അബഹ- അസീർ പ്രവിശ്യയിൽപെട്ട ബീശയിലെ അൽബശാഇർ എലിമെന്ററി സ്കൂളിലെ സഹപാഠികളും അധ്യാപകരും ചേർന്ന് പാക്കിസ്ഥാനി വിദ്യാർഥിക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് സ്വദേശത്തേക്ക് ഫൈനൽ എക്സിറ്റിൽ മടങ്ങുന്ന വിദ്യാർഥിക്ക് അധ്യാപകരും വിദ്യാർഥികളും ചേർന്ന് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് യാത്രയയപ്പ് നൽകിയത്. വിദ്യാർഥിയുടെ പേരും യാത്രയയപ്പ് സന്ദേശവും രേഖപ്പെടുത്തിയ വലിയ കേക്ക് മുറിച്ചും പലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തുമാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
ഊദ് പുകച്ചും സ്കൂളിലെ വിദ്യാർഥികൾ ഇരുവശവും നിലയുറപ്പിച്ച് മുഴക്കിയ ഹർഷാരവത്തിന്റെയും അകമ്പടിയോടെയാണ് പാക് വിദ്യാർഥിയെ യാത്രയയപ്പ് വേദിയിലേക്ക് അധ്യാപകർ ആനയിച്ചത്. ചടങ്ങിൽ വിദ്യാർഥിക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും അധ്യാപകർ പ്രശംസാപത്രം കൈമാറുകയും ചെയ്തു. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചവർക്കും സൗദി അറേബ്യക്കും പാക് വിദ്യാർഥി നന്ദി പറഞ്ഞു. പാക്കിസ്ഥാനി വിദ്യാർഥിക്ക് നൽകിയ യാത്രയപ്പിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ അൽബശാഇർ എലിമെന്ററി സ്കൂൾ പുറത്തുവിട്ടു.






