ലിബറലിസത്തിന്റെ ലിംഗസമത്വം നാശം, മാനവവിരുദ്ധം -എം.എം അക്ബർ

ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ലിബറലിസം സെമിനാറിൽ എം.എം അക്ബർ എന്നിവർ സംസാരിക്കുന്നു.

ജിദ്ദ- 'നാശമാണ് ലിബറലിസം, പ്രതിരോധിക്കുക' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ സൗദി മതകാര്യ വകുപ്പുമായി സഹകരിച്ച് മതാർ ഖദീമിലെ ശബാബിയ ഓഡിറ്റോറിയത്തിൽ സംശയ നിവാരണത്തോടു കൂടിയ പൊതു പരിപാടി സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും ഇസ് ലാമിക പ്രബോധകനുമായ എം.എം അക്ബറും പണ്ഡിതൻ അലി ശാക്കിർ മുണ്ടേരിയും വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.


ആധുനികതയുടെ പ്രത്യയ ശാസ്ത്രമായി കൊട്ടിഘോഷിക്കുന്ന ലിബറലിസം മുന്നോട്ട് വെക്കുന്ന മൂല്യങ്ങളാണ് സമത്വവും സ്വതന്ത്ര്യവും. അവിടെ സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സ്ത്രീയുടെ മാത്രം സവിശേഷതയായ അമ്മയാവുക, മുലയൂട്ടുക എന്നീ സാമൂഹ്യ കർത്തവ്യങ്ങൾ പുരുഷന് ഒരിക്കലും ചെയ്യാൻ സാധിക്കാത്തതിനാൽ ലിബറലിസം മുന്നോട്ട് വെക്കുന്ന സ്തീ-പുരുഷ സമത്വത്തിന് സ്ത്രീയുടെ ജൈവ ശാസ്ത്രപരമായ ധർമ്മത്തോട് നീതി പുലർത്താൻ കഴിയില്ല എന്നത് കൊണ്ട് തന്നെ ലിബറലിസം പ്രകൃതിവിരുദ്ധമായ, ഒരിക്കലും നടക്കാത്ത ഒരു ഉട്ടോപ്യൻ ആശയമാണെന്ന് 'കുടുംബം തകരാതിരിക്കാൻ' എന്ന വിഷയം കൈകാര്യം ചെയ്തു കൊണ്ട് എം.എം.അക്ബർ അഭിപ്രായപ്പെട്ടു.
പുരുഷനും സ്ത്രീയും പാരസ്പര്യത്തിലുള്ള സമത്വം വിഭാവനം ചെയ്യുന്ന ഘടനയാണ് കുടുംബം എന്നത്. അവിടെ ഒരാളുടെ സ്വതന്ത്ര്യം മറ്റൊരാൾക്ക് വേണ്ടി വിട്ടു കൊടുക്കേണ്ടതുണ്ട്. സന്താന പരിപാലനം, പ്രായമായവരുടെ സംരക്ഷണം എന്നിവയിൽ ത്യാഗങ്ങൾ സഹിക്കേണ്ടതുണ്ട്. എന്നാൽ ലിബറലിസം മുന്നോട്ട് വക്കുന്ന ജെൻഡർ നൂട്രൽ ആശയങ്ങൾ സ്ത്രീയുടേയും പുരുഷന്റേയും സവിശേഷതകൾ തീരെ പരിഗണിക്കാതെയുള്ള ഒരു സമൂഹ നിർമിതിയാണ് ലക്ഷ്യം വക്കുന്നത്. അത്തരത്തിലുള്ള സാമൂഹ്യാന്തരീക്ഷം ധാർമ്മികതക്ക് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ഇന്നത്തെ കുടുംബത്തിനകത്ത് നിലനിൽക്കുന്ന സ്‌നേഹത്തേയും അനുകമ്പയേയും നശിപ്പിക്കുകയും കുട്ടികളുടെ മനോവളർച്ചയിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യും. അധാർമികതയിലധിഷ്തമായ ഒരു തലമുറയുടെ സൃഷ്ടിപ്പിന് അത് വഴി യൊരുക്കുമെന്നും എം.എം അക്ബർ സമർഥിച്ചു. അപര ലിംഗത്വമുള്ളവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതിന് വേണ്ട പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം അവയവങ്ങർ ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം അഥവാ ജെൻഡർ ഒരോരുത്തരുടേയും തോന്നലുകളാണ് തീരുമാനിക്കുന്നതെന്ന ആശയങ്ങൾ എൽ.ജി.ബി.ടി.ക്യു പൊളിറ്റിക്‌സിന്റെ പേരിൽ ഒളിച്ചു കടത്താൽ ശ്രമിക്കുമ്പോൾ പവിത്രമായ ലൈംഗികതയെ കുടുംബത്തിനകത്ത് നിന്ന് പുറത്തു കടത്താനാണ് ലിബറലിസത്തിന്റെ വക്താക്കൾ ശ്രമിക്കുന്നത്. അതുവഴി കുടുംബം എന്ന സംവിധാനത്തെ തകർക്കുകയും സർവസ്വതന്ത്രരായി വാഴുന്ന ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്താൽ സമൂഹം അരാജകത്വത്തിലേക്കായിരിക്കും കൂപ്പു കത്തുക.
ആരുമായും യഥേഷ്ടം ലൈംഗികത ആസ്വദിക്കാൻ കഴിയുന്ന ക്വിയർ തിയറി അശാസ്ത്രീയമായ അടിത്തറയിൽ പടുത്തുയർത്തിയതാണെന്നും ഇതിൽ നിന്നെല്ലാം വരും തലമുറയെ രക്ഷപ്പെടുത്താൻ ദൈവിക നിയമങ്ങൾക്കേ സാധിക്കുകയുള്ളൂ എന്നും മതബോധം മാത്രമാണ് പരിഹാരമെന്നും എം.എം.അക്ബർ വ്യക്തമാക്കി.
തുടർന്ന് 'മക്കൾ നശിക്കാതിരിക്കാൻ' എന്ന വിഷയമവതരിപ്പിച്ച പണ്ഡിതൻ അലി ഷാക്കിർ മുണ്ടേരി വർത്തമാന കാലത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ രക്ഷിതാക്കൾ തയാറായെങ്കിൽ മാത്രമേ പുതുതലമുറയിലെ മക്കളെ ധാർമിക മൂല്യമുള്ള മനുഷ്യരായി  വളർത്തി കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു.
ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ അംഗമായ അഷ്‌റഫ് ഏലംകുളത്തിന്റെ മകളും ജിദ്ദ ഇബ്‌നു തൈമിയ മദ്രസ പൂർവ വിദ്യാർഥിനിയുമായ റന ഫാത്തിമ വരച്ച ഖുർആൻ കാലിഗ്രഫി വേദിയിൽ എം.എം.അക്ബറിന് സമ്മാനിച്ചു. ജിദ്ദ മതകാര്യ വകുപ്പിന്റെ പ്രതിനിധിയായ അലി ഹിബ അബൂ യാസിർ പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ അഭ്യുദയകാംക്ഷി ശൈഖ് അബ്ദുറഹിമാൻ യൂസുഫ് ഫളൽ  പരിപാടിയിൽ പങ്കെടുത്തു. ഇസ് ലാഹി സെന്റർ പ്രസിഡന്റ്  അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശിഹാബ് സലഫി എടക്കര സ്വാഗതവും ശാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.

Tags

Latest News