Sorry, you need to enable JavaScript to visit this website.

പഞ്ചസാരയെ മറന്നേക്കൂ, വെല്ല ചായ  ശീലമാക്കി ജീവിത ശൈലി രോഗങ്ങളെ അകറ്റാം  

കോഴിക്കോട്- കോഴിക്കോട് ജില്ലയിലെ വടകരയില്‍ പഴയ ബസ് സ്റ്റാന്റിനടുത്ത് പ്രവാസി സംരംഭമായി തുടങ്ങിയ ന്യൂജെന്‍ ടീ ഷോപ്പില്‍ ഒരു ബോര്‍ഡ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിലുണ്ട്. ഇവിടെ വെല്ല ചായ കിട്ടുമെന്നതാണത്. വെയിറ്റര്‍മാരോട് അന്വേഷിച്ചപ്പോള്‍ ഇതിന് ആവശ്യക്കാരേറി വരികയാണെന്നും പറഞ്ഞു. സാദാ ചായയേക്കാള്‍ വില ഇത്തിരി കൂടും. ചായ മിക്ക സ്ഥലത്തും പത്ത് രൂപയ്ക്ക് ലഭിക്കുമ്പോള്‍ ഇതിന് ഇരുപത് രൂപയാണ്. എന്നാലും ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയമേറി വരികയാണ്. ഇതിന്റെ ആരോഗ്യ വശം നോക്കാം. 
പഞ്ചസാരയെ വെളുത്ത വിഷം എന്ന പേരിലാണ് പ്രകൃതിയോട് ഇണങ്ങുന്ന ഭക്ഷണം കഴിക്കണമെന്ന് വാദിക്കുന്നവര്‍ വിശേഷിപ്പിക്കുന്നത്. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ, ഇതിന് സമാനമായ മറ്റ് സാധനങ്ങളോ ഉപയോഗിക്കുന്നവരും ഉണ്ട്. അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വീക്കം, ശരീരഭാരം, പ്രമേഹം, ഫാറ്റി ലിവര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇടവരുത്താം. ഇതിനാല്‍ ചായയിലും പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നവരുണ്ട്. മധുര പലഹാരങ്ങളില്‍ പണ്ട് കാലം തൊട്ടേ ശര്‍ക്കര ഉപയോഗിച്ചു വരുന്നു. പഞ്ചസാരയ്ക്ക് പകരക്കാരനായി ശര്‍ക്കരയെ ഉപയോഗിച്ചത് കൊണ്ട് പ്രമേഹം അടക്കമുള്ള രോഗങ്ങളെ മാറ്റി നിര്‍ത്താനാകില്ല.  സീസണുകളില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ശര്‍ക്കര ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ആരോഗ്യപ്രദം. പ്രത്യേകിച്ച് ശൈത്യകാലത്ത് പഞ്ചസാരയേക്കാള്‍ ശര്‍ക്കര ചായയില്‍ അടക്കം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെന്തെന്ന് നോക്കാം.
ചിട്ടയായ വ്യായാമത്തിനൊപ്പം ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മ മൂലം പലരിലും അമിത വണ്ണം ഉണ്ടാകാറുണ്ട്. ഭക്ഷണക്രമത്തില്‍ അളവില്‍ കൂടുതല്‍ പഞ്ചസാര അടങ്ങുന്ന ബേക്കറി പലഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നതും അമിത വണ്ണത്തിന് കാരണമാകും. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകരമാണ്. കലോറി കുറവായതിനാല്‍ തന്നെ അമിത ആശങ്കയില്ലാതെ തന്നെ ചായയില്‍ അടക്കം ഉപയോഗിക്കാവുന്നതാണ്.ശരീരത്തില്‍ അയണിന്റ അഭാവം മൂലമാണ് വിളര്‍ച്ച എന്ന അവസ്ഥയുണ്ടാകുന്നത്.  ഇതിന് പ്രതിവിധിയായി ശര്‍ക്കര ഉപയോഗിക്കാവുന്നതാണ്. ശര്‍ക്കരയിലെ അയണിന്റെ സാന്നിദ്ധ്യം തന്നെയാണ് ഇതിന് കാരണം. ചുമയും കഫക്കെട്ടും വരുന്ന സമയത്ത് പലരും പാല്‍ അടങ്ങിയ കോഫിയും ചായയും ഒഴിവാക്കാറുണ്ട്. പാല്‍ ഒഴിവാക്കി കട്ടന്‍ചായ ഉപയോഗിക്കുന്നതിനോടൊപ്പം പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ രോഗവസ്ഥകള്‍ക്ക് ശമനമുണ്ടാകും. ഹൃദയസംബന്ധമായ രോഗങ്ങള്‍ രക്തസമ്മര്‍ദ്ദം എന്നിവ ഒരു പരിധി വിടാതെ നിയന്ത്രിക്കുന്നതിനും ശര്‍ക്കര ഉപയോഗിക്കാവുന്നതാണ്.
 

Latest News