ജിദ്ദ- പ്രവാസി ക്ഷേമ, വികസന പുനരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകുന്ന കേരള ബജറ്റിലൂടെ പ്രവാസികളെ ഇടതു സർക്കാർ നെഞ്ചോട് ചേർത്തുവെന്ന് ജിദ്ദ നവോദയ. ബജറ്റിന് ജിദ്ദ നവോദയയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, സെക്രട്ടറി ശ്രീകുമാർ, പ്രസിഡന്റ് കിസ്മത് മമ്പാട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അടിക്കടി ഉണ്ടാകുന്ന വിമാനയാത്രാ നിരക്കു വർധന നിയന്ത്രിക്കുന്നതിലേക്കായി കോർപസ് ഫണ്ട് രൂപീകരിക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി. മടങ്ങിയെത്തുന്ന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ ലക്ഷ്യമിടുന്ന നെയിം പദ്ധതിക്കായി അഞ്ചു കോടി രൂപ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 84.60 കോടി രൂപ, പ്രവാസി പുനരധിവാസ വായ്പയുടെ സബ്‌സിഡിക്കായി 25 കോടി രൂപ വകയിരുത്തി.
സാന്ത്വന പദ്ധതികൾക്കായി 33 കോടി രൂപ, പ്രവാസി ക്ഷേമനിധി ബോർഡിനായി 15 കോടി രൂപയും നോർക്ക ആംബുലൻസ് സേവനത്തിനായി 60 ലക്ഷം രൂപയും മാറ്റിവെച്ചു. ലോക കേരളസഭ സെക്രട്ടറിയേറ്റിന്റെ ഓഫീസ് ചെലവുകൾക്കായി രണ്ടര കോടി രൂപ വകയിരുത്തി. മാവേലിക്കരയിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നോർക്ക ശുഭയാത്ര എന്ന പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തി. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് 2 ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ കുടുംബശ്രീ മിഷനു കീഴിൽ നൽകുന്ന പദ്ധതിയായ 'പ്രവാസി ഭദ്രത' (പേൾ), സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ മുഖേന 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി ഒരു ലക്ഷം രൂപ) 3 ശതമാനം പലിശ സബ്‌സിഡിയും നൽകുന്ന പ്രവാസി ഭദ്രത മൈക്രോ', കെ.എസ്.ഐ.ഡി.സി മുഖേന എം.എസ്.എം.ഇ സംരംഭകർക്ക് 5 ശതമാനം പലിശ നിരക്കിൽ 25 ലക്ഷം മുതൽ 2 കോടി വരെ വായ്പയായി നൽകുന്ന 'പ്രവാസി ഭദ്രത മെഗാ എന്നീ പദ്ധതികളാണ്
വിഭാവനം ചെയ്തിട്ടുള്ളത്. പ്രവാസി സംരക്ഷണത്തിന് എക്കാലവും ഊന്നൽ നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ബജറ്റിലും ആ നയ സമീപനം തന്നെയാണ് സ്വീകരിച്ചത് -പ്രസ്താവനയിൽ പറഞ്ഞു.






