എഫ് ജിദ്ദ ജനറൽ സെക്രട്ടറി വിജാസ് ഫൈസി ചിതറ സ്വാഗതവും, ട്രഷറർ സെയ്ദ് മുഹമ്മദ് അൽ കാശിഫി നന്ദിയും പറഞ്ഞു.

Tags

Latest News