വെറുപ്പിന്റെ കമ്പോളത്തിലെ സ്‌നേഹത്തിന്റെ കട

കേരളത്തിലിരുന്ന് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ ഇവിടുത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ സി.പി.എം ഈ യാത്രയോടെടുത്ത നിഷേധാത്മക നിലപാടിനെ പരാമർശിക്കാതെ വയ്യ. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കൽ, യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കൽ, പ്രധാനമന്ത്രി സ്ഥാനം നിരസിക്കൽ തുടങ്ങിയ ചരിത്രപരമായ വിഡ്ഢിത്തങ്ങളുടെ ആവർത്തനമാണ് ഇക്കാര്യത്തിലും അവരുടെ നിലപാട്. 

 

ഒരു സംശയവുമില്ല, രാഷ്ട്രീയത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പുതിയൊരു നിർവചനമാണ് രാഹുൽ ഗാന്ധി നൽകുന്നത്. ഏറെ കാലമായി വെറുപ്പിന്റെ കമ്പോളം തന്നെയാണ് നമ്മുടെ രാഷ്ട്രീയം. വ്യത്യസ്തമായി ചിന്തിക്കുന്നവരോട്, ജീവിക്കുന്നവരോട് വെറുപ്പുതന്നെയാണ് അതുൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ജാതിയുടെ പേരിലും, മതത്തിന്റെ പേരിലും, വർണത്തിന്റെ പേരിലും, ലിംഗത്തിന്റെ പേരിലും, വർഗത്തിന്റെ പേരിലുമൊക്കെ നടക്കുന്ന ഉന്മൂലനങ്ങളെ പോലും രാഷ്ട്രീയ ലക്ഷ്യങ്ങളുടെയും നിലപാടുകളുടെയും ആശയങ്ങളുടെയും പേരിൽ ന്യായീകരിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയം മാറിയിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ മറികടന്ന് തെരഞ്ഞെടുപ്പുകളിൽ വൻവിജയം നേടി അധികാരത്തിലെത്താൻ വെറുപ്പിന്റെ രാഷ്ട്രീയത്തിനാകുന്നു. അവിടേക്കാണ് സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ജനാധിപത്യത്തിന്റെ സന്ദേശവുമായി രാഹുൽ ഗാന്ധി വേറിട്ട രാഷ്ട്രീയത്തിന്റെ കട തുറക്കുന്നത്. ഏറെ കാലമായി നാം മറന്നുപോയ മൂല്യങ്ങളാണ് ഈ കടയിൽ ലഭ്യമാകുന്നത്. അത്തരം മൂല്യങ്ങളുമായി ജീവിച്ച ഒരു മഹാത്മാവിന്റെ 75-ാം രക്തസാക്ഷി ദിനത്തിൽ തന്നെയാണ് ഈ കട തുറന്നിരിക്കുന്നത്. ഇനിയത്തെ ചോദ്യം ഒന്നുമാത്രം. ഈ കടയിലേക്ക് ജനം കയറുമോ, ഈ മൂല്യങ്ങളെ സ്വകാര്യ - സാമൂഹ്യ ജീവിതത്തിലേക്ക് പകർത്തുമോ. അതിനുള്ള ഉത്തരത്തിലായിരിക്കും ഇനി രാജ്യത്തിന്റെ ഭാവി.


4000 -ത്തിൽ പരം കിലോമീറ്റൽ കാൽനടയായി സഞ്ചരിച്ച് കഴിഞ്ഞ ദിവസം ശ്രീനഗറിൽ സമാപിച്ച ഭാരത് ജോഡോ യാത്രക്കൊടുവിൽ നടത്തിയ ഹ്രസ്വമായ പ്രസംഗത്തിൽ മുത്തശ്ശിയുടെയും പിതാവിന്റെയും കൊലപാതകങ്ങളുടെ ഫോൺ കോളുകൾ തനിക്കുവന്നതിനെ കുറിച്ച് രാഹുൽ പറഞ്ഞത് ആരേയും നൊമ്പരപ്പെടുത്തുന്ന വാക്കുകളായിരുന്നു. 'ഇന്നലെ എന്നോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഈ യാത്രയുടെ അന്തിമ ലക്ഷ്യം എന്താണ്...? അപ്പോൾ ആ ചോദ്യത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും എനിക്ക് അതിന് ഉത്തരമുണ്ടായിരുന്നു. അതാണ് ഇത്. മേൽ പറഞ്ഞത് പോലെയുള്ള വെറുപ്പിന്റെ അനന്തര ഫലമായ ഇത്തരം കോളുകൾ രാജ്യത്തെ ഒരു വീടുകളിലേക്കും വരാതിരിക്കുക എന്നതാണ് ഈ യാത്രയുടെ അന്തിമ ലക്ഷ്യം' മറ്റൊന്നു കൂടി അദ്ദേഹം കൂട്ടിചേർത്തു. 'ഈ സംസാരം അമിത് ഷായ്ക്ക് മനസ്സിലാവണമെന്നില്ല. മോഡിജിക്ക് മനസ്സിലാവണമെന്നില്ല, ഡോവൽജിക്ക് മനസ്സിലാവാണമെന്നില്ല. കാരണം അവർക്ക് വേദന എന്നതിൽ വലിയ താൽപര്യമില്ല. എന്നാൽ കശ്മീരികൾക്ക് മനസ്സിലാവും. ഇവിടെ ചുറ്റും കൂടി നിൽക്കുന്ന പട്ടാളക്കാർക്ക് മനസ്സിലാവും. കാരണം ആയിരക്കണക്കിന് കശ്മീരികളുടെ വീടുകളിലേക്ക് ഇതുപോലുള്ള കോളുകൾ വന്നിട്ടുണ്ട്. പട്ടാളക്കാരുടെ വീടുകളിലേക്കും വന്നിട്ടുണ്ട്.' അതിനിയും ആവർത്തിക്കാതിരിക്കാനാണ് 'നഫ്രത്ത് കീ ബസാർ മേ മുഹബ്ബത്ത് കാ ദുഖാൻ ഖോൽനേ കി കോശിഷ്...' എന്നു കൂടി രാഹുൽ കൂട്ടിചേർത്തത്. സ്വതന്ത്ര ഇന്ത്യയിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ആദ്യ രക്തസാക്ഷി മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷി വാർഷിക ദിനത്തിലായിരുന്നു രാഹുൽ ഈ വാക്കുകൾ രാജ്യത്തോട് പറഞ്ഞത് എന്നതും ഓർക്കാവുന്നതാണ്.

ഒരു പക്ഷെ നൂറ്റാണ്ടിനു മുന്നെ ഇന്ത്യയെ കണ്ടെത്താനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്താനും മഹാത്മാ ഗാന്ധി നടത്തിയ യാത്രക്കുശേഷം രാജ്യം കണ്ട ഏറ്റവും മഹത്തായ യാത്രയായിരുന്നു ജോഡോ യാത്ര എന്നു പറയാം. ആ യാത്രയിൽ ഗാന്ധിയും ഉയർത്തിപ്പിടിച്ചത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയമായിരുന്നു. അതു നൽകിയ കരുത്താണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള പോരാട്ടത്തിനു നേതൃത്വം നൽകാൻ അദ്ദേഹത്തിനു ഊർജ്ജം നൽകിയത്. 
ജോഡോ യാത്രയിൽ രാഹുൽ രാഷ്ട്രീയം പറയുന്നില്ല എന്ന പരാതി പല കോണുകളിൽ നിന്നുയർന്നിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിലെ ഒരു വിഭാഗവും അത്തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. തുടക്കത്തിൽ പറഞ്ഞപോലെ രാഷ്ട്രീയമെന്നാൽ മൈക്കും വെച്ചുകെട്ടി വ്യത്യസ്ത നിലപാടുള്ളവരെ ഘോരഘോരം അധിക്ഷേപിക്കലും സാധിക്കുമെങ്കിൽ കൊന്നുകളയുകയും വംശീയഹത്യതന്നെ നടത്തുകയും ചെയ്യലാണെന്നും അങ്ങനെ അധികാരത്തിലെത്തുകയാണെന്നും സ്‌നേഹത്തിനോ സാഹോദര്യത്തിനോ അതിൽ സ്ഥാനമില്ല എന്നുമുള്ള ചിന്തയാണ് ഇത്തരം നിലപാടുകൾക്കു പിന്നിൽ. അതിന്റെ തുടർച്ചയാണ് മോഡിക്കു ബദലാകാൻ രാഹുലിനാകില്ല എന്ന വിമർശനം. ആധുനിക കാല ജനാധിപത്യ രാഷ്ട്രീയമാണ് സത്യത്തിൽ രാഹുൽ ഉയർത്തിപ്പിടിക്കുന്നത്. അതു മനസ്സിലാക്കാനുള്ള രാഷ്ട്രീയം നമുക്കില്ല എന്നതാണ് യഥാർത്ഥ പ്രശ്‌നം. 


ഈ യാത്രയുടെ പ്രായോഗികരംഗത്തെ ഫലം വ്യക്തമാകുക വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണെന്ന വാദം നിലനിൽക്കുന്നുണ്ട്. ഒരർത്ഥത്തിൽ അതു ശരിയാണ്. ആശയങ്ങളും നിലപാടുകളും എത്രമാത്രം ജനം സ്വീകരിക്കുന്നു എന്നതിന്റെ അളവുകോലാണ് ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്. എന്നാൽ അതെല്ലാം സാധ്യമാകുക മാതൃകാപരമായ ജനാധിപത്യ സംവിധാനത്തിലും ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും അണികളും വോട്ടർമാരുമുണ്ടെങ്കിൽ മാത്രമാണ്. പല ഫാസിസ്റ്റ് ഭരണാധികാരികളും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയിട്ടുണ്ടെങ്കിലും അതുപോലെതന്നെ അധികാരത്തിൽ നിന്നു തുരത്തപ്പെട്ട ചരിത്രവും ജനാധിപത്യത്തിലുണ്ട്. തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ ഓരോ പൗരനും അവസരം നൽകുന്ന ഏക സംവിധാനമാണ് ജനാധിപത്യമെന്നതും മറക്കാതിരിക്കാം. 


ഇന്ത്യയിലെ ഇപ്പോഴത്തെ മൂർത്തമായ പ്രശ്‌നം സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ജനാധിപത്യ മൂല്യങ്ങളാൽ മറികടക്കാനാവുമോ എന്നതാണ്. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും ലോകനിലവാരത്തിൽ തന്നെ മികച്ചതാണെന്നതിൽ ഇപ്പോഴും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളും ജനാധിപത്യത്തിന്റെ ശക്തിയാണ്. എന്നാൽ ഈ വൈവിധ്യങ്ങളേയും ജനാധിപത്യമൂല്യങ്ങളേയും തകർത്ത് അതിനു മുകളിൽ തങ്ങൾ വിഭാവനം ചെയ്യുന്ന മതരാഷ്ട്രം സ്ഥാപിക്കാനാണ് സംഘപരിവാർ നീക്കം. രാഹുൽ പറയുന്നത് മനസ്സിലാക്കാനും ഒപ്പം നിൽക്കാനും കഴിയുന്ന കോൺഗ്രസ്സുകാരും കാര്യമായിട്ടില്ലല്ലോ. അപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ ഈ യാത്ര ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും, രാഹുലിന്റെ കടയിൽ ജനം കയറുമെന്നുറപ്പ്. 
കേരളത്തിലിരുന്ന് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ ഇവിടുത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ സി.പി.എം ഈ യാത്രയോടെടുത്ത നിഷേധാത്മക നിലപാടിനെ പരാമർശിക്കാതെ വയ്യ. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കൽ, യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കൽ, പ്രധാനമന്ത്രി സ്ഥാനം നിരസിക്കൽ തുടങ്ങിയ ചരിത്രപരമായ വിഡ്ഢിത്തങ്ങളുടെ ആവർത്തനമാണ് ഇക്കാര്യത്തിലും അവരുടെ നിലപാട്. 

Latest News