വിദേശി മാനേജർമാരുടെ സമ്മർദംമൂലം ജോലി വിടേണ്ടി വന്നു -സൗദി വനിതാ ഫാർമസിസ്റ്റ്

റിയാദ്- വിദേശികളായ മാനേജർമാരിൽനിന്ന് കടുത്ത സമ്മർദങ്ങൾ നേരിട്ടതായി സൗദി വനിതാ ഫാർമിസിസ്റ്റ് മഹാ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഒരു വർഷത്തോളം തുടർച്ചയായി വിദേശ മാനേജർമാരിൽനിന്ന് കടുത്ത സമ്മർദങ്ങൾ നേരിട്ടു. അവസാനം ജോലി ഉപേക്ഷിക്കാൻ താൻ നിർബന്ധിതയായി. 
വിദേശ മാനേജർമാരുടെ സമ്മർദങ്ങൾക്കെതിരെ തുടക്കത്തിൽ കമ്പനി മാനവശേഷി വിഭാഗത്തിന് പരാതി നൽകുകയും തെളിവുകൾ സമർപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം നിങ്ങളുടെ മാനേജറാണെന്നും അയാൾ അയാളുടെ ജോലിയാണ് നിർവഹിക്കുന്നത് എന്നുമാണ് മാനവശേഷി വിഭാഗം മറുപടി നൽകിയത്.

എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കൽ, പ്രതിവാര വിശ്രമ ദിവസങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കൽ പോലുള്ള സമ്മർദങ്ങളാണ് തനിക്ക് നേരിട്ടത്. കമ്പനി മാനവശേഷി വിഭാഗത്തിന് പരാതികൾ നൽകിയിട്ട് ഫലമില്ലാതായതോടെ താൻ ലേബർ ഓഫീസിനെ സമീപിച്ച് വിദേശികളെ തന്റെ മാനേജറായി നിയമിക്കാവതാണോയെന്ന് ആരാഞ്ഞു. ഇത് തൊഴിൽ നിയമലംഘനമാണെന്ന് ലേബർ ഓഫീസ് മറുപടി നൽകി. എന്നാൽ പ്രശ്‌നത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കാൻ ലേബർ ഓഫീസും മുന്നോട്ടുവന്നില്ല. പലവാതിലുകളും മുട്ടിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകാത്തതിനെ തുടർന്ന് താൻ ജോലി ഉപേക്ഷിക്കുയായിരുന്നെന്നും മഹാ പറഞ്ഞു. 

Tags

Latest News