അൽകോബാർ - അഖ്‌റബിയ ഖുർആനിക് സ്‌കൂൾ സനദ് ദാന ചടങ്ങും സാംസ്‌കാരിക സമ്മേളനവും വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഹ്രസ്വ സന്ദർശനത്തിന് സൗദിയിൽ എത്തിയ കേരള മദ്രസ വിദ്യാഭ്യാസ ബോർഡ് അംഗം അബൂബക്കർ ഫാറൂഖി ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ചുകൊണ്ട് സർഗാത്മകമായി ഇസ്‌ലാമിക ജീവിതം നയിക്കുന്ന തലമുറയെ വാർത്തെടുക്കുകയും അത് സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുകയും ചെയ്യുന്ന മഹത്തായ സേവനമാണ് മദ്രസ സംവിധാനങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിജയം നേടി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ സർട്ടിഫിക്കറ്റും ഉപഹാരവും നൽകി ആദരിച്ചു. മുഖ്യാതിഥി സഅദി അലി അൽഖുറൈശ്, തനിമ സൗദി പ്രസിഡന്റ് കെ.എം ബഷീർ, മദ്രസ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബഷീർ, പ്രിൻസിപ്പൽ നൂറുദ്ദീൻ, എം.ടി.എ പ്രസിഡന്റ് ആശിഫ അതീഖ് റഹ്മാൻ, എസ്.ടി ഹിഷാം, അബ്ദുല്ല മാമ്പ്ര, ജസ്‌ന മൂസ എന്നിവർ സംസാരിച്ചു. യൂനുസ് സിറാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉമർ ഫാറൂഖ്, റഷീദ് ഉമർ, മുജീബ് കളത്തിൽ, മുഹമ്മദ് പക്ദീരി, ത്വയ്യിബ് എന്നിവർ സംബന്ധിച്ചു.
കെ.ജി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിജ്ഞാനപ്രദവും വർണശബളവുമായ നിരവധി കലാ പരിപാടികൾ അരങ്ങേറി. ലഹരിയുടെ പിടിയലമരുന്ന കുട്ടികൾ, സ്ത്രീധനം, അന്ധവിശ്വാസം, സോഷ്യൽ മീഡിയയുടെ ദുരുപയോഗം തുടങ്ങിയ സാമൂഹിക വിപത്തുകൾ വിവിധ കലാരൂപങ്ങളിലൂടെ വിദ്യാർഥികൾ ചിത്രീകരിച്ചത് മികവ് പുലർത്തി. കുരുന്ന് വിദ്യാർഥികളുടെ വെൽക്കം ഡാൻസ്, പെൺകുട്ടികളുടെ ഒപ്പന, ഖവാലി, ഗാനങ്ങൾ, പ്രസംഗം തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി. കുട്ടികൾ തയാറാക്കിയ ഷോർട്ട് ഫിലിം സദസ്സിൽ പ്രദർശിപ്പിച്ചു.
ലൈവ് ക്വിസ്, മൈമിംഗ്, സംഗീത ശിൽപം, നാടകം തുടങ്ങിയവ മികച്ച നിലവാരം പുലർത്തി. തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് അൻവർ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എ.കെ അസീസ് സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മദ്രസ അധ്യാപകരെ സദസ്സിൽ ആദരിച്ചു. ആരിഫ് അലി, സഫുവാൻ, സുമയ്യ ഷറഫാത് എന്നിവർ അവതാരകർ ആയിരുന്നു.






