റിയാദ്- സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,288 നിയമ ലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 26 മുതൽ ഫെബ്രുവരി ഒന്നു വരെയുള്ള ദിവസങ്ങളിൽ 9,343 ഇഖാമ നിയമ ലംഘകരും 4,107 നുഴഞ്ഞു കയറ്റക്കാരും 2,838 തൊഴിൽ നിയമ ലംഘകരുമാണ് പിടിയിലായത്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 488 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 17 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 19 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിലവിൽ 2,115 വനിതകളും 22,131 പുരുഷന്മാരും അടക്കം 24,246 പേർ നടപടികൾ പൂർത്തിയാക്കുന്നതും കാത്ത് വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്നുണ്ട്.
സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 16,624 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാനും 1,754 പേർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരുന്നു. ഒരാഴ്ചയ്ക്കിടെ 11,552 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






