അബഹ- സ്കൂളിലെ പരീക്ഷക്ക് പോയി കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. മൂന്നു മാസം മുമ്പ് ഖമീസ് മുശൈത്തിൽ നിന്ന് കാണാതായ ലീന മുഹമ്മദിനെയാണ് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അജ്ഞാത നമ്പറിൽ നിന്ന് ഏഴു കോളുകൾ തനിക്ക് ലഭിച്ചു. തിരിച്ചുവിളിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥരുടെയായിരുന്നു. മകളെ കണ്ടെത്തിയിട്ടുണ്ടെന്ന സന്തോഷവാർത്തയാണ് അവർ നൽകിയത്. സുരക്ഷ ഉദ്യോഗസ്ഥർ അവളെ അബഹയിലേക്ക് എത്തിച്ചു. ശേഷം മെഡിക്കൽ പരിശോധന നടത്തി. മകൾ സുരക്ഷിതയാണെന്നും പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും മാതാവ് അറിയിച്ചു.
കുട്ടിക്ക് മാനസി വിഭ്രാന്തിയുണ്ടെന്നും പരീക്ഷക്ക് പോയ അന്നത്തെ വസ്ത്രം തന്നെയാണ് ഇപ്പോഴും ധരിച്ചിരിക്കുന്നതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയെ അബഹയിലെ മാനസിരാഗ്യകേന്ദ്രത്തിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. മകളെ കണ്ടെത്താൻ സഹായിച്ച അസീർ ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരനടക്കമുള്ള എല്ലാവർക്കും കുട്ടിയുടെ മാതാവ് നന്ദി പറഞ്ഞു.
മൂന്നു മാസം മുമ്പ് പരീക്ഷക്ക് സ്കൂളിൽ പോയതായിരുന്നു കുട്ടി. വിദ്യാർഥിനികളെല്ലാം സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും ലീന മാത്രം തിരിച്ചെത്തിയില്ല. പിന്നീട് അവൾക്കായി കുടുംബം വിവിധയിടങ്ങളിൽ അന്വേഷണം നടത്തിവരികയായിരുന്നു. പ്രായത്തിനൊത്ത് അവൾക്ക് ബുദ്ധിയില്ലെന്നതാണ് കാരണമെന്നും വിഷാദം അനുഭവിച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു.






