പാഠ്യപദ്ധതി ചട്ടക്കൂട്: രക്ഷിതാക്കൾ ജാഗ്രത പുലർത്തണം -എസ്.ഐ.സി

എസ്.ഐ.സി ജിദ്ദയിൽ സംഘടിപ്പിച്ച 'ഇസ്‌ലാം ബൗദ്ധികം, സമഗ്രം, സംവാദാത്മകം' പരിപാടിയിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ശുഐബുൽ ഹൈത്തമി എന്നിവർ പ്രസംഗിക്കുന്നു.

ജിദ്ദ- കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന പാഠ്യപദ്ധതി ചട്ടക്കൂടിനെപ്പറ്റി രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് വാഗ്മിയും യുവ പണ്ഡിതനുമായ ശുഐബുൽ ഹൈത്തമി പറഞ്ഞു. പാഠപുസ്തകങ്ങൾ വഴിയും പള്ളിക്കൂടങ്ങൾ വഴിയും മതവിരുദ്ധ,ജെൻഡർ ന്യൂട്രാലിറ്റി അടക്കമുള്ള ലിബറൽ ആശയങ്ങൾ കുട്ടികളിൽ അടിച്ചേൽപിക്കാനുള്ള ശ്രമം ചെറുത്തു തോൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ഇസ് ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'ഇസ്‌ലാം ബൗദ്ധികം, സമഗ്രം, സംവാദാത്മകം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
മനുഷ്യർ ആണും പെണ്ണുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആണിനെ പെണ്ണാക്കാനോ പെണ്ണിനെ ആണാക്കാനോ പാടില്ലാത്തതാണ്. വ്യക്തിയാണ് ഒരാളുടെ ശരിയും തെറ്റും തീരുമാനിക്കുന്നത് എന്ന ആധുനിക വാദം ഏറെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. 
യുവജനങ്ങളിൽ ഇത്തരം ചിന്താഗതി വളർന്നു വരുന്നത് കാരണം ഇപ്പോൾ കാമ്പസുകളിൽ വളരെ അപകടകരമായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വേദ ഗ്രന്ഥമായ ഖുർആൻ ഹിജാസിന്റെ ആസ്ഥാനമായ മക്കയിൽ അവതരിച്ചത് നിരവധി തർക്കങ്ങൾ ഒഴിവാക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു. പുരാതന കാലം മുതൽ സഞ്ചാര പ്രിയരായിരുന്ന അറബികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി നല്ല അറിവ് ഉണ്ടായിരുന്നു. അവരിലൂടെയാണ് ഖുർആനിന്റെ സന്ദേശം ലോകം മുഴുവൻ പ്രചരിച്ചത്. മനുഷ്യന്റെ എല്ലാ അഭിരുചികളും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങൾ ഖുർആനിൽ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലമേറെ കഴിഞ്ഞിട്ടും മാറുന്ന ലോകത്ത് ഖുർആൻ ഒരു മാറ്റവും കൂടാതെ നിലനിൽക്കുന്നത് അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തത് കൊണ്ടാണെന്ന് ഖുർആൻ സൂക്തം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഷറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.ഐ.സി ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി.
പ്രമുഖ ഖുർആൻ പണ്ഡിതനും ജാമിഅ നൂരിയ അറബിക്കോളേജ് പ്രൊഫസറുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ 'ഖുർആൻ പഠനപര്യടനം' പദ്ധതി വിശദീകരിച്ചു. എസ്.ഐ.സിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഖുർആൻ പഠന പദ്ധതിക്ക് പ്രവാസികളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുക്തിവാദികളും നാസ്തികരും ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ശരിയായ രീതിയിലുള്ള ഖുർആൻ പഠനത്തിന്റെ പ്രാധാന്യം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
പരിപാടിയിൽ എസ്.ഐ.സി മക്ക പ്രൊവിൻസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥന നടത്തി. എസ്.ഐ.സി ജിദ്ദ ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു. സയ്യിദ് ഹാഷിം തങ്ങൾ വേങ്ങര സംബന്ധിച്ചു. 
ഉസ്മാൻ എടത്തിൽ, മൊയ്ദീൻകുട്ടി ഫൈസി പന്തല്ലൂർ, ജാബിർ നാദാപുരം, അബ്ദുൽ മുസവ്വിർ കോഡൂർ, വിഖായ വളന്റിയർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags

Latest News