Sorry, you need to enable JavaScript to visit this website.

അര്‍ബുദരോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

ന്യൂദല്‍ഹി- ജീവനക്കാരുടെ സഹായം തേടിയ അര്‍ബുദരോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരി പരാതി നല്‍കിയതോടെയാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍നിന്ന് അവരെ ഇറക്കിവിട്ട സംഭവം പുറത്തറിയുന്നത്. ജനുവരി 30നാണ് സംഭവം. അടുത്തിടെ ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്ന് ഭാരം ഉയര്‍ത്താന്‍ പ്രയാസമുള്ളതിനാല്‍ സീറ്റിന് മുകള്‍വശത്തെ ക്യാബിനില്‍ തന്റെ ഹാന്‍ഡ്ബാഗ് വെക്കാന്‍ വിമാന ജീവനക്കാരിയുടെ സഹായം തേടിയതായും എന്നാല്‍ സഹായിക്കാന്‍ അവര്‍ തയാറായില്ലെന്നും പരുഷമായി പെരുമാറിയതായും മീനാക്ഷി സെന്‍ഗുപ്ത പരാതിയില്‍ പറയുന്നു.

നടക്കാന്‍ പ്രയാസമുള്ളതിനാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതായും എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ ആവശ്യം നിരസിച്ചതായും ദല്‍ഹി പോലീസിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും നല്‍കിയ പരാതിയില്‍ മീനാക്ഷി കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നല്‍കിയതായും വിമാനത്തില്‍ കയറാന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു. എയര്‍ഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ചിരുന്നു. വിമാനം യാത്ര തിരിക്കാനായപ്പോള്‍ സമീപത്തെത്തിയ എയര്‍ഹോസ്റ്റസിനോട് ഹാന്‍ഡ് ബാഗിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ അത് തന്റെ ജോലിയല്ലെന്ന് പറഞ്ഞു. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവരും അവഗണിച്ചതായും സഹായത്തിനായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അസൗകര്യമുണ്ടെങ്കില്‍ വിമാനത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും മീനാക്ഷി ആരോപിച്ചു. നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മീനാക്ഷിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു.

 

Latest News