റിയാദ്- സൈനിക കപ്പൽ എൻജിൻ വ്യവസായം പ്രാദേശികവൽക്കരിക്കാൻ ലക്ഷ്യമിട്ട് സൗദി എൻജിൻ മാനുഫാക്ചറിംഗ് കമ്പനിയും റോൾസ് റോയ്സ് സൊല്യൂഷൻസ് കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചു. സൗദിയിൽ സൈനിക, സുരക്ഷാ വകുപ്പുകൾ ഉപയോഗിക്കുന്ന കപ്പലുകളിലെ എഫ്2000-എഫ്4000 ഇനത്തിൽ പെട്ട അതിവേഗ എൻജിനുകളുടെ നിർമാണം പ്രാദേശികവൽക്കരിക്കാനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഇക്തിവാ 2023 എക്സിബിഷനിടെ ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഡെപ്യൂട്ടി ഗവർണർ എൻജിനീയർ ഖാസിം അൽമൈമനിയുടെയും സൗദി എൻജിൻ മാനുഫാക്ചറിംഗ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽശമ്മരിയുടെയും സൗദി അറാംകൊ സീനിയർ വൈസ് പ്രസിഡന്റും സുഫുൻ കമ്പനി പ്രസിഡന്റുമായ സുലൈമാൻ അൽബാബത്തീന്റെയും സാന്നിധ്യത്തിൽ സൗദി എൻജിൻ മാനുഫാക്ചറിംഗ് കമ്പനി സി.ഇ.ഒ അബ്ദുല്ല അൽഗാംദിയും റോൾസ് റോയ്സ് സൊല്യൂഷൻസ് കമ്പനിയിൽ ഗവൺമെന്റ് സെയിൽസ്, ലൈസൻസിംഗ് ആന്റ് ഇൻഡസ്ട്രിയൽ കോ-ഓപറേഷൻ ഡയറക്ടർ പോൾ റോക്കുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സൈനിക വ്യവസായ മേഖലയുടെ പ്രാദേശികവൽക്കരണത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ഗുണപരമായ മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. ഈ പ്രയാണത്തിന് പുതിയ പങ്കാളിത്തം പിന്തുണ നൽകുന്നു. സൗദി അറേബ്യയുടെ സ്ട്രാറ്റജിക് സ്വാതന്ത്ര്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ ശ്രമിച്ച് സൈനിക വ്യവസായ മേഖലയുടെ വികസനത്തിനും പ്രാദേശികവൽക്കരണത്തിനുമുള്ള തന്ത്രപരമായ പദ്ധതികൾ നടപ്പാക്കാനും ദേശീയ സമ്പദ്വ്യവസ്ഥക്ക് പിന്തുണ നൽകാനും ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ചുക്കാൻ പിടിക്കുന്നു. 2030 ഓടെ സൈനിക മേഖലയിലെ ധനവിനിയോഗത്തിന്റെ 50 ശതമാനത്തിലേറെ പ്രാദേശികവൽക്കരിക്കുകയെന്ന പ്രധാന ലക്ഷ്യം കൈവരിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നത്.






