Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ

തിരുവനന്തപുരം- ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ.
കോൺഗ്രസിന്റെ സംഘടനാ സംവിധാനം തീർത്തും ദുർബലമായ സംസ്ഥാനത്തേക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ നിയമനം. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ആന്ധ്രാപ്രദേശിൽ പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് തിരികെ കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് ഉമ്മൻ ചാണ്ടിക്ക് മുന്നിലുള്ളത്. 
2019 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുകയെന്ന ഭാരിച്ച ചുമതലയും ഉമ്മൻ ചാണ്ടിയുടെ തോളിലെത്തുകയാണ്. ഇതുവരെ ആന്ധ്രയുടെ ചുമതല ദിഗ്‌വിജയ് സിംഗിനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സമീപകാല പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനും മതിപ്പ് പോരാ. അതാണ് ഉമ്മൻ ചാണ്ടിയെ നിയോഗിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ചത്, ഒപ്പം മുന്നണി സംവിധാനത്തെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനുള്ള ഉമ്മൻ ചാണ്ടിയുടെ മിടുക്കും.
കേന്ദ്രത്തിൽ കോൺഗ്രസിനെ തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ എത്താൻ സഹായിക്കുന്നതിൽ നിർണായകമായത് അവിഭക്ത ആന്ധ്രാപ്രദേശിലെ സംഘടനയുടെ കരുത്തായിരുന്നു. കോൺഗ്രസിന് അന്ന് നിർണായക ശക്തി പകർന്നത് വൈ. എസ് രാജശേഖര റെഡ്ഡിയെന്ന തലയെടുപ്പുള്ള നേതാവിന്റെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തോടെ കോൺഗ്രസിന്റെ അടിത്തറയും തകർന്നു. ഇപ്പോൾ തെലുങ്കാനയിൽ കരുത്തുള്ള പാർട്ടിയായി കോൺഗ്രസ് നിലനിൽക്കുമ്പോൾ തന്നെ ആന്ധ്രാപ്രദേശിൽ സ്ഥിതി അതീവ ദുർബലമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് കോൺഗ്രസ് ഇവിടെ ഏറ്റുവാങ്ങിയത്. ഇങ്ങനെ കോൺഗ്രസ് എല്ലാ അർത്ഥത്തിലും കനത്തെ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയു ള്ള ജനറൽ സെക്രട്ടറി ആയാണ് ഉമ്മൻ ചാണ്ടി എന്ന മുൻ കേരളാ മുഖ്യമന്ത്രിയെ രാഹുൽ ഗാന്ധി നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് മുമ്പിലുള്ളത് വലിയൊരു ദൗത്യവും. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കണമെങ്കിൽ ആന്ധ്രയിൽ മുന്നേറ്റമുണ്ടാകണം. വൈ.എസ്.ആറിന്റെ മകൻ ജഗ്‌മോഹൻ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാൻ വിസമ്മതിച്ചതോടെയാണ് ഇവിടെ കോൺഗ്രസിന് തിരിച്ചടിയായി മാറിയത്. ഇപ്പോൾ വൈ.എസ്.ആർ കോൺഗ്രസ് ആന്ധ്രയിൽ അതിശക്തമാണ്. അവിടുത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ റോളിൽ ജഗന്റെ പാർട്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയെ കോൺഗ്രസുമായി അടുപ്പിക്കുകയോ അല്ലെങ്കിൽ സഖ്യമുണ്ടാക്കുകയോ ചെയ്യുകയെന്ന ദൗത്യമാകും ഇനി ഉമ്മൻ ചാണ്ടിക്ക് മേലുണ്ടാകുക. ജഗൻ മുഖം തിരിഞ്ഞു നിൽക്കുന്ന സമയം ടി.ഡി.പിയുമായുള്ള സഖ്യസാധ്യതകൾ തുറക്കുകയെന്നതും ഉമ്മൻ ചാണ്ടിയുടെ മുന്നിലുള്ള വെല്ലുവിളിയാണ്. മുന്നണി രാഷ്ട്രീയത്തിൽ നന്നായി പയറ്റിത്തെളിഞ്ഞ വ്യക്തിത്വമായതിനാൽ തന്നെയാണ് രാഹുൽ ആന്ധ്രയുടെ ചുമതല ഉമ്മൻ ചാണ്ടിയെ ഏൽപിച്ചത്. ഇത് ചെറിയൊരു ദൗത്യവുമല്ല. നിലവിൽ ആന്റണി തന്നെയാണ് ഹൈക്കമാൻഡിലെ സർവ്വ പ്രതാപി. ഈ സ്ഥാനത്തേക്ക് അധികം വൈകാതെ ഉമ്മൻ ചാണ്ടിയും എത്തുമെന്നത് ഉറപ്പാണ്. കേരള രാഷ്ട്രീയത്തിലെ അവസാന വാക്കെന്ന സ്ഥാനമാണ് ആന്റണിക്കുള്ളത്. ഇനി കേരളവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഉമ്മൻ ചാണ്ടിയോടും കാര്യങ്ങൾ തിരക്കുമെന്നത് ഉറപ്പാണ്.
രണ്ട് തവണ മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായിട്ടുള്ള ഉമ്മൻ ചാണ്ടി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് സംസ്ഥാനത്ത് ചുമതലകൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. തുടർന്ന്, രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തിയത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ അദ്ദേഹത്തിന് സാധ്യതയുണ്ടായിരുന്നെങ്കിലും പദവികൾ ഒന്നും ഏറ്റെടുക്കുന്നില്ലെന്ന നിലപാടിലായിരു ന്നു അദ്ദേഹം. ഇതോടെയാണ് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ഉമ്മൻ ചാണ്ടിയുടെ പാടവം പ്രയോജനപ്പെടുത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചതെന്നാണ് സൂചന. 
2004, 2006, 2011-16 വർഷങ്ങളിലാണ് ഉമ്മൻ ചാണ്ടി കേരളാ മുഖ്യമന്ത്രിയായിരുന്നത്. തൊഴി ൽ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം യൂണിറ്റ് പ്ര സിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യു.ഡി.എഫ്. കൺവീനർ എന്നീ പദവി കളും വഹിച്ചിട്ടുണ്ട്. 
 

Latest News