മദീന - നഗരത്തിലെ ജനവാസ കേന്ദ്രത്തിലൂടെ തോക്കേന്തി നടന്ന സൗദി യുവാവിനെ മദീന പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് തോക്ക് കൈവശം വെച്ച് ജനവാസ കേന്ദ്രത്തിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് അറിയിച്ചു. ലൈസൻസില്ലാതെ തോക്കും വെടിയുണ്ടയും കൈവശം വെക്കുന്നവർക്ക് ഒന്നര വർഷം തടവും ആറായിരം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.






