പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ നേതൃത്വം

പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ഭാരവാഹികൾ

ജിദ്ദ- പ്രവാസി വെൽഫെയർ സൗദി അറേബ്യ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഉമർ പാലോടാണ് പ്രസിഡന്റ്. അശ്റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്ര.), ഷഫീഖ് മേലാറ്റൂർ (ട്രഷ.), റഹീം ഒതുക്കുങ്ങൽ, സിറാജ് എറണാകുളം, സുഹ്റ ബഷീർ (വൈസ് പ്രസിഡന്റുമാർ), സിറാജ് താമരശ്ശേരി, യൂസുഫ് പരപ്പൻ, സലീഖത്ത് ഷിജു (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. 
വകുപ്പ് കോ-ഓർഡിനേറ്റർമാരായി മുനീർ ഇബ്രാഹിം (വെൽഫെയർ), അബ്ദുസ്സുബ്ഹാൻ (കലാ-കായികം) എന്നിവരേയും തെരഞ്ഞെടുത്തു. മീഡിയ ഇൻ ചാർജായി റഹീം ഒതുക്കുങ്ങലിനെ തെരഞ്ഞെടുത്തു. രാജ്യം അതിസങ്കീർണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പ്രവാസി വെൽഫെയറിനും വെൽഫെയർ പാർട്ടിക്കും വളരെയേറെ പ്രസക്തിയാണുള്ളതെന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത ഖലീൽ പാലോട് പറഞ്ഞു. സംഘ്പരിവാറിന്റെ വംശീയ ഭരണകൂടമാണ് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇരകളാക്കപ്പെട്ടവരെ ചേർത്തു പിടിച്ച് മുന്നോട്ടുപോകാനുള്ള വലിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് വെൽഫെയർ പാർട്ടി. 
ആദിവാസികളും ദളിതരും പിന്നോക്കക്കാരുമായ മനുഷ്യരെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ പാർട്ടി എഴുന്നേറ്റു നിൽക്കുകയാണ്. കേരളത്തിലെ ജനകീയ പ്രതിപക്ഷമായി വെൽഫെയർ പാർട്ടി മാറിക്കഴിഞ്ഞു. ഈ ദൗത്യത്തിൽ പ്രവാസ ലോകത്തു നിന്ന് എല്ലാവിധ പിന്തുണയും നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച് ബഷീർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി. അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ യോഗത്തിൽ സംസാരിച്ചു. 

Tags

Latest News