കേരള ജനതയെയും പ്രവാസികളെയും വിഡ്ഢികളാക്കുന്ന ബജറ്റ് -സൗദി കെ.എം.സി.സി

റിയാദ്- കേരളത്തിലെ പൊതു ജനങ്ങളെയും പ്രവാസികളെയും വിഡ്ഢികളാക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ബജറ്റ് അവതരണത്തിലൂടെ നടത്തിയതെന്ന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി. ഫണ്ടില്ലാതെ പ്രഖ്യാപനങ്ങൾ നടത്തുകയും കോടികളുടെ വായ്പയെടുത്ത് ഓരോ മലയാളിയുടെയും ചുമലിൽ കനത്ത ഭാരം ചുമത്തുകയും ചെയ്യുന്ന കൺകെട്ട് വിദ്യ തിരിച്ചറിയാൻ കെൽപുള്ളവരാണ് കേരളത്തിലുള്ളവരും പ്രവാസികളും. 
ഒരു ഭാഗത്ത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് വിധേയരാവുന്ന ജനങ്ങൾക്ക് കൂനിന്മേൽ കുരുവെന്നോണമാണ് സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റ് ബാധ്യതയാവുന്നത്.
കേരളത്തിന്റെ പൊതു കടം കഴിഞ്ഞ അഞ്ച് വർഷത്തിനകം 80 ശതമാനമാണ് വർധിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ലെന്നാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നത്. 2016 ൽ ഒന്നേമുക്കാൽ ലക്ഷം കോടിയുടെ കടമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ 2023 ൽ അത് നാലു ലക്ഷം കോടിയിലേക്ക് ഉയർന്നതിന്റെ പൊരുൾ ഭരണകൂടം ബോധ്യപ്പെടുത്തേണ്ടതുണ്ട്.  പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം ജലരേഖയായി മാറിയ ഘട്ടത്തിലാണ് വീണ്ടും കോടികളുടെ പദ്ധതി നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്. പുനരധിവാസത്തിനായി കഴിഞ്ഞ വർഷങ്ങളിലെല്ലാം സർക്കാർ ഇത്തരം പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ ജീവിത നിലവാരം തകർക്കുന്നതാണ് ബജറ്റിലെ പല നിർദേശങ്ങളും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് മേൽ വീണ്ടും നികുതി ഭാരം കെട്ടിവെച്ച് കേരളത്തിന്റെ നടുവൊടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.  
പെട്രോളിനും ഡീസലിനും വില കൂട്ടിയ സർക്കാർ ഭൂനികുതിയിലും കെട്ടിട നികുതിയിലും വർധനവ് വരുത്തി. വാഹന ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയാണ് ബജറ്റ് നൽകുന്നത്. ഇരുചക്ര വാഹനം ഉപയോഗിക്കുന്ന സാധാരണക്കാരന്റെ പിരടിയിലും നികുതി ഭാരം കൂട്ടി തികച്ചും ജനവിരുദ്ധ നയനങ്ങൾ അടിച്ചേൽപിക്കുന്ന ബജറ്റ് നിർദേശങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കെ.എം.സി.സി നാഷണൽ കമ്മിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു.

Tags

Latest News