റിയാദ്- ഉസ്‌ബെക്കിസ്ഥാനിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സൗദി അറേബ്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിൽ ഒപ്പുവെച്ച കരാർ മന്ത്രിസഭ അംഗീകരിച്ചു. അഞ്ചു വർഷമാണ് കരാർ കാലാവധി. നിലവിലെ കരാർ അവസാനിക്കുന്നതിന് രണ്ടു മാസം മുമ്പ് കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഏതെങ്കിലും ഒരു കക്ഷി രണ്ടാമത്തെ കക്ഷിയെ രേഖാമൂലമോ നയതന്ത്ര മാർഗങ്ങളിലൂടെയോ അറിയിക്കാത്ത പക്ഷം കരാർ തത്തുല്യ കാലത്തേക്ക് ഓട്ടോമാറ്റിക് ആയി ദീർഘിപ്പിക്കും.
സൗദി അറേബ്യയുടെയും ഉസ്‌ബെക്കിസ്ഥാന്റെയും ലൈസൻസുകളുള്ള, നിയമവ്യവസ്ഥകൾ പാലിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും ഏജൻസികളും മുഖേനെയാണ് ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് സൗദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടതെന്ന് കരാർ പറയുന്നു. റിക്രൂട്ട്‌മെന്റ് ചെലവുകളുടെ പേരിൽ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് പണം പിടിക്കാനോ ഫീസുകൾ ബാധകമാക്കാനോ പാടില്ല. വേതനത്തിൽനിന്ന് നിയമ വിരുദ്ധമായി മറ്റു കാരണങ്ങളുടെ പേരിലും പണം പിടിക്കാൻ പാടില്ല. നിയമം ലംഘിക്കുന്ന പക്ഷം റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും ഏജൻസികൾക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. കരാർ നടപ്പാക്കുന്നതുമൂലം ഉടലെടുക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും കരാർ അനുശാസിക്കുന്നു.
അതേസമയം, പ്രൊബേഷൻ കാലത്ത് ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം അവരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു. സൗദിയിലെത്തി 90 ദിവസം ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു. പ്രൊബേഷൻ കാലം അവസാനിച്ച ശേഷം ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം തൊഴിലുടമകൾക്കായി മാറും.
മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികൾ സ്വന്തം സ്‌പോൺസർഷിപ്പിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ആയി എളുപ്പത്തിൽ വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ സാധിക്കുമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു.






