ദക്ഷിണ കേരളത്തിൽ ഹരിത രാഷ്ട്രീയത്തിന്റെ പ്രതീകം

ഇന്ന്എ. യൂനുസ്കുഞ്ഞിന്റെ ഓർമദിവസം

മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എയും കൊല്ലം ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ വ്യവസായ മേഖലകളിൽ ശക്തിപ്രഭാവുമായിരുന്ന എ. യൂനുസ് കുഞ്ഞ് സാഹിബ് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
മതന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പരിശ്രമിക്കുകയും തെക്കൻ കേരളത്തിൽ ഹരിത രാഷ്ട്രീയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മഹത്‌വ്യക്തിയായിരുന്നു അദ്ദേഹം.
കൊല്ലം പട്ടണത്തോട് ചേർന്നുനിൽക്കുന്ന കൊല്ലൂർവിള എന്ന പ്രദേശത്ത് ഒരു നിർധന കുടുംബത്തിൽ അബ്ദുല്ലക്കുഞ്ഞ്  ഫാത്തിമ ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. തന്റെ പന്ത്രണ്ടാം വയസ്സിൽ കശുവണ്ടിത്തൊഴിലാളിയായി ജീവിതം ആരംഭിച്ചു. പിന്നീട് കുറച്ചു കാലം ചിന്നക്കടയിൽ ഓറഞ്ച് കച്ചവടം നടത്തി. അന്ന് ചിന്നക്കടയിൽ മേൽപാലത്തിന്റെ പണി തുടങ്ങിയപ്പോൾ കച്ചവടം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കശുവണ്ടി വാങ്ങി വറുത്തു വിൽപന തുടങ്ങി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തന്റെ ത്യാഗസന്നദ്ധതയും കഠിനാധ്വാനവും എന്തിനെയും നേരിടാനുള്ള മനക്കരുത്തും ആ വിജയ ചരിത്രത്തിൽ അനുഗ്രഹമായിത്തീർന്നു. കശുവണ്ടി വ്യവസായ രംഗത്ത് കേരളത്തിലെ അറിയപ്പെടുന്ന ഒരു വ്യവസായിയായി അദ്ദേഹം മാറി. 198182 കാലത്ത് വ്യക്തിഗത കശുവണ്ടി കയറ്റുമതിയിൽ രണ്ടാം സ്ഥാനക്കാരനായി.
വ്യവസായത്തോടൊപ്പം രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമായി തീരാനും നേതൃനിരയിലേക്ക് ഉയരാനും വളരെ പെട്ടെന്ന് അദ്ദേഹത്തിന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയക്കാരനായി പ്രവർത്തിച്ച യൂനുസ് കുഞ്ഞ്, സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസംഗം കേട്ട് മുസ്‌ലിം ലീഗിലേക്ക് ആകൃഷ്ടനായി അങ്ങനെ സി.എച്ചിനെ നേരിട്ട് കാണുകയും സിഎച്ചിന്റെ ക്ഷണം സ്വീകരിച്ച് മുസ്‌ലിം ലീഗിൽ അംഗത്വമെടുക്കുകയും ചെയ്തു. രാഷ്ട്രീയത്തിൽ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു ഗുരുവും വഴികാട്ടിയും. അങ്ങനെ മുസ്‌ലിം ലീഗ് കൊല്ലം താലൂക്ക് പ്രസിഡന്റായി. പിന്നീട് കൊല്ലം ജില്ല ജനറൽ സെക്രട്ടറിയും ജില്ല പ്രസിഡന്റുമായി. ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി. 1976 ഡിസംബർ 12 ന് കൊല്ലത്ത് നടന്ന ലീഗ് സമ്മേളനം കൊല്ലത്തെ ലീഗ് രാഷ്ട്രീയ ചരിത്രത്തെ അവസ്മരണീയമാക്കി. 1977 വടക്കേവിള പഞ്ചായത്ത് പ്രസിഡന്റ് ആയി. ഒരേ സമയം തന്നെ പഞ്ചായത്ത് പ്രസിഡന്റ,് ജില്ല പഞ്ചായത്ത് അംഗം എംഎൽഎ എന്നീ പദവികളിൽ നേതൃത്വം വഹിച്ച അപൂർവ വ്യക്തിത്വത്തിന് ഉടമയായി.
കൊല്ലത്തെ പ്രമുഖ വ്യവസായി, രാഷ്ട്രീയ നേതാവ് എന്നതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തി. 1975 കൊല്ലം കർബല ഇമാം ഹുസൈൻ മെമ്മോറിയൽ ടീച്ചർ ഇൻസ്റ്റിറ്റിയൂട്ടിന്റെ മാനേജർ ആയി. 1979 ൽ പിതാവ് അബ്ദുല്ലക്കുഞ്ഞിന്റെ പേരിൽ ഒരു ഹൈസ്‌കൂൾ സ്ഥാപിച്ചു. ഇത് പിന്നീട് ഹയർസെക്കണ്ടറി സ്‌കൂളായി. 1991 ൽ മാതാവ് ഫാത്തിമ ബീവിയുടെ ഓർമ നിലനിർത്താൻ ഫാത്തിമ മെമ്മോറിയൽ എജ്യൂക്കേഷൻ ട്രസ്റ്റിന് രൂപം നൽകി. വടക്കേവിള, തലച്ചിറ, കണ്ണനല്ലൂർ എന്നിവിടങ്ങളിൽ മൂന്ന് എൻജിനീയറിങ് കോളേജുകൾ സ്ഥാപിച്ചു. രണ്ട് ബി.ടെക് കോളേജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ശ്രമഫലമായി ഇന്ന് പ്രവർത്തിച്ചുവരുന്നു.
രാഷ്ട്രീയ രംഗത്തും സാമുദായിക രംഗത്തും വ്യാവസായിക രംഗത്തും സാമൂഹ്യ രംഗങ്ങളിലും പ്രശസ്തിയുടെ ഉച്ചകോടിയിലെത്തി. മൂന്ന് പതിറ്റാണ്ടിലധികം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ജമാഅത്തായ കൊല്ലൂർവിള മുസ്‌ലിം ജമാഅത്തിന്റെ പ്രസിഡന്റായിരുന്നു. മരിക്കുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു. മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ട്രഷറർ, ഫാത്തിമ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ, കാഷ്യു എക്‌സ്‌പോർട്ടേഴ്‌സ് പ്രൊമോഷൻ കൗൺസിൽ മുൻ വൈസ് ചെയർമാൻ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ചെയർമാൻ, കേരള അൺ എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. വ്യവസായ വളർച്ചയുടെ പ്രൗഢിയോ സാമ്പത്തിക ബലത്തിന്റെ ഗാംഭീര്യമോ അദ്ദേഹത്തിന്റെ ജീവിതത്തിൽ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു.
വലിപ്പച്ചെറുപ്പമില്ലാതെ ആർക്കും അദ്ദേഹത്തിന്റെ വീട്ടിൽ ഏത് ആവശ്യവുമായി എത്താമായിരുന്നു. നാട്ടുകാരുടെയും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും വീടുകളിലെ വിശേഷങ്ങളിൽ അവരിൽ ഒരാളായി അദ്ദേഹം ഉണ്ടായിരുന്നു. ഓരോ വ്യക്തികളുടെയും കഴിവുകൾ കണ്ടറിഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഫീസ് ഇളവുകളും ആനുകൂല്യങ്ങളും നൽകി സഹായിച്ചു. വിഷമതകളും ആവലാതികളും ആയി തന്റെ മുന്നിലെത്തുന്ന വരെ സന്തോഷത്തോടു കൂടിയല്ലാതെ അദ്ദേഹം മടക്കി വിടാറില്ല. കൊല്ലം പട്ടണത്തിലും പരിസര മേഖലകളിലും മുഴുവൻ സാമൂഹിക മണ്ഡലങ്ങളിലും അര നൂറ്റാണ്ട് കാലം അദ്ദേഹം ജ്വലിച്ചു നിന്നു. തെക്കൻ കേരളത്തിൽ ഹരിത രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു യൂനുസ്‌കുഞ്ഞ്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

(സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെംബറാണ് ലേഖകൻ)
 

Latest News