Sorry, you need to enable JavaScript to visit this website.

വെളിച്ചവഴിയിലെ ഇരുട്ട്

അതൊരു വെള്ളിയാഴ്ചയായിരുന്നു. അഭിഭാഷകനായ സൈഫാൻ ഷെയ്ഖും കൂട്ടരും ലഖ്നൗവിലെ ജില്ല കോടതിയിൽ വലിയ തിരക്കിലായിരുന്നു. തങ്ങളുടെ കക്ഷി മുഹമ്മദ് ആലമിനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ദിവസം മുഴുവൻ അവർ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല. വൈകുന്നേരത്തോടെ, ഒരു നല്ല വാർത്ത പുറത്തെത്തി. ആലമിന്റെ കൂട്ടുപ്രതി, മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു.
കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരായിരുന്ന അത്തിഖുർ റഹ്മാനും മസൂദ് അഹമ്മദും രണ്ട് വർഷമായി ജയിലിലാണ്, ടാക്‌സി ഡ്രൈവറായ ആലം, സിദ്ദീഖ് കാപ്പൻ എന്നിവരോടൊപ്പം. 850 ദിവസത്തെ ജയിൽ വാസത്തിനും ജുഡീഷ്യറിയിൽ വിശ്വാസമർപ്പിച്ച് ക്ഷമാപൂർവമായ നീണ്ട കാത്തിരിപ്പിനും ശേഷം വ്യാഴാഴ്ച രാവിലെ കാപ്പൻ ജയിൽ മോചിതനായി. മറ്റുള്ളവർ ജയിലിൽ തുടരുന്നു.
2020 ഒക്ടോബർ അഞ്ചിന് മഥുരക്ക് സമീപം, ദളിത് യുവതിയെ ഉയർന്ന ജാതിക്കാരായ നാല് ഠാക്കൂർ പുരുഷന്മാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ ഹാഥ്‌റസിലേക്ക് പോകുന്നതിനിടെയാണ് ഉത്തർപ്രദേശ് പോലീസ് നാല് പേരെയും അറസ്റ്റ് ചെയ്തത്. യു.എ.പി.എ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് നാലു പേർക്കെതിരെയും ഭീകരവാദ കുറ്റങ്ങൾ ചുമത്തിയത്.
ഓഗസ്റ്റ് 23 ന് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച നാല് പ്രതികളിൽ ഒന്നാമനായി ആലം. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ രണ്ട് പ്രാദേശിക ആൾ ജാമ്യവും നൽകണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. (ഒരു പ്രതിക്ക് വേണ്ടി ജാമ്യം നിൽക്കുന്നവർ പുറത്തിറങ്ങിയതിന് ശേഷം അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാകും. പ്രതികൾ ഒളിവിൽ പോയാൽ അവർ ജാമ്യമായി നൽകുന്ന സാമ്പത്തിക സ്വത്തുക്കൾ കോടതിക്ക് അറ്റാച്ച് ചെയ്യാം.) രണ്ട് മാസത്തിന് ശേഷം, ഒക്ടോബർ 31 ന്, ലഖ്നൗവിലെ പ്രത്യേക കോടതി പി.എം.എൽ.എ കേസിൽ ആലമിന് ജാമ്യം അനുവദിച്ചു, കൂടുതൽ കർശനമായ വ്യവസ്ഥകൾ നിരത്തി: 2,00,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ രണ്ട് ആൾ ജാമ്യവും.
രണ്ടാമത്തെ ഉത്തരവ് ആലമിന്റെ മോചനത്തിന് വഴിയൊരുക്കേണ്ടതായിരുന്നു. എന്നാൽ അതിനു ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ആലം ഇപ്പോഴും അഴികൾക്കുള്ളിൽ തന്നെയാണ്. പോലീസിന്റെയും സിവിൽ അഡ്മിനിസ്ട്രേഷന്റെയും 'നടപടിക്രമ വീഴ്ച'യെയാണ് ആലമിന്റെ അഭിഭാഷകർ പഴി ചാരുന്നത്. ടാക്‌സി ഡ്രൈവറുടെ കുടുംബത്തിന് ജാമ്യക്കാരെ ഏർപ്പാടാക്കാൻ കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥർ പരിശോധനയിൽ കാലതാമസം വരുത്തി.
കാപ്പന്റെ അഭിഭാഷകരും, സമാനമായ ബ്യൂറോക്രാറ്റിക് കാലതാമസം അനുഭവിച്ചു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിട്ടും സുപ്രീം കോടതി വരെ ഇടപെട്ടിട്ടും കാപ്പന്റെ മോചനം നീണ്ടുപോയി. കാപ്പനും ആലമും നേരിട്ട ബുദ്ധിമുട്ടുകൾ, ഒരു വലിയ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നതായി അഭിഭാഷകർ പറയുന്നു: ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാകാതെ ജയിലിൽ കഴിയേണ്ടിവരുന്ന ആളുകൾ രാജ്യത്ത് കൂടിവരുന്നു.
ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയുള്ള ഒരു ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ വർഷം നവംബർ 30 ന്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്, ജാമ്യം ലഭിച്ചിട്ടും ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജയിലിൽ കഴിയുന്ന തടവുകാരുടെ വിവരങ്ങൾ നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 2022 അവസാനത്തോടെ രാജ്യത്തുടനീളം, ജാമ്യം ലഭിച്ചിട്ടും 5029 തടവുകാർ ജയിലിലായിരുന്നുവെന്നാണ് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചത്.
ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചതിന് ശേഷമാണ് ഈ ഡാറ്റ നൽകിയത്. 
ദേശീയ നിയമ സേവന അതോറിറ്റിക്ക് ഡാറ്റ നൽകാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ നിർദേശിക്കാനും ആവശ്യമുള്ളിടത്ത് നിയമ സഹായം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ഉത്തരവിന് മറുപടിയായി, സംസ്ഥാന നിയമ സേവന അധികാരികൾ ഡിസംബർ അവസാനത്തോടെ അത്തരം തടവുകാരുടെ എണ്ണത്തെക്കുറിച്ചുള്ള ഡാറ്റ ദേശീയ അതോറിറ്റിക്ക് സമർപ്പിച്ചു. തുടർന്ന്, വിചാരണ തടവുകാരെ വിട്ടയക്കുന്നതിനും നിയമ സഹായം നൽകുന്നതിനുമുള്ള പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. 2357 തടവുകാർക്ക് നിയമ സഹായം നൽകിയതായും അവരിൽ 1147 പേരെ  വിട്ടയച്ചതായും പുരോഗതി റിപ്പോർട്ടിൽ പറയുന്നു. അതായത് ഈ തടവുകാർ അന്യായമായ തടങ്കലാണ് അനുഭവിച്ചതെന്ന് സാരം. 
ഡിസംബർ അവസാനം, മഹാരാഷ്ട്രയിൽ 703 പേർ ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 215 പേർക്ക് നിയമസഹായം നൽകുകയും 314 പേരെ വിട്ടയക്കുകയും ചെയ്തതായി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. ദൽഹിയിൽ ഇത്തരത്തിൽ തടവുകാരുടെ എണ്ണം 287 ആയിരുന്നു, അതിൽ 217 പേർക്ക് നിയമ സഹായം നൽകുകയും 71 പേരെ മോചിപ്പിക്കുകയും ചെയ്തു.
ഒന്നിലധികം കേസുകളിൽ പ്രതികളാകുന്നതാണ് വിചാരണത്തടവുകാർ പുറത്തിറങ്ങുന്നതിലെ ഏറ്റവും വലിയ തടസ്സമെന്നും എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നതുവരെ മോചിപ്പിക്കാൻ പോലീസ് തയാറല്ലെന്നും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി റിപ്പോർട്ടിൽ  പറയുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. 
ഒരു കാരണവശാലും നിയമപ്രകാരമുള്ള ജാമ്യത്തിന് തടവുകാരൻ അർഹനാകരുത് എന്ന നിർബന്ധ ബുദ്ധിയോടെ പലവിധ കേസുകൾ പല കോടതികളിലായി നൽകിയാണ് ഇങ്ങനെ ആളുകളെ അഴികൾക്കുള്ളിലാക്കുന്നത്. നമ്മുടെ നിയമ വ്യവസ്ഥയുടെ സുപ്രധാന ഭാഗമായ ജാമ്യ വ്യവസ്ഥയെയാണ് ഭരണകൂടം ഇപ്രകാരം പരിഹാസ്യമാക്കുന്നത്. മഅ്ദനി മുതൽ കാപ്പൻ വരെയുള്ളവർ ഈ ഭരണകൂട തന്ത്രത്തിന്റെ ഇരകളാണ്.
ജാമ്യം ലഭിച്ചിട്ടും വിചാരണത്തടവുകാരെ വിട്ടയക്കാത്തതിന്റെ മറ്റു കാരണങ്ങളിൽ കുടുംബാംഗങ്ങൾ ജാമ്യ ബോണ്ടുകൾ നൽകാൻ തയാറാകാത്തതും പ്രതിയുടെ കൈവശം പണമില്ലാത്തതും ഉൾപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിയമസേവന അതോറിറ്റിയാണ് തടവുകാരുടെ രക്ഷക്കെത്തേണ്ടത്. എന്നാൽ അത് പലപ്പോഴും കൃത്യമായി നിർവഹിക്കപ്പെടാറില്ല. 
ഈ വശം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ അഥവാ എൻഐസി ഇത്ഫലപ്രദമായി നടക്കുന്നു എന്ന ഉറപ്പു വരുത്താൻ നിയതമായ ഒരു നടപടിക്രമം തയാറാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 1300 ജയിലുകളിൽ പ്രവർത്തിക്കുന്ന എൻ.ഐ.സിയുടെ ഇ-പ്രിസൺ സോഫ്റ്റ്വെയറിൽ ജാമ്യ വിവരങ്ങളും അത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും രേഖപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജാമ്യം അനുവദിച്ച തീയതി മുതൽ 7 ദിവസത്തിനുള്ളിൽ പ്രതിയെ വിട്ടയച്ചില്ലെങ്കിൽ, ഇ-പ്രിസൺ സോഫ്റ്റ്വെയർ സ്വയമേവ ഒരു റിമൈൻഡർ നൽകും വിധമാണ് സംവിധാനം. ബന്ധപ്പെട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് പ്രതികളെ മോചിപ്പിക്കാത്തതിന്റെ കാരണം ഇതിലൂടെ കണ്ടെത്താനാകും.
ഇത്തരം സംവിധാനങ്ങളെല്ലാം സജീവമായ ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജുഡീഷ്യൽ സുതാര്യത ഉറപ്പു വരുത്താനുള്ളതാണ്. എന്നിട്ടും ഭരണകൂടം ഇഛിക്കാതെ ഇതൊന്നും ഭംഗിയായി നടക്കില്ല എന്നതിന് തെളിവാണ് സിദ്ദീഖ് കാപ്പന്റെ നീണ്ടുപോയ മോചനം. കേസുകളിൽ കുരുക്കി, ഇരകളെ ഒരിക്കലും വെളിച്ചം കാണാത്ത ഇരുട്ടറകളിൽ അടക്കുകയെന്ന ഭരണകൂട തന്ത്രം, നമ്മുടെ നിയമത്തിന്റെ ദുർബലതകളെ ഒരിക്കൽ കൂടി വെളിച്ചത്തു കൊണ്ടുവരികയാണ്. 

Latest News