- സമുദ്രോൽപന്ന കയറ്റുമതിയിൽ 18 ശതമാനം വളർച്ച
റിയാദ് - സൗദിയുടെ സമുദ്രോൽപന്ന കയറ്റുമതി 2021 ൽ 18.3 ശതമാനം തോതിൽ വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ആ വർഷം ആകെ 35,316 ടൺ സമുദ്രോൽപന്നങ്ങളാണ് ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. 2020 ൽ കയറ്റുമതി 29,844 ടൺ ആയിരുന്നു. കൊറോണ മഹാമാരി വ്യാപനം തടയാൻ ബാധകമാക്കിയ മുൻകരുതൽ നടപടികൾ 2020 ൽ കയറ്റുമതിയെ സാരമായി ബാധിച്ചു. 2018 ൽ 72,353 ടൺ സമുദ്രോൽപന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിനു ശേഷം കയറ്റുമതി കുറഞ്ഞു. 2021 ൽ കയറ്റുമതി വീണ്ടും ഉയരാൻ തുടങ്ങി.
സൗദി അറേബ്യയിൽ നിന്ന് കയറ്റി അയക്കുന്ന മത്സ്യങ്ങളുടെയും സമുദ്രോൽപന്നങ്ങളുടെയും നാലിലൊന്നിലേറെയും ചൈനയാണ് വാങ്ങുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2021 ൽ 10,091 ടൺ സമുദ്രോൽപന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. ആകെ കയറ്റുമതിയുടെ 28.6 ശതമാനം ചൈനയിലേക്കായിരുന്നു. 2021 ൽ ചൈനയിലേക്കുള്ള കയറ്റുമതി 115.5 ശതമാനം തോതിൽ വർധിച്ചു. 2020 ൽ ചൈനയിലേക്ക് 4682 ടൺ സമുദ്രോൽപന്നങ്ങളാണ് കയറ്റി അയച്ചത്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതിയിൽ കുറവ് രേഖപ്പെടുത്തി. 2021 ൽ കുവൈത്തിലേക്കുള്ള കയറ്റുമതി 16.7 ശതമാനവും ബഹ്‌റൈനിലേക്കുള്ള കയറ്റുമതി 15 ശതമാനവും യു.എ.ഇയിലേക്കുള്ള കയറ്റുമതി 11.4 ശതമാനവും തോതിൽ കുറഞ്ഞു. ഏറ്റവുമധികം സമുദ്രോൽപന്നങ്ങൾ കയറ്റി അയച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കുവൈത്തും മൂന്നാം സ്ഥാനത്ത് ബഹ്‌റൈനും നാലാം സ്ഥാനത്ത് ഈജിപതും അഞ്ചാം സ്ഥാനത്ത് യു.എ.ഇയും ആറാം സ്ഥാനത്ത് ഖത്തറുമാണ്. കുവൈത്തിലേക്ക് 6220 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റി അയച്ചു. ബഹ്‌റൈനിലേക്ക് 5947 ടണ്ണും യു.എ.ഇയിലേക്ക് 2576 ടണ്ണും ഈജിപ്തിലേക്ക് 4748 ടണ്ണും ഖത്തറിലേക്ക് 829 ടണ്ണും സമുദ്രോൽപന്നങ്ങൾ കയറ്റി അയച്ചു. ഈജിപ്തിലേക്കുള്ള കയറ്റുമതി 2.6 ശതമാനം തോതിൽ വർധിച്ചു. ഗൾഫ് ഉപരോധം പ്രാബല്യത്തിലുണ്ടായിരുന്ന 2020 ൽ ഖത്തറിലേക്ക് സമുദ്രോൽപന്നങ്ങളൊന്നും കയറ്റി അയച്ചിരുന്നില്ല.
യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വർധിച്ചു. കയറ്റുമതിയിൽ ഏഴാം സ്ഥാനത്ത് സ്‌പെയിൻ ആണ്. സ്‌പെയിനിലേക്കുള്ള കയറ്റുമതി 354 ടണ്ണിൽ നിന്ന് 554 ടൺ ആയി ഉയർന്നു. സ്‌പെയിനിലേക്കുള്ള കയറ്റുമതിയിൽ 56.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. എട്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്ക് 365 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റി അയച്ചു. 2020 ൽ കൊറിയയിലേക്ക് 142 ടൺ സമുദ്രോൽപന്നങ്ങളാണ് കയറ്റി അയച്ചത്. ഇതിനെ അപേക്ഷിച്ച് 2021 ൽ കയറ്റുമതി 156.9 ശതമാനം തോതിൽ വർധിച്ചു. ഒമ്പതാം സ്ഥാനത്തുള്ള വിയറ്റ്‌നാമിലേക്ക് 336 ടൺ സമുദ്രോൽപന്നങ്ങൾ ഒരു വർഷത്തിനിടെ കയറ്റി അയച്ചു. വിയറ്റ്‌നാമിലേക്കുള്ള കയറ്റുമതി 2021 ൽ 35.8 ശതമാനം തോതിൽ കുറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് 3617 ടൺ സമുദ്രോൽപന്നങ്ങളും കയറ്റി അയച്ചു. മറ്റു രാജ്യങ്ങളിലേക്കുള്ള 75.5 ശതമാനം തോതിൽ വർധിച്ചു. 2020 ൽ മറ്റു രാജ്യങ്ങളിലേക്ക് 2097 ടൺ സമുദ്രോൽപന്നങ്ങളാണ് കയറ്റി അയച്ചത്.






