VIDEO - ജോലിയില്ല, ഭക്ഷണമില്ല, താമസിക്കാൻ ഇടമില്ല, ഈ ഇന്ത്യക്കാരുടെ ജീവിതം ദുരിതത്തിൽ

ഒടുവിൽ കോൺസുലേറ്റ് ഇടപെടൽ

അബഹ-ഭക്ഷണമോ, താമസസൗകര്യമോ ജോലിയോ ഇല്ലാതെ ആറു ഇന്ത്യക്കാർ ഖമീസ് മുശൈത്തിൽ ദുരിതത്തിൽ. ഒടുവിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരെ ഉടൻ നാട്ടിലേക്ക് തിരിച്ചയക്കാൻ നടപടികളായി. വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ കടത്തിണ്ണകളിൽ അന്തിയുറങ്ങിയും സഹായമനസ്‌കരായ ആളുകളുടെ കൈകളിൽനിന്ന് സഹായം സ്വീകരിച്ചും കഴിയുന്ന ഒരാളെ കാണുന്നതിനായിരുന്നു കോൺസുലേറ്റ് സംഘം എത്തിയത്. എന്നാൽ അവിടെ കണ്ട കാഴ്ച അതി ദയനീയമായിരുന്നു. ആറോളം വരുന്ന ഇന്ത്യക്കാൻ യാത്രാ രേഖകളൊ താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്ന ദയനീയ കാഴ്ചയാണ് സംഘം കണ്ടത്.

തുടർന്ന് ആറു പേർക്കും നാട്ടിൽ പോകാനുള്ള അവസരമൊരുക്കാമെന്ന് ജിദ്ദ കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ ഹർഷ വർദൻ  അറിയിച്ചു. 
ഖമീസ് മുശൈത്തിൽ എത്തിയ സംഘത്തോട് വർഷങ്ങളായി ജോലിയും താമസ സൗകര്യങ്ങളില്ലാതെ സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷണം കഴിച്ച് കടത്തിണ്ണകളിൽ ഉറങ്ങുന്ന ഒരു രോഗിയായ മദ്ധ്യവയസ്‌കനെ സഹായിക്കണമെന്ന് ഖമീസിലെ ജനങ്ങളാണ് കോൺസുലേറ്റ് സംഘത്തെ അറിയിച്ചത്. തുടർന്നായിരുന്നു സന്ദർശനം. 

 


ഇവർക്ക് പുറമെ, അസീർ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 15  ഇന്ത്യക്കാർക്ക് നാട്ടിൽ പോകുന്നതിന്ന് ആവശ്യമായ എമർജൻസി പാസ്‌പോർട്ട് നൽകി. പാസ്‌പോർട്ട് ഇല്ലാതെ  കഴിയുന്ന 21 പേരില്‍ പതിനഞ്ച് പേർക്കാണ് എമർജൻസി പാസ്‌പോർട്ട് നൽകിയത്. 
കോൺസുലേറ്റ് സംഘത്തോടൊപ്പം സാമൂഹ്യ പ്രവർത്തകരും കോൺസുലേറ്റ് കമ്യൂണിറ്റി വിഭാഗം കമ്മിറ്റി അംഗങ്ങളുമായ  അഷ്‌റഫ് കുറ്റിച്ചലും ബിജു കെ നായരും ഒ.ഐ.സി.സി ഖമീസ് ടൗൺ പ്രസിഡന്റ് റോയി മുത്തേടവും ഉണ്ടായിരുന്നു. മതിയായ രേഖകളൊ ജോലിയും ഭക്ഷണവും പോലുമില്ലാതെ കഴിയുന്നവരെ നാട്ടിലേക്ക് കയറ്റി അയക്കാൻ ഖമീസിലെ വിവിധ സംഘടനാ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഇടപെട്ട് സമയബന്ധിതമായി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി എത്രയും വേഗം കോൺസുലേറ്റുമായി ബന്ധപ്പെടണമെന്ന് പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ ഹർഷ വർദൻ ആവശ്യപ്പെട്ടു.

Tags

Latest News