ദമാം - ദമാം അൽമുഹമ്മദിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വെയർഹൗസിൽ വൻ അഗ്നിബാധ. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
അനധികൃത ചികിത്സ: വിദേശ ദമ്പതികൾ അറസ്റ്റിൽ
മക്ക - ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസുകൾ നേടാതെ കൊമ്പുവെക്കൽ ചികിത്സ മേഖലയിൽ പ്രവർത്തിച്ച വിദേശ വനിതയെയും ഭർത്താവിനെയും മക്കയിൽ നിന്ന് ആരോഗ്യ വകുപ്പും പോലീസും സഹകരിച്ച് അറസ്റ്റ് ചെയ്തു. അനധികൃത ചികിത്സ നടത്തുന്ന ദമ്പതികളെ കുറിച്ച് മക്ക ആരോഗ്യ വകുപ്പിന് പരാതികൾ ലഭിക്കുകയായിരുന്നെന്ന് മക്ക ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അൽഉതൈബി പറഞ്ഞു. ലൈസൻസില്ലാതെ ചികിത്സ നടത്തിയിരുന്ന ദമ്പതികൾ സുരക്ഷ, അണുബാധ പ്രതിരോധ മാനദണ്ഡങ്ങൾ നടപ്പാക്കിയിരുന്നില്ല.
പരാതികൾ ലഭിച്ചതിനെ തുടർന്ന് പോലീസുമായി ഏകോപനം നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന ഏകീകൃത നമ്പറിൽ എല്ലാവരും ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഹമദ് അൽഉതൈബി ആവശ്യപ്പെട്ടു.






