കണ്ണൂരിലെ ദുരന്തം: തീ പടരാനിടയാക്കിയത്  കാറിനുള്ളില്‍ സൂക്ഷിച്ച പെട്രോള്‍ 

കണ്ണൂര്‍-കണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച കാര്‍ അപകടത്തിന്റെ കാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ സംഘം. കാറിനുള്ളില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുണ്ടായ തീ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തല്‍. ജെസിബി ഡ്രൈവര്‍ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോള്‍ കാര്‍ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയില്‍ വച്ചിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്ക്  പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാന്‍ കാരണമിതാണ്. എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടര്‍ന്നതിനാല്‍ ലോക്കിങ്ങ് സിസ്റ്റവും പ്രവര്‍ത്തനരഹിതമായി. ഇന്നലെയാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീ പിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച ദാരുണ സംഭവമുണ്ടായത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടേ നാലു പേര്‍ രക്ഷപ്പെട്ടു.

Latest News