Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ പുനരധിവാസത്തിന് 50 കോടി; മടങ്ങിയെത്തുന്ന ഓരോ പ്രവാസിക്കും 100 തൊഴിൽദിനം ഉറപ്പാക്കും

തിരുവനന്തപുരം - കേരള ബജറ്റിൽ പ്രവാസി കരുതൽ വീണ്ടും. കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. നോർക്ക വഴി ഓരോ പ്രവാസിക്കൾക്കും 100 തൊഴിൽ ദിനങ്ങൾ ഒരുക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് കുറഞ്ഞ വരുമാനമുള്ളവർക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂൾഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും. എയർപോർട്ടുകളിൽ നോർക്ക ആംബുലൻസ് സർവീസുകൾ 60 ലക്ഷം അനുവദിക്കും. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി അനുവദിക്കും. 
   മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടി ബജറ്റിൽ വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികളുടെ നിലനിൽപ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികൾ സർക്കാർ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

പ്രവാസികൾക്ക് ആശ്വാസം; വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടി രൂപയുടെ കോർപസ് ഫണ്ട്
തിരുവനന്തപുരം -
വിമാനയാത്രക്കൂലിയിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ ഇതിനകം വിവിധ തലങ്ങളിൽ ചർച്ച നടത്തി പരിഹാരത്തിന് ശ്രമിച്ചുവരികയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അടിക്കടിയുണ്ടാവുന്ന വിമാന യാത്രാനിരക്ക് പ്രവാസികൾക്കും അവരുടെ കുടുംബത്തിനുമുണ്ടാക്കുന്ന പ്രയാസങ്ങൾ നിസ്സാരമല്ല. വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടി രൂപയുടെ കോർപസ് ഫണ്ട് അനുവദിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു.
 വിമാനയാത്രാ ചെലവ് നിയന്ത്രിക്കാൻ ആഭ്യന്തര, വിദേശ എയർലൈൻ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, പ്രവാസി അസോസിയേഷനുകൾ എന്നിവരുമായി സർക്കാർ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുണ്ട്. നോർക്ക റൂട്ട്‌സ് വിമാനയാത്രക്കാരുടെ ഡിമാൻഡ് അഗ്രഗേഷനായി ഒരു പ്രത്യേക പോർട്ടൽ നടപ്പാക്കാനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്
 വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനുമാണ് പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് ഉപയോഗപ്പെടുത്തുക. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്‌തെന്നും വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ്വ് ഉണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു. വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയ്യാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്ററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു.
 

Latest News