പഞ്ചായത്തില്‍ വോട്ട് പിടിക്കാന്‍ വിരാട് കോലി; പൂനെക്കാര്‍ ഞെട്ടി  

പൂനെ- പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവന്ന വിരാട് കോലിയെ കണ്ട് ആളുകള്‍ ഞെട്ടി. പൂനെയിലെ ഷിരൂര്‍ ബാബുറാവു നഗര്‍ ഗ്രാമപഞ്ചായത്ത് ഇലക്്ഷന്‍ റാലിയിലാണ് വിരാട് കോലി പങ്കെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഒറിജിനല്‍ വിരാട് കോലിയല്ലെന്നു മാത്രം.

തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പങ്കെടുക്കുമെന്ന് വ്യാപകമായി പോസ്റ്റര്‍ പതിച്ച സ്ഥാനാര്‍ഥി വിട്ടല്‍ ഗണ്‍പതാണ് ഒടുവില്‍ ജനങ്ങള്‍ക്കുമുമ്പില്‍ കോലിയുടെ ഡ്യൂപ്പിനെ ഹാജരാക്കിയത്.

വാഗ്ദാനങ്ങള്‍ പാലിക്കാത്തവരാണ് രാഷ്ട്രീയക്കാരെന്ന് ബോധ്യമുള്ളത് കൊണ്ടാകാം ആളുകള്‍ സ്ഥാനാര്‍ഥിയെ കൈകാര്യം ചെയ്യാതെ തല്‍ക്കാലം ഡ്യൂപ്പിനോടൊപ്പം സെല്‍ഫിയെടുത്ത് തൃപ്തിയടഞ്ഞു.

മുഖ്യ ആകര്‍ഷണം വിരാട് കോലിയെന്നു ചേര്‍ത്ത് രാമലിംഗ ഡെവലപ്‌മെന്റ് പാനല്‍ പുറത്തിറക്കിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. 

പാര്‍ട്ടിക്ക് ക്രിക്കറ്റ് ബാറ്റ് തെരഞ്ഞെടുപ്പ് ചിഹ്്‌നമായി ലഭിച്ചതിനുശേഷമാണത്രെ കോലിയെ അവതിരിപ്പിക്കാനുള്ള ആശയം ഉടലെടുത്തത്. 

Latest News