റിയാദ്- കഴിഞ്ഞ വർഷം സൗദിയിൽ ഉപഭോക്തൃ ധനവിനിയോഗം 1.24 ട്രില്യൺ റിയാലായി ഉയർന്നതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ ഉപഭോക്തൃ ധനവിനിയോഗം 1.13 ട്രില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഉപഭോക്തൃ ധനവിനിയോഗത്തിൽ 110.95 ബില്യൺ റിയാലിന്റെ വർധന രേഖപ്പെടുത്തി. ഉപഭോക്തൃ ധനവിനിയോഗത്തിൽ 9.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ ധനവിനിയോഗത്തിൽ തുടർച്ചയായി രണ്ടാം വർഷമാണ് വളർച്ചയുണ്ടാകുന്നത്. 2021 ൽ ധനവിനിയോഗത്തിൽ 10.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വളർച്ച കുറഞ്ഞു.
കഴിഞ്ഞ വർഷം പ്രതിമാസം ശരാശരി 103.4 ബില്യൺ റിയാൽ തോതിലായിരുന്നു ഉപഭോക്തൃ ധനവിനിയോഗം. 2021 ൽ ഇത് 94.1 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ധനവിനിയോഗം 18.1 ശതമാനം തോതിൽ വർധിച്ചു. എ.ടി.എമ്മുകൾ വഴിയുള്ള പണം പിൻവലിക്കലുകൾ നാലു ശതമാനം തോതിൽ കുറഞ്ഞ് 558.65 ബില്യൺ റിയാലായി. 2010 നു ശേഷം ആദ്യമായാണ് എ.ടി.എം വഴിയുള്ള പണം പിൻവലിക്കലുകൾ ഇത്രയും കുറയുന്നത്.
ഓൺലൈൻ വ്യാപാരം വഴിയുള്ള വിൽപനകൾ കഴിഞ്ഞ വർഷം 65 ശതമാനം തോതിൽ വർധിച്ച് 122.7 ബില്യൺ റിയാലായി. 2021 ൽ ഓൺലൈൻ വ്യാപാരം 74.3 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ആകെ ഉപഭോക്തൃ ധനവിനിയോഗത്തിൽ മദ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ വ്യാപാര വിഹിതം 10.3 ശതമാനമായിരുന്നു. 2021 ൽ ഇത് 6.6 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഉപഭോക്തൃ ധനവിനിയോഗത്തിൽ 45.2 ശതമാനം പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളും 44.4 ശതമാനം എ.ടി.എമ്മുകൾ വഴിയുള്ള പണം പിൻവലിക്കലുകളുമായിരുന്നു.
ധനകാര്യ മേഖലയുമായി സഹകരിച്ച് മുൻ വർഷങ്ങളിൽ കേന്ദ്ര ബാങ്ക് നടപ്പാക്കിയ തന്ത്രത്തിന്റെയും പെയ്‌മെന്റ് മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയ വലിയ നിക്ഷേപങ്ങളുടെയും ഫലമായാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള പെയ്‌മെന്റിൽ വളർച്ച തുടരുന്നത്. 2025 ഓടെ ഡിജിറ്റൽ പെയ്‌മെന്റ് 70 ശതമാനമായി ഉയർത്താൻ വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ വ്യാപനം തുടരുകയാണ്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 14.2 ലക്ഷം പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്. പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം 41 ശതമാനം വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി 726 കോടി പെയ്‌മെന്റ് ഇടപാടുകൾ നടന്നു. പെയ്‌മെന്റ് ഇടപാടുകളിൽ 40 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
സൗദിയിൽ പ്രതിമാസ ശരാശരി ഉപഭോക്തൃ ധനവിനിയോഗം 2013ൽ 66.9ഉം 2014ൽ 74.3ഉം 2015ൽ 79.2ഉം 2016ൽ 78ഉം 2017ൽ 77.4ഉം 2018ൽ 81.7ഉം 2019ൽ 86.6ഉം 2020ൽ 85.4ഉം 2021ൽ 94.1ഉം 2022ൽ 103.4ഉം ബില്യൺ റിയാലായിരുന്നെന്നും കേന്ദ്ര ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.






