ഖുറയ്യാത്ത് ദുരന്തം: മയ്യിത്തുകൾ ഖബറടക്കി

പ്രതീകാത്മക ചിത്രം

സകാക്ക- അൽജൗഫ് പ്രവിശ്യയിൽ പെട്ട ഖുറയ്യാത്തിൽ വീടിന് തീപ്പിടിച്ച് മരണപ്പെട്ട സൗദി പൗരന്റെയും ആറു മക്കളുടെയും മയ്യിത്തുകൾ ബന്ധുക്കളും നാട്ടുകാരും അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഭവ ദിവസം രാത്രിയിൽ ഇളയ സഹോദരന്റെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് പുലർച്ചെ ഒരു മണിയോടെയാണ് തങ്ങൾ വീട്ടിൽ തിരിച്ചെത്തിയതെന്ന് മരണപ്പെട്ട സൗദി പൗരൻ ആഫത് അബ്ദുല്ല അൽശറാരിയുടെ സഹോദരൻ ഹായിൽ അബ്ദുല്ല അൽശറാരി പറഞ്ഞു. പുലർച്ചെ അഞ്ചു മണിക്ക് അയൽവാസികളാണ് വീട്ടിൽ കോളിംഗ് ബെൽ അടിച്ച് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ തീ പടർന്നുപിടിച്ചതായും സിവിൽ ഡിഫൻസ് വാഹനങ്ങൾ സ്ഥലത്തെത്തിയതായും അറിയിച്ചത്. സഹോദരന്റെ വീടിനു മുന്നിൽ ഓടിയെത്തിയപ്പോഴാണ് ദുരന്തത്തിന്റെ ആഴം തനിക്ക് മനസ്സിലായത്. സഹോദരന്റെ വീടിന്റെ ഉൾവശം ഏറെക്കുറെ തീ വിഴുങ്ങിയിരുന്നു. ഗ്യാസ് ചോർച്ചയും ഷോർട്ട് സർക്യൂട്ടും ആണ് അഗ്നിബാധക്ക് കാരണം എന്ന് സിവിൽ ഡിഫൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നതായും ഹായിൽ അബ്ദുല്ല അൽശറാരി പറഞ്ഞു.
ദുരന്തത്തിൽ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ആഫത് അബ്ദുല്ല അൽശറാരിയുടെ ഭാര്യ ഖുറയ്യാത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇവരുടെ സഹോദരൻ അവാദ് സുലൈമാൻ അൽശറാരി പറഞ്ഞു. സഹോദരീ ഭർത്താവിന്റെയും മക്കളുടെയും മരണത്തിൽ അൽജൗഫ് ഗവർണർ ഫോണിൽ ബന്ധപ്പെട്ട് തങ്ങളെ അനുശോചനം അറിയിച്ചു. ഭർത്താവും മുഴുവൻ മക്കളും ദുരന്തത്തിൽ മരണപ്പെട്ട കാര്യം സഹോദരിയെ ഇതുവരെ അറിയിച്ചിട്ടില്ല. ഭർത്താവും നാലു ആൺമക്കളും രണ്ടു പെൺമക്കളും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലാണെന്നാണ് അവരെ ആദ്യം അറിയിച്ചിരുന്നത്. ഭർത്താവും 15 വയസ്സ് പ്രായമുള്ള മൂത്ത മകളും മരണപ്പെട്ടതായി കഴിഞ്ഞ ദിവസം രാവിലെ സഹോദരിയെ തങ്ങൾ അറിയിച്ചു. ഇതോടെ സഹോദരി മാനസികമായി തകർന്നു. മറ്റു മക്കൾ മരിച്ച വിവരം ഇതുവരെ സഹോദരിയെ അറിയിച്ചിട്ടില്ല. സഹോദരിക്ക് വിദഗ്ധ ചികിത്സ നൽകാൻ അൽജൗഫിൽനിന്ന് വിദഗ്ധ മെഡിക്കൽ സംഘത്തെ ആരോഗ്യ മന്ത്രാലയം ഖുറയ്യാത്ത് ജനറൽ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അവാദ് സുലൈമാൻ അൽശറാരി പറഞ്ഞു. 

Tags

Latest News