സാധാരണക്കാരന്റെ നടുവൊടിക്കുന്ന നിർദ്ദേശങ്ങളാണ് ബാലഗോപാൽ ബജറ്റിനുള്ളിൽ തിരുകി കയറ്റിയത്. ഇതിൽ ഏറ്റവും അപകടകരം പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്താനുള്ള തീരുമാനമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ ഒരു പരിധി വരെ മറികടക്കാനുള്ള ഒരു ഒറ്റ മൂലിയായാണ് ഇതിനെ ധനമന്ത്രി കണ്ടത്. ഒറ്റയടിക്ക് ഖജനനാവിലേക്ക് കുറേ പണം എത്താനുള്ള എളുപ്പ മാർഗമാണിത്. രണ്ടാമത്തെ കാര്യം മദ്യമാണ്. മദ്യത്തിന്റെ വില വർധിപ്പിച്ചതോടെ അതു വഴിയും കുറേ പണം ഖജനാവിലേക്കെത്തും. പിന്നീട് വാഹന നികുതിയും നികുതിയും വൈദ്യുതി നികുതിയും തുടങ്ങി സാധാരണക്കാരന്റെ പോക്കറ്റ് ചോർത്താനുള്ള എല്ലാ മാർഗങ്ങളും ബാലഗോപാൽ എടുത്ത് പ്രയോഗിച്ചിട്ടുണ്ട്.
ചെറിയ ഇരയെ ചൂണ്ടയിൽ കൊരുത്ത് വലിയ മീനിനെപ്പിടിക്കുകയെന്ന തന്ത്രമാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പരീക്ഷിച്ചത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷം മാത്രം മുന്നിൽ നിൽക്കേ പിണറായി സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കാനായി ഒന്നുകിൽ ജനങ്ങളെ സുഖിപ്പിക്കുന്നതിനുള്ള പൊടിക്കൈകൾ ബജറ്റിൽ കൊണ്ടു വരിക. അതല്ലെങ്കിൽ സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കാര്യമായ വിഭവ സമാഹരണം നടത്തുക. വിമർശനങ്ങൾ വലിയ തോതിൽ ഉണ്ടാകുമെന്ന് ഉറപ്പാണെങ്കിലും രണ്ടാമത്തെ മാർഗമാണ് അദ്ദേഹം സ്വീകരിച്ചത്. അത് മാത്രമാണ് ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് മുന്നിലുള്ള ഏക പ്രായോഗിക മാർഗം. അത് പരമാവധി അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയതു.
സി.പി.എമ്മിനെയും ഇടതു മുന്നണിയെയും സംബന്ധിച്ചിടത്തോളം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അതി നിർണ്ണായകമാണ്. അതിനുള്ള ഒരുക്കങ്ങൾ അവർ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. ഗൃഹസന്ദർശനങ്ങൾ അടക്കമുള്ള ആദ്യഘട്ട പരിപാടികൾ ഇതിന്റെ ഭാഗമായി പൂർത്തിയാക്കി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കാത്ത ബജറ്റ് അവതരിപ്പിക്കുകയെന്നത് സർക്കാറിനെ സംബന്ധിച്ചിടത്തോളം ആവശ്യവും വെല്ലുവിളിയുമായിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക സാഹചര്യമല്ല സംസ്ഥാനത്തുള്ളതെന്ന ബോധ്യമാണ് ജനപ്രിയമല്ലാത്ത തരത്തിൽ വലിയ നികുതി ബാധ്യത അടിച്ചേൽപ്പിക്കുന്നതിലേക്ക് സർക്കാറിനെയും ധനമന്ത്രിയെയും നയിച്ചത്. ഒരു വിധം എല്ലാ മേഖലകളെയും ബജറ്റിൽ സ്പർശിച്ചുപോകുകയും അതിനൊപ്പം വിവിധ പദ്ധതികൾക്കായി ഫണ്ട് വകയിരുത്തലുൾപ്പെടെ ചെറിയ ആനുകൂല്യങ്ങൾ നൽകാനും കെ.എൻ. ബാലഗോപാൽ ശ്രമിച്ചു. പ്രവാസികൾക്കും ബജറ്റിൽ പരിഗണന കിട്ടി. എന്നാൽ ഇത് കേവലം സോപ്പിടൽ മാത്രമാണെന്നും ചെറിയ ഇരയെ കോർത്ത് വലിയ മീനിനെ പിടിക്കാനുള്ള തന്ത്രമാണെന്നും ബജറ്റ് അവതരണത്തിന്റെ അവസാന ഘട്ടത്തിലാണ് തിരിച്ചറിഞ്ഞത്. അതുവരെ മിണ്ടാതിരുന്ന പ്രതിപക്ഷത്തിന് ശബ്ദം പുറത്തുവന്നത് ബജറ്റ് അവതരണത്തിലെ അവസാന നിമിഷങ്ങളിൽ നികുതി നിർദ്ദേശങ്ങളിലേക്ക് കടന്നപ്പോഴാണ്.
സാധാരണക്കാരന്റെ നടുവൊടിക്കുന്ന നിർദ്ദേശങ്ങളാണ് ബാലഗോപാൽ ബജറ്റിനുള്ളിൽ തിരുകി കയറ്റിയത്. ഇതിൽ ഏറ്റവും അപകടകരം പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്താനുള്ള തീരുമാനമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ ഒരു പരിധി വരെ മറികടക്കാനുള്ള ഒരു ഒറ്റ മൂലിയായാണ് ഇതിനെ ധനമന്ത്രി കണ്ടത്. ഒറ്റയടിക്ക് ഖജനനാവിലേക്ക് കുറേ പണം എത്താനുള്ള എളുപ്പ മാർഗമാണിത്. രണ്ടാമത്തെ കാര്യം മദ്യമാണ്. മദ്യത്തിന്റെ വില വർധിപ്പിച്ചതോടെ അതു വഴിയും കുറേ പണം ഖജനാവിലേക്കെത്തും. പിന്നീട് വാഹന നികുതിയും നികുതിയും വൈദ്യുതി നികുതിയും തുടങ്ങി സാധാരണക്കാരന്റെ പോക്കറ്റ് ചോർത്താനുള്ള എല്ലാ മാർഗങ്ങളും ബാലഗോപാൽ എടുത്ത് പ്രയോഗിച്ചിട്ടുണ്ട്. വലിയൊരു സാമ്പത്തിക തകർച്ചയിൽ നിന്ന് തൽക്കാലത്തേക്ക് പിടിച്ചു നിൽക്കാനുള്ള ഒരു മാർഗം കണ്ടെത്തിയെന്ന് ധനമന്ത്രിക്ക് ആശ്വസിക്കാം. എന്നാൽ അതിലൂടെ ജനങ്ങളിലുണ്ടാകുന്ന പ്രതിഷേധം ഏത് വിധത്തിൽ തണുപ്പിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പോലും വലിയ ധാരണയുണ്ടായിക്കൊള്ളണമെന്നില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പ്രായോഗിക മാർഗങ്ങളാണ് നികുതി നിർദ്ദേശങ്ങളായി ബജറ്റിൽ കൊണ്ടു വന്നതെന്ന് ജനങ്ങളോട് പറയാൻ ധനമന്ത്രിക്കോ, മുഖ്യമന്ത്രിക്കോ പറ്റില്ല. കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാറിന്റെ ധൂർത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. പെട്രോളിനും ഡീസലിനും അടിക്കടി വില വർധിച്ചപ്പോൾ അതിനെതിരെ പന്തം കൊളുത്തി ദിവസങ്ങളോളം വലിയ പ്രതിഷേധം നടത്തി ജനങ്ങളെ കൈയ്യിലെടുത്തവരാണ് ഇന്ധനവിലയിൽ ഒരു ലിറ്ററിന് രണ്ടു രൂപയുടെ വർധന ഒറ്റയടിക്ക് സാധാരണക്കാരന്റെ തലയിൽ വെച്ചുകൊടുത്തത്. നേരത്തെ, ഇന്ധന വില വലിയ തോതിൽ വർധിച്ചപ്പോൾ ചില സംസ്ഥാനങ്ങൾ സംസ്ഥാന നികുതി ഈടാക്കുന്നത് കുറച്ചുകൊണ്ടാണ് ജനങ്ങൾക്ക് താങ്ങായത്. കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ കേന്ദ്ര സർക്കാറിന്റെ പിടിപ്പുകേടിന് കേരളത്തിന് നഷ്ടം സഹിക്കാനാകില്ലെന്നാണ് അന്ന് സംസ്ഥാന സർക്കാർ പറഞ്ഞത്. അതേ സർക്കാറാണ് ഇപ്പോൾ കൂനിൽമേൽ കുരു എന്ന നിലയിൽ ഇന്ധനത്തിന് സെസ് ഏർപ്പെടുത്തിയത്. അവശ്യ സാധനങ്ങൾക്ക് ഉൾപ്പെടെ വലിയ തോതിലുള്ള വിലക്കയറ്റത്തിന് ഈ തീരുമാനം കാരണമാകും. അതായാത് ഇന്ധനത്തിനുള്ള സെസ് നൽകിയാൽ മാത്രം പോരാ, മറിച്ച് അതിന്റെ പേരിലുള്ള വിലക്കയറ്റം കൂടി സാധാരണക്കാർ സഹിക്കണമെന്നർത്ഥം.
വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ നികുതി വർധനവ് സാമ്പത്തികമായി പടുകുഴിയിലേക്ക് പോകുമായിരുന്ന സർക്കാറിനെ ഒരു പരിധിവരെ രക്ഷിച്ചിട്ടുണ്ട്. 1,35,419 കോടി രൂപ വരുമാനവും 1,76,089 രൂപ ചെലവും പ്രതീക്ഷിക്കുന്ന കണക്കിന്റെ കളിയിലേക്ക് ബജറ്റിനെ എത്തിക്കാൻ ധനമന്ത്രിക്ക് കഴിഞ്ഞു. അതായത് 39,662 കോടി രൂപയാണ് ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിക്കുന്നത്. വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കേണ്ടി വരുന്നുവെന്നതാണ് കാലങ്ങളായുള്ള കേരളത്തിന്റെ ഗതികേട്. അത് കൂടിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തന്നെ ബജറ്റ് വേളയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹാരിക്കാൻ പ്രായോഗിക മാർഗങ്ങളില്ലാത്തതാണ് ജനങ്ങളെ നികുതി ഭാരം പേറേണ്ട അവസ്ഥയിലേക്ക് കൊണ്ടുപോകുന്നത്.
വരുമാനം കണ്ടെത്തുന്നതിന് ഇന്ധന നികതി വർധന ഉൾപ്പെടെ വളരെ എളുപ്പമായ മാർഗങ്ങൾ തന്നെ സ്വീകരിക്കാൻ ധനമന്ത്രി തയ്യാറായതാണ് ബജറ്റിനെ ജനപ്രിയമല്ലാതാക്കുന്നത്. സാധാരണക്കാരായ ആളുകളെ ഒന്നാകെ ബാധിക്കാത്ത മറ്റ് തരത്തിലുള്ള നികുതികളിലൂടെ സർക്കാറിന് വരുമാനം കണ്ടെത്താമായിരുന്നു. എന്നാൽ അതിന് തയ്യാറായില്ല. കോവിഡിന്റെ ആഘാതത്തിൽ നിന്ന് പതുക്കെ കരകയറി വരുന്ന വാണിജ്യ-വ്യാവസായിക മേഖലകളെ നികുതിയിലൂടെ വലിയ തോതിൽ നോവിക്കാതിരിക്കാൻ ബജറ്റിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പതിനായിരം കോടി നിക്ഷേപത്തിലുള്ള കൊച്ചി- പാലക്കാട് വ്യാവസായിക ഇടനാഴി, അഴീക്കലിൽ ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ പോർട്ട് തുടങ്ങിയ ചില നൂതന പദ്ധതികൾക്ക് പണം വകയിരുത്തിയത് മികച്ച കാര്യമാണ്. അതേ പോലെ തന്നെ കാർഷിക മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പരിമിതിക്കുള്ളിൽ നിന്നും പരമാവധി കാര്യങ്ങൾ ചെയ്യാനായി. പ്രവാസി ക്ഷേമത്തിനായി ചെറിയ തോതിലാണെങ്കിലും പണം വകയിരുത്തിയത് അഭിനന്ദനാർഹമാണ്. എന്നാൽ ഈ നേട്ടങ്ങളെല്ലാം നികുതി വർധനയുടെ മറവിൽ ഇല്ലാതായിപ്പോയി.
നിരന്തരം കടമെടുത്തുകൊണ്ട് ഇനി അധികകാലം മുന്നോട്ടു പോകാനാകില്ലെന്ന കാര്യം സർക്കാറിന് കൃത്യമായ ബോധ്യമുണ്ട്. കാരണം കടമെടുത്ത പണം പെൻഷൻ നൽകുന്നതടക്കമുള്ള ഉൽപാദനക്ഷമമല്ലാത്ത കാര്യങ്ങൾക്കാണ് ചെലവഴിക്കുന്നതെന്നതുകൊണ്ട് തന്നെ പിടിച്ചു നിൽപ്പ് എളുപ്പമല്ല. മാത്രമല്ല കടമെടുപ്പിന് കേന്ദ്ര സർക്കാർ തുടർച്ചയായി നിന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സ്ഥിതി വലിയ തോതിൽ മെച്ചപ്പെടുത്തനായില്ലെങ്കിലും പിടിച്ചു നിൽക്കുന്നതിനുള്ള വിഭവങ്ങൾ കണ്ടെത്തേണ്ടത് ധനമന്ത്രിയുടെ ബാധ്യതയാണ്. ആ ബാധ്യത തന്റെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് തന്നെ കൈ നനയാതെ മീൻ പിടിക്കുകയാണ് കെ.എൻ. ബാലഗോപാൽ ചെയ്തിട്ടുള്ളത്.






