Sorry, you need to enable JavaScript to visit this website.

അറബിക്കടലേ കരയണ്ട യു.ഡി.എഫ് വരുന്നുണ്ടെന്ന് സി.പി.എം

സ്പാർക്കുള്ള കാര്യങ്ങളിൽ മാത്രം കയറി പിടിക്കുന്നയാളാണ് 
      ഷാർപ്പ് രാഷ്ട്രീയത്തിന്റെ ആളായ മുഖ്യമന്ത്രി പിണറായി വിജയൻ. അതു കൊണ്ടാണ് കോൺഗ്രസിലെ മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസവും ഇന്നലെയും കൈകാര്യം ചെയ്ത സങ്കീർണമായ രാഷ്ട്രീയത്തിന് ചുറ്റും ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയ ചർച്ചയുടെ അവസാന ദിനവും മുഖ്യമന്ത്രിയും സർവ ശക്തിയോടെ നിൽപുറപ്പിച്ചത്. കേരളത്തിലെ മയക്കുമരുന്ന് മാഫിയ വ്യാപനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം അവതരിപ്പിച്ച കുഴൽനാടൻ തന്റെ സുപ്രീം കോടതി അഭിഭാഷക ബുദ്ധി പുറത്തെടുത്തായിരുന്നു പതിവ് പോലെ വിഷയാവതരണം നടത്തിയത്. തൊടുക്കുമ്പോൾ ഒന്ന് കൊള്ളുമ്പോൾ അനേകം എന്ന രീതി. ആലപ്പുഴ ജില്ലയിലെ സി.പി.എം നേതാക്കളുടെ മയക്കുമരുന്ന് മാഫിയ ബന്ധമായിരുന്നു വിഷയമെങ്കിലും കുഴൽനാടൻ വിഷയത്തിന്റെ ഗൗരവ സ്വഭാവം ഇങ്ങിനെ ചുരുക്കി -മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ കച്ചവടത്തിലെ വൻ ലാഭം ചവിട്ടു പടിയാക്കി സി.പി.എമ്മിലെ ഒരു വിഭാഗം ആ പാർട്ടിയിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത്യന്തം ഗൗരവമുള്ള വിഷയമാണിത്. കുഴൽ നാടന്റെ ഉന്നം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ക്ഷോഭിക്കുന്നതാണ് പിന്നെ സഭ കണ്ടത്. 
'പ്രതിപക്ഷ ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുള്ളത്. ഒരു അംഗത്തിന് സി.പി.എം പോലെയുള്ള ഒരു പാർട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ പറ്റില്ല എന്നാണ്. എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ ? ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും ഒരു അതിരുവേണം. ആ അതിര് ലംഘിച്ച് പോകാൻ പാടില്ല'' -ക്ഷുഭിതനായി മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളുടെ അതിരൊക്കെ നിശ്ചയിച്ച് ഇത്രയും പറഞ്ഞപ്പോൾ അന്നൊരിക്കൽ ഇതുപോലെ മുഖ്യമന്ത്രി ക്ഷോഭിച്ച ചിത്രം സഭയുടെ ഓർമയിൽ തെളിഞ്ഞു വന്നത് സ്വാഭാവികം- അത് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെടുത്തി മാത്യു ഉന്നയിച്ച ചില ആരോപണങ്ങളുടെ സാഹചര്യത്തിലായിരുന്നു. രാഷ്ട്രീയം നോക്കി ലഹരിക്കടത്ത് കേസിലെ ഏതെങ്കിലും പ്രതികളെ രക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നായിരുന്നു വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ ഉറപ്പ്. ആരോപണ വിധേയനായ ഷാനവാസിന്റെ ലോറി ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്നത് വസ്തുതയാണ്. എന്നാൽ ഷാനവാസിനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന നിസ്സഹായതയും മന്ത്രി അറിയിച്ചു. എന്നെങ്കിലും കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കുഴൽ നാടൻ നൽകിയത്. വക്കീൽ സ്‌റ്റൈലിൽ തന്നെ പഴയ മണിച്ചൻ കേസ് വിധിയിലെ പരാമർശങ്ങളും ഉദ്ധരണിയാക്കിയപ്പോൾ ഭരണ ബെഞ്ചിന് എങ്ങിനെ അടങ്ങിയിരിക്കാനാകും ? എല്ലാ കോലാഹലങ്ങളുടെയും കാരണവും അതു തന്നെ. കുഴൽ നാടനെ അടർത്തി മാറ്റി നിർത്താനുള്ള ശ്രമവും അതിലിടക്ക് മുഖ്യമന്ത്രി നടത്തിയിരുന്നു. പാർട്ടിയും മുന്നണിയും ആലോചിച്ച് തന്നെയാണ് കുഴൽ നാടനെ ദൗത്യം ഏൽപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈ ശ്രമത്തിനെതിരെ കുഴൽനാടന്റെ പക്ഷം നിന്നു. 
ജോഡോ യാത്രയിൽ സി.പി.എം പങ്കെടുക്കാതിരുന്നത് പി.ബി തീരുമാനത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടി വന്നതിന് മുഖ്യ കാരണക്കാരനും കുഴൽ നാടൻ തന്നെ. രാഹുൽ ഗാാന്ധിയുടെ ജോഡോ യാത്രയിൽ പങ്കാളിയാകാത്ത സി.പി.എമ്മിനെതിരെ കുഴൽ നാടൻ അതിശക്തമായി പ്രതികരിച്ചിരുന്നു. എം.എം. മണിയുടെ കാഴ്ചപ്പാടനുസരിച്ച് രാഹുൽ ഗാന്ധിയും അമ്മയും പെങ്ങളുമെല്ലാം ഇങ്ങിനെ ഇറങ്ങി നടന്ന് നടന്ന് വിയർക്കുക തന്നെ വേണം. കാരണം അവരാണ് ഇന്ത്യയെ ഇന്നത്തെ അസ്ഥയിലെത്തിച്ചതിന് ഉത്തരവാദികൾ. സി.പി.എം ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ കോൺഗ്രസുകാരെല്ലാം ബി.ജെ.പി ആകുമായിരുന്നു എന്നും മണിക്ക് ഉറപ്പുണ്ട്. നോക്കിക്കോ, കുഴൽ നാടൻ താമസിയാതെ അതാകും പോക്ക് അങ്ങോട്ടാണ്. 
വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയ കാലം കഴിഞ്ഞെന്ന് യു.ഡി.എഫിനെയും ബി.ജെ.പിയെയും ഓർമിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി നന്ദി പ്രമേയ ചർച്ചാ മറുപടി ഉപസംഹരിച്ചത്. സി.പി.എമ്മിലെ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കുറ്റിയാടിയിലും വടകരയിലുമൊക്കെ സി.പി.എം ജാഥകളിൽ കാലങ്ങളായി കേൾക്കുന്ന അറബിക്കടലെ കരയണ്ട യു.ഡി.എഫ് വരുന്നുണ്ട് എന്ന മുദ്രാവാക്യത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള അറബിക്കടലിന്റെ അവസ്ഥയും ഈ ഘട്ടത്തിൽ ഓർമയിലെത്താതിരുന്നില്ല -മുദ്രാവാക്യം കണ്ടു പിടിച്ച നാട്ടു കവി മഹാൻ തന്നെ. ആർക്കും ചേരും പടി ചേർത്ത് വിളിക്കാം. 

Latest News