റിയാദിൽ ചിത്രീകരിച്ച 'ഇരുട്ട്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

റിയാദ്- ലഹരി വിരുദ്ധ ബോധവത്കരണം പ്രമേയമാക്കിയ 'ഇരുട്ട്' (ദി ഡാർക്ക്‌നെസ്) ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂട്യൂബ് ചാനലിൽ ഇരുട്ട് ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സലീം കളക്കര നിർവഹിച്ചു. ലഹരിക്കടിമപ്പെട്ടത് മൂലം തകർന്നു പോയ ഒരു പ്രവാസി കുടുംബത്തിന്റെ കഥയാണ്. 
ഇതോടനുബന്ധിച്ച് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷിഹാബ് കൊട്ടുകാട്, ഡോ.അബ്ദുൽ അസീസ്, അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദ് ഷഫീഖ്, മൈമൂന അബ്ബാസ്, അബ്ദുൽ നാസർ, മജീദ് മൈത്രി, അബി ജോയ് എന്നിവർ സംബന്ധിച്ചു.യുവത്വം ലഹരി കീഴടക്കുന്ന വർത്തമാന കാലത്തെ സാമൂഹിക സാഹചര്യങ്ങളാണ് ചിത്രം വിശകലനം ചെയ്യുന്നത്. വിദ്യാർഥിയായ മകൻ ലഹരിക്കടിമപ്പെട്ടത് മൂലം തകർന്നു പോയ ഒരു പ്രവാസി കുടുംബത്തിന്റെ കഥയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 
ലഹരി ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതത്തെ ചെറുക്കുക എന്ന സന്ദേശം കൂടിയാണ് ചിത്രം പങ്കുവെക്കുന്നത്. റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പൂർണമായും മൊബൈൽ ഫോണിലാണ് ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്.
മാഗ്‌നം ഓപസ് മീഡിയയുടെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ കാമറ, എഡിറ്റിംഗ്, രചന, സംവിധാനം മാധ്യമ പ്രവർത്തകനായ  ഷംനാദ് കരുനാഗപ്പള്ളിയാണ് നിർവഹിച്ചിരിക്കുന്നത്.
ടൈറ്റിൽ ആന്റ് ഗ്രാഫിക്‌സ് കനേഷ് ചന്ദ്രൻ, പോസ്റ്റർ ഡിസൈൻ പ്രകാശ് വയല, സാദിഖ് കരുനാഗപ്പള്ളി, നിസാർ പള്ളിക്കശ്ശേരിൽ, റഹ്മാൻ മുനമ്പത്ത് എന്നിവരാണ് മറ്റു പിന്നണി പ്രവർത്തകർ.
നായക കഥാപാത്രമായ ഷാജിയെ അവതരിപ്പിച്ചിരിക്കുന്നത് സാമൂഹിക സാംസ്‌കാരിക പ്രവർത്തകനായ സക്കീർ ദാനത്താണ്്. നായികാ കഥാപാത്രത്തെ സാബിറ ലബീബും കൂടാതെ ആദേശ്, ഷാനവാസ് മുനമ്പത്ത്, സാദിഖ് കരുനാഗപ്പള്ളി, നസീർ ഖാൻ, നാസർ ലെയ്‌സ്, ഷമീർ കല്ലിങ്കൽ, ഷനോജ് അബ്ദുല്ല, ലിയാസ് മേച്ചേരി, റാസിൻ റസാഖ്, ദിലീപ് കണ്ണൂർ, ജയിഷ് ജുനൈദ്, സംഗീത അനൂപ്, ഹരിപ്രിയ, സംഗീത വിനോദ്, മാസ്റ്റർ അദിദേവ് വിനോദ് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Tags

Latest News