ആറ് അറബ് രാജ്യങ്ങളിൽ വായ്പാ നിരക്കുകൾ ഏഴു ശതമാനത്തിൽ കൂടുതൽ

റിയാദ്- പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ 4.75 ശതമാനമായി ഉയർത്തിയതോടെ ആറ് അറബ് രാജ്യങ്ങളിൽ റിപ്പോ നിരക്കുകൾ ഏഴു ശതമാനത്തിൽ കൂടുതലായി. വാണിജ്യ ബാങ്കുകൾ കേന്ദ്ര ബാങ്കിൽ നടത്തുന്ന ഏകദിന ഡെപ്പോസിറ്റിന് 2007 നു ശേഷം ആദ്യമാണ് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഇത്രയും ഉയർത്തുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്ക് പൂജ്യമായിരുന്നു. നിലവിൽ ലോകത്തെ 39 സെൻട്രൽ ബാങ്കുകൾ ഒറ്റദിവസ ഡെപ്പോസിറ്റിന് പത്തു ശതമാനത്തിൽ കൂടുതൽ പലിശയാണ് ബാധകമാക്കുന്നത്. ലോകത്ത് ഏറ്റവും ഉയർന്ന പലിശ നിരക്കുള്ളത് സിംബാബ്‌വെയിലാണ്. ഇവിടെ 200 ശതമാനമാണ് റിപ്പോ നിരക്ക് എന്ന് ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി വിവരങ്ങൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയിൽ 75 ശതമാനവും മൂന്നാം സ്ഥാനത്തുള്ള വെനിസ്വേലയിൽ 58 ശതമാനവുമാണ് പലിശ നിരക്കുകൾ. 


പത്തു ശതമാനത്തിൽ കൂടുതൽ റിപ്പോ നിരക്കുകൾ നിലവിലുള്ള 39 രാജ്യങ്ങളിൽ മൂന്നെണ്ണം അറബ് രാജ്യങ്ങളാണ്. അറബ് രാജ്യങ്ങളിൽ വായ്പാ നിരക്ക് ഏറ്റവും കൂടുതൽ സുഡാനിലാണ്. ഇവിടെ 27.2 ശതമാനമാണ് വായ്പാ നിരക്ക്. രണ്ടാം സ്ഥാനത്തുള്ള യെമനിൽ 27 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഈജിപ്തിൽ 16.25 ശതമാനവുമാണ് വായ്പാ നിരക്കുകൾ. ആറ് ഗൾഫ് രാജ്യങ്ങളിൽ നാലു ശതമാനം മുതൽ 5.5 ശതമാനം വരെയാണ് റിപ്പോ നിരക്കുകൾ. 2008 ലോക സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ റിപ്പോ നിരക്കുകൾ ഇത്രയും ഉയരുന്നത്. ഗൾഫ് രാജ്യങ്ങളുടെ കറൻസികളെയും അമേരിക്കൻ ഡോളറിനെയും സ്ഥിരവിനിമയ നിരക്കിൽ ബന്ധിപ്പിച്ചതിനാൽ വായ്പാ നിരക്കുകളിൽ അമേരിക്കൻ ഫെഡറൽ റിസർവ് നയം പിന്തുടരുകയാണ് ഗൾഫ് സെൻട്രൽ ബാങ്കുകൾ ചെയ്യുന്നത്. 


കറൻസി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും ഗൾഫ് രാജ്യങ്ങളിൽനിന്ന് മൂലധനങ്ങൾ പുറത്തേക്ക് പ്രവഹിക്കുന്നതും തടയാൻ ശ്രമിച്ചാണ് ഗൾഫ് കറൻസികളെയും അമേരിക്കൻ ഡോളറിനെയും സ്ഥിരവിനിമയ നിരക്കിൽ ബന്ധിപ്പിക്കുകയും അമേരിക്കൻ ഫെഡറൽ റിസർവിന്റെ വായ്പാ നയങ്ങൾ ഗൾഫ് രാജ്യങ്ങൾ പിന്തുടരുകയും ചെയ്യുന്നത്. പലിശ നിരക്കുകൾ ഉയർത്തുന്നതിന്റെ ഫലമായി ബാങ്കുകളിൽ പണം ഡെപ്പോസിറ്റ് ചെയ്യാൻ ആളുകൾ കൂടുതൽ താൽപര്യം കാണിക്കും. ഇത് ബാങ്കിംഗ് മേഖലക്ക് പുറത്തുള്ള പണലഭ്യത പിൻവലിക്കാനും അതുവഴി ധനവിനിയോഗവും ഉപഭോക്തൃ ആവശ്യവും കുറയാനും ഇടയാക്കും. ഇതിന്റെ ഫലമായി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറയും. പണപ്പെരുപ്പം കുറയുന്നത് ദേശീയ കറൻസികളുടെ വിനിമയ നിരക്കിനും കരുത്തുപകരും. 


ലോകത്ത് വായ്പാ നിരക്ക് ഏറ്റവും കൂടിയ നാലാമത്തെ രാജ്യം സുഡാനും അഞ്ചാമത്തെ രാജ്യം യെമനുമാണ്. ആറാം സ്ഥാനത്തുള്ള ഘാനയിൽ 28 ശതമാനവും ഏഴാം സ്ഥാനത്തുള്ള ഉക്രൈനിൽ 25 ശതമാനവും എട്ടാം സ്ഥാനത്തുള്ള മൊൾഡോവയിൽ 20 ശതമാവുമാണ് വായ്പാ നിരക്കുകൾ. എട്ടു രാജ്യങ്ങളിൽ റിപ്പോ നിരക്കുകൾ 20 ശതമാനത്തിൽ കൂടുതലാണ്. 
തുടർന്നുള്ള സ്ഥാനങ്ങളിലുള്ള സിയറലിയോണിൽ 18.25 ശതമാനവും അംഗോളയിലും ഇറാനിലും മലാവിയും 18 ശതമാനം വീതവും നൈജീരിയയിൽ 17.25 ശതമാനവും മൊസാംബിക്കിൽ 17.25 ശതമാനവും പാക്കിസ്ഥാനിലും ഹൈത്തിയിലും 17 ശതമാനം വീതവും കസാക്കിസ്ഥാനിൽ 16.75 ശതമാനവുമാണ് വായ്പാ നിരക്ക്. 
അറബ് ലോകത്ത് സുഡാനും യെമനും ഈജിപ്തിനും പിന്നിൽ തുനീഷ്യയിലാണ് വായ്പാ നിരക്ക് കൂടുതൽ. തുനീഷ്യയിൽ റിപ്പോ നിരക്ക് എട്ടു ശതമാനമാണ്. ലെബനോനിൽ 7.75 ശതമാനവും മൗറിത്താനിയിൽ ഏഴു ശതമാനവുമാണ് റിപ്പോ നിരക്കുകൾ. അറബ് ലോകത്ത് വായ്പാ നിരക്കുകൾ ഏറ്റവും കുറവ് കോമറോസിലും മൊറോക്കൊയിലുമാണ്. കോമറോസിൽ 1.9 ശതമാനവും മൊറോക്കൊയിൽ 2.5 ശതമാനവുമാണ് വായ്പാ നിരക്കുകൾ. ജി-20 രാജ്യങ്ങളിൽ പലിശ നിരക്ക് ഏറ്റവും കൂടുതൽ അർജന്റീനയിലാണ്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 13.75 ഉം മൂന്നാം സ്ഥാനത്തുള്ള മെക്‌സിക്കോയിൽ 10.5 ഉം ശതമാനമാണ് പലിശ നിരക്ക്. ഏറ്റവും കുറവ് ജപ്പാനിലാണ്. ഇവിടെ -0.1 ശതമാനമാണ് റിപ്പോ നിരക്ക്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ 4.75 ശതമാനവും ചൈനയിൽ 3.65 ശതമാനവുമാണ് വായ്പാ നിരക്കുകൾ. 
ഇക്കഴിഞ്ഞ മാർച്ചു മുതൽ എട്ടു തവണ അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ ഉയർത്തിയതിനെ പിന്തുടർന്ന് ഗൾഫ് കേന്ദ്ര ബാങ്കുകളും നിരക്കുകൾ ഉയർത്തി. ഗൾഫിൽ വായ്പാ നിരക്ക് ഏറ്റവും കൂടുതൽ ഖത്തറിലും ബഹ്‌റൈനിലുമാണ്. ഇവിടങ്ങളിൽ 5.5 ശതമാനമാണ് റിപ്പോ നിരക്ക്. രണ്ടാം സ്ഥാനത്തുള്ള സൗദിയിലും ഒമാനിലും 5.25 ശതമാനം വീതവും യു.എ.ഇയിൽ 4.65 ശതമാനവും കുവൈത്തിൽ നാലു ശതമാനവുമാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾ നടത്തുന്ന നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകളും ഉപയോക്താക്കൾക്ക് നൽകുന്ന വായ്പകൾക്കുള്ള പലിശ നിരക്കുകളും ബാങ്കുകൾ നിർണയിക്കുന്നത്. 

Tags

Latest News