ജിദ്ദ- കെ.എം.സി.സി ജിദ്ദ ബാബ് ശരീഫ് ഏരിയ സമ്മേളനം സമാപിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. ബലദ് ഹോളിഡെയ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂർ മുഹമ്മദ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്ററി പ്രദർശനം തടയുകയും അവർക്കെതിരെ കേസെടുക്കുകയും ഡോക്യുമെന്ററിയെ പോലും ഭയപ്പെടുകയും ചെയ്യുന്നവരാണ് ഇന്ത്യാ രാജ്യം ഭരിക്കുന്നതെന്ന് അബൂബക്കർ അരിമ്പ്ര പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുളള നേതാക്കളെ ജയിലിലടച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയെന്ന മോഡി സർക്കാരിന്റെ അതേ സമീപനമാണ് പിണറായി സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബാബ് ശരീഫ് ഏരിയ കെ.എം.സി.സി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു അദ്ദേഹം. പി.സി.എ റഹ്മാൻ (ഇണ്ണി), റസാഖ് അണക്കായി, മജീദ് പുകയൂർ, കോയമോൻ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. ബഷീർ പൂക്കുത്ത് സ്വാഗതവും നാസർ ഇരുമ്പുഴി നന്ദിയും പറഞ്ഞു. മുഹമ്മദ് തഹ്‌സീൻ വാഫി ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.






