ഊർജ മേഖലാ സഹകരണത്തിന് സൗദി- ഫ്രഞ്ച് ധാരണാപത്രം

ഊർജ മേഖലാ സഹകരണ ധാരണാപത്രം ഒപ്പുവെച്ച ശേഷം സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ഫ്രഞ്ച് വിദേശ മന്ത്രി കാതറീൻ കൊളോണയും ഹസ്തദാനം ചെയ്യുന്നു.

റിയാദ്- ഊർജ മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയും ഫ്രാൻസും ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ഫ്രഞ്ച് വിദേശ മന്ത്രി കാതറീൻ കൊളോണയും തമ്മിൽ നടത്തിയ ചർച്ചക്കിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. വൈദ്യുതി, പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത, ഊർജ സംഭരണം, സ്മാർട്ട് നെറ്റ്‌വർക്കുകൾ, പെട്രോൾ, ഗ്യാസ്, എണ്ണ-ഗ്യാസ് ഉപോൽപന്നങ്ങൾ, സംസ്‌കരണം, പെട്രോകെമിക്കൽ, വിതരണം, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കൽ ധാരണാപത്രത്തിൽ അടങ്ങിയിരിക്കുന്നു. 
കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യകൾ, കാർബൺ ബഹിർഗമനം കുറക്കൽ ദുഷ്‌കരമായ മേഖലകളിൽ കാർബൺ പിടിച്ചെടുക്കലും ഉപയോഗിക്കലും സംഭരിക്കലും എന്നിവ അടക്കം ഊർജ മേഖലയുമായും സപ്ലൈ ചെയിൻ മേഖലയുമായും ബന്ധപ്പെട്ട ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വസ്തുക്കളുടെയും പ്രാദേശികവൽക്കരണം, ഹൈഡ്രജൻ ഉൽപാദനം, മറ്റു സാങ്കേതിക ഇന്നൊവേഷനുകൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കലും ധാരണാപത്രത്തിൽ ഉൾപ്പെടുന്നു. 
ഡിജിറ്റൽ പരിവർത്തനം, ഊർജ മേഖലാ കമ്പനികൾ തമ്മിലെ സഹകരണം, ഇരു രാജ്യങ്ങളിലെയും സർവകലാശാലകളും റിസേർച്ച് സെന്ററുകളും സംയുക്തമായി ഗവേഷണങ്ങൾ നടത്തൽ, ഊർജ മേഖലയിൽ പരിശീലനങ്ങളിലൂടെയും പരിചയസമ്പത്ത് കൈമാറ്റത്തിലൂടെയും മാനവശേഷി വികസനം എന്നിവയും ധാരണാപത്രം ലക്ഷ്യമിടുന്നു. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗപ്പെടുത്തൽ, പുനരുപയോഗ ഊർജം, ക്ലീൻ ഹൈഡ്രജൻ, വൈദ്യുതി ശൃംഖലകളെ ബന്ധിപ്പിക്കൽ എന്നിവ അടക്കം വ്യത്യസ്ത ഊർജ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള അവസരങ്ങളെ കുറിച്ച് റിയാദിൽ ഊർജ മന്ത്രാലയ ആസ്ഥാനത്തു വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി ഊർജ മന്ത്രിയും ഫ്രഞ്ച് വിദേശ മന്ത്രിയും ചർച്ച ചെയ്തു. 

Tags

Latest News