Sorry, you need to enable JavaScript to visit this website.

ഇനി നമ്മുടെ ബജറ്റവതാരകരുടെ മനസ്സിൽ കവിതയില്ല

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കവിതയുണ്ടായിരുന്നില്ല. ഉദ്ധരണികളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ മാത്രം. എന്നെ ഉപയോഗിക്കൂ, എന്നെ ഉപയോഗിക്കൂ എന്ന മട്ടിൽ കവിതയും ഉദ്ധരണികളുമെല്ലാം നാക്കിൻ തുമ്പിലുള്ളയാളാണ് ഫയർ ബ്രാന്റ് പ്രസംഗകയായ നിർമല. ഇനി അതൊന്നും വേണ്ടെന്ന് വെച്ച നിർമലയുടെ വഴിയിൽ തന്നെയാണ് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും. തനിക്കിതൊന്നും ചേരില്ലെ, എന്ന ശരീര ഭാഷയുമായി തനി പാർട്ടിക്കാരനായി പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന കൊല്ലം നാട്ടുമ്പുറക്കാരനായ ബാലഗോപാൽ കവിതയും കഥയുമൊന്നും ഉദ്ധരിക്കാത്തതുതന്നെ നന്നായി. നിർമ്മല പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചതു പോലെ കേരള മുഖ്യമന്ത്രിയുടെ വാക്കുകൾ ബാലഗോപാലും ഉദ്ധരിക്കുന്നതൊക്കെ തമാശയായി ഓർക്കാമെന്നാല്ലാതെ അതൊന്നും നടക്കുന്ന കാര്യമല്ല. 
 കഥയും കവിതയുമൊന്നുമില്ലെങ്കിലും കൊല്ലത്ത് 1915 ൽ നടന്ന കല്ലുമാല സമരം ഓർക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുക വഴി ഒന്നാന്തരം സോഷ്യൽ എൻജിനീയറിംഗാണ് ബാല ഗോപാൽ നടത്തിയത്. സ്ത്രീ സമര ചരിത്രത്തിൽ പ്രധാനപ്പെട്ട കല്ലുമാല സമരത്തെ അനുസ്മരിച്ച് കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയർ നിർമിക്കാനുള്ള പദ്ധതിയും സ്ത്രീ പക്ഷ ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി   സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്തതാണ് കല്ലുമാല സമരം എന്നു അറിയപ്പെടുന്നത്. ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട് കലാപമൊക്കെ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും ഇക്കാലത്തും ഓർമകൾ ഉണ്ടായിരിക്കണം എന്ന് പറയുകയാണ് സി.പി.എം സർക്കാർ-വോട്ട് ബാങ്ക്് ലക്ഷ്യമുള്ള വാക്കും വാചകങ്ങളും. ചാലക്കുടി മണ്ഡലത്തിലെ വാഴച്ചാലിൽ ഗോത്രവർഗ പൈതൃക സംരക്ഷണ കേന്ദ്രം നിർമിക്കുന്നതിന് ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതും വെറുതെയല്ല. 2024 ൽ വരുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമുചിതമായി ആഘോഷിക്കും. ചരിത്ര പ്രസിദ്ധമായ കൊയിലാണ്ടി കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കാൻ പത്ത് കോടി വകയിരുത്തിയതും, കൊല്ലം തങ്കശ്ശേരിയിലെ ഓഷ്യനേറിയം മ്യൂസിയം എന്നിവയുമൊക്കെ ജന വികാരമളന്നുള്ള ഇടപെടലുകൾ തന്നെ. വി.ടി. ബലറാമിന്റെ ചില പരാമർശങ്ങൾ കാരണം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച താണ് കണ്ണൂർ പെരള ശേരിയിലെ എ.കെ.ജി മ്യൂസിയം. അതിന്റെ കാര്യങ്ങൾ എവിടെ വരെ എത്തി എന്നറിയില്ല. ബജറ്റിൽ ഇത്തവണയും ആറ് കോടി വകയിരുത്തിയിട്ടുണ്ട്. 

Latest News