പ്രവാസികളെ അവഗണിച്ച് കേന്ദ്ര ബജറ്റ്; പ്രതിഷേധം രേഖപ്പെടുത്തി നവോദയ

റിയാദ്- കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിക്കുന്നത് പതിവായിരിക്കുന്നുവെന്ന് റിയാദ് നവോദ അഭിപ്രായപ്പെട്ടു. നവോദയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തവണയും പ്രവാസികൾക്ക് ഒരു പദ്ധതിയും കേന്ദ്ര ബജറ്റ് മുന്നോട്ടു വെയ്ക്കുന്നില്ല. 
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കനത്ത സംഭാവനകൾ നൽകുന്ന പ്രവാസികളെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. 
പ്രവാസി വകുപ്പ് ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ, ബജറ്റിലും പ്രവാസികൾക്ക് അസ്പൃശ്യത കൽപിച്ചിരിക്കുകയാണ്. നേരത്തേയും ബജറ്റ് പൂർണമായി കേരളത്തോട് ചിറ്റമ്മ നയമാണ് അനുവർത്തിച്ചിട്ടുള്ളത്. എയിംസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ പല സുപ്രധാന ആവശ്യങ്ങളും കേന്ദ്രം പരിഗണിച്ചിട്ടില്ല. 
തൊഴിലാളികളെയും കർഷകരേയും സാധാരണ ജനങ്ങളെയും നിരാശപ്പെടുത്തി ആർ.എസ്.എസിന്റെ വർഗീയ അജണ്ടക്ക് ഊന്നൽ കൊടുക്കുന്ന കേന്ദ്ര സർക്കാറിന്റെ ബജറ്റിനെതിരെ പ്രവാസികളും പൊതു സമൂഹവും ശക്തമായ പ്രതിഷേധമുയർത്തണമെന്ന് റിയാദ് നവോദയ അഭ്യർഥിച്ചു.

Tags

Latest News