ജിദ്ദ- സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിന് കീഴിലുള്ള 19 ഓളം ടീമുകളെ ഉൾപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ജിദ്ദ നടത്തുന്ന അബീർ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ ലീഗിന് ഇന്ന് തുടക്കം. അൽമാസ് പ്ലാസ്റ്റിക്‌സ് ആൻഡ് ക്ലീനിംഗ് മുഖ്യ പ്രായോജകരാവുന്ന ടൂർണമെന്റിൽ സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിൽ രജിസ്റ്റർ ചെയ്ത 19 ടീമുകൾ പങ്കെടുക്കും.
ഇന്ന് നടക്കുന്ന മത്സരങ്ങളിൽ എ.സി.സി-ബി, ബ്ലൂസ്റ്റാർ-ബി, യൂത്ത് ഇന്ത്യ, റെഡ്‌സീ ബ്ലാസ്‌റ്റേഴ്‌സ്, ടാലെന്റ് ടീൻസ്, സ്‌പോർട്ടിങ് യുണൈറ്റഡ്-ബി എന്നിവരാണ് ജിദ്ദ ഖാലിദ് ഇബ്‌നു വലീദിലുള്ള അൽറസൂഫ് സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. ആദ്യ കളിയിൽ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഡിഡിവിഷനിൽ സ്‌പോർട്ടിങ് യുണൈറ്റഡ്-ബി, ടാലെന്റ് ടീൻസ് അക്കാദമിയെ നേരിടും. 9 മണിക്ക് നടക്കുന്ന ബി ഡിവിഷൻ മത്സരത്തിൽ എൻകൺഫെർട്‌സ് എ.സി.സി, യൂത്ത് ഇന്ത്യ എഫ്.സിയെ നേരിടും.
മറ്റൊരു മത്സരത്തിൽ 10 മണിക്ക്, റെഡ്‌സീ ബ്ലാസ്‌റ്റേഴ്‌സ്, ബ്ലൂസ്റ്റാർ എഫ്.സിയെ നേരിടും. കുട്ടികൾക്കുള്ള എക്‌സാം നടപടികൾ തുടരുന്നതിനാൽ തുടർന്നുള്ള ജൂനിയേഴ്‌സിന്റെ മത്സരങ്ങളുടെ സമയം വീക്ക് ഡേയ്‌സ് ആക്കി മാറ്റിയിട്ടുണ്ട്. സിഫ് ചാമ്പ്യൻമാരായ സബീൻ എഫ്.സി, എ.സി.സി, ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, ഫാൽക്കൺ എഫ്ആ.സി, യാസ് റിയൽ കേരള, ന്യൂ കാസിൽ എഫ്.സി, മഹ്ജർ എഫ്.സി, ബ്ലൂസ്റ്റാർ-ബി, റെഡ്‌സീ ബ്ലാസ്‌റ്റേഴ്‌സ്, ഐ.ടി സോക്കർ, എഫ്.സി ഖുവൈസ, എ.സി.സി-ബി, ജിദ്ദ എഫ്.സി, യൂത്ത് ഇന്ത്യ എഫ്.സി, ഫ്രണ്ട്‌സ് ജിദ്ദ-ബി എന്നീ സീനിയർ ടീമുകളും, സ്‌പോർട്ടിങ് യുണൈറ്റഡ്, ടാലെന്റ് ടീൻസ് സോക്കർ അക്കാദമി, ജെ.എസ്.സി സോക്കർ അക്കാദമി, സോക്കർ ഫ്രീക്‌സ്, സ്‌പോർട്ടിങ് യുണൈറ്റഡ്-ബി എന്നീ ജൂനിയർ ടീമുകളുമാണ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്നത്.
സിഫ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ടൂർണമെന്റ് എഡിവിഷൻ, ബി, സി ഡിവിഷൻ, ഡി ഡിവിഷൻ എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. നേരത്തെ ടൂര്ണമെന്റിന്റെ ഫിക്‌സ്ചർ ഡ്രോ എൻകൺഫർട്‌സ് ഗ്രൂപ്പിന്റെ അൽമസാക്കീൻ വില്ലയിൽ അബീർ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സിദ്ധീഖ് നെല്ലായ നിർവഹിച്ചു. സിഫ് സെക്രട്ടറി അയ്യൂബ് മുസ്ലിയാരകത്ത്, നിസാം പാപ്പറ്റ, സമ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞിപ്പ എന്നിവരും ക്ലബ് ഭാരവാഹികളും പങ്കെടുത്തു.






