Sorry, you need to enable JavaScript to visit this website.

2019 ൽ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ വിജയിക്കും -ചന്ദ്രബാബു നായിഡു

വിജയവാഡ- അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ വിജയിക്കുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നാഡിയു. 2019 ൽ ബി.ജെ.പി പരാജയം രുചിക്കും.  പൊങ്ങച്ചത്തിന്റെ കാമ്പയിൻ മാത്രമാണ് മോഡിയുടെ ഭരണം. പ്രവർത്തനമില്ല. മോഡി വലുതായി സംസാരിക്കും, പക്ഷേ ഒന്നും ചെയ്യുന്നില്ല. സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാവുമെന്നു കണ്ടാണ് ഞാൻ നോട്ട് നിരോധനത്തെ അനുകൂലിച്ചത്.  എന്നാൽ കേന്ദ്രവും ബാങ്കുകളും പാപ്പരായിപ്പോയി. ബാങ്കിങ് സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ല. ടിഡിപിയുടെ വാർഷിക സമ്മേളനമായ മഹാനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സർക്കാരുകൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള തെലുങ്കു ദേശം പാർട്ടി രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നായിഡു അവകാശപ്പെട്ടു.  2019 ൽ ബിജെപി രാജ്യത്ത് അധികാരത്തിലെത്തുന്നത് തടയാൻ രാജ്യത്തെ ചെറുകക്ഷികളുമായി ചേർന്ന് സഖ്യമുണ്ടാക്കുമെന്ന സൂചനയും അദ്ദേഹം നൽകി.  ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുന്നതിൽ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചതിനെ തുടർന്ന് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുപോയിരുന്നു. ഇതിന് പിന്നാലെയാണ് നായിഡു മോഡിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുന്നത്. 1996 ൽ ബിജെപിയുമായി സഖ്യം രൂപീകരിക്കുന്നതിന് ടിഡിപിക്കു മികച്ച പങ്കാണുണ്ടായിരുന്നത്.  നേരത്തെ ടിഡിപി വിവിധ സർക്കാരുകൾ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റുന്നതിന് പ്രത്യേക കഴിവുണ്ട്. ഞങ്ങൾ പിന്നോട്ടില്ല - നായിഡു പറഞ്ഞു. 
വാഗ്ദാനം പാലിക്കാത്തതുകൊണ്ടാണ് ടിഡിപി ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചത്. ആന്ധപ്രദേശിന് പ്രത്യേക പദവി നൽകാമെന്നും ആന്ധ്രപ്രദേശ് റീ ഓർഗനൈസേഷൻ പദ്ധതി നടപ്പിലാക്കാമെന്നുമുള്ള വാഗ്ദാനങ്ങളാണ് മോഡി ആന്ധ്രപ്രദേശിന് നൽകിയത്. എന്നാൽ ഇത് പാലിക്കാതായതോടെ എൻഡിഎ സർക്കാരിന് നാല് വർഷം തികയുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ടിഡിപി എൻഡിഎ വിട്ടത്. രണ്ട് കേന്ദ്ര മന്തിമാരും രാജിവെച്ചിരുന്നു. ബിജെപി ആന്ധ്രപ്രദേശിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുകയാണെന്നും ടിഡിപി ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാർ സ്വീകരിച്ച  സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് സമ്മേളനത്തിൽ പ്രമേയം പാസാക്കി.  ശരിയായി ചിന്തിക്കാതെയാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ജിഎസ്ടി, നോട്ട് നിരോധനം എന്നിവ പരാജയമായിരുന്നുവെന്നും ശ്രീനിവാസ റാവു ആരോപിച്ചു.  

Latest News