റിയാദ് - തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ വർഷം 28,227 പേർക്ക് പരിക്കുകൾ സംഭവിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് റിപ്പോർട്ട് വ്യക്തമാക്കി. പരിക്കേറ്റവരിൽ 27,167 പേർ പുരുഷന്മാരാണ്. 35-39 പ്രായവിഭാഗത്തിൽ പെട്ടവർക്കാണ് ഏറ്റവും കൂടുതൽ തൊഴിൽ പരിക്കുകൾ നേരിട്ടത്. ഈ വിഭാഗത്തിൽ പെട്ട 5556 പേർക്ക് തൊഴിൽ പരിക്കുകൾ സംഭവിച്ചു. ഏറ്റവും കുറവ് തൊഴിൽ പരിക്കുകൾ സംഭവിച്ചത് 15-19 പ്രായവിഭാഗത്തിൽ പെട്ടവർക്കാണ്. ഈ ഗണത്തിൽ പെട്ട 105 പേർക്കു മാത്രമാണ് കഴിഞ്ഞ വർഷം തൊഴിൽ പരിക്കുകൾ സംഭവിച്ചത്.
ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 8347 പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടു. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 7742 പേർക്കും മൂന്നാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 5839 പേർക്കും തൊഴിൽ പരിക്കുകൾ സംഭവിച്ചു. ഏറ്റവും കുറവ് പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടത് അൽജൗഫ് പ്രവിശ്യയിലാണ്. ഇവിടെ 109 പേർക്കാണ് കഴിഞ്ഞ വർഷം തൊഴിൽ പരിക്കുകൾ നേരിട്ടത്.
ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് പരിക്കുകൾ സംഭവിച്ചത് നിർമാണ മേഖലയിലാണ്. ഈ മേഖലയിൽ 9607 പേർക്ക് പരിക്കുകൾ നേരിട്ടു. രണ്ടാം സ്ഥാനത്തുള്ള വ്യവസായ മേഖലയിൽ 6660 പേർക്കും വ്യാപാര മേഖലയിൽ 3664 പേർക്കും പരിക്കേറ്റു. കൂടുതൽ പേർക്ക് പരിക്കേറ്റ തൊഴിൽ മേഖല സേവന മേഖലയാണ്. ഈ മേഖലയിൽ 13,448 പേർക്ക് തൊഴിൽ പരിക്ക് സംഭവിച്ചു. രണ്ടാം സ്ഥാനത്തുള്ള സപ്പോർട്ട് എൻജിനീയറിംഗ് തൊഴിൽ മേഖലയിൽ 8542 പേർക്കും കഴിഞ്ഞ വർഷം തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ പരിക്കേറ്റു.
യന്ത്രങ്ങളിലും മറ്റും തട്ടി 14,199 പേർക്കും വീണ് 9026 പേർക്കും തൊഴിലിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കിടെ അപകടങ്ങളിൽ പെട്ട് 2451 പേർക്കും പരിക്കേറ്റു. തൊഴിൽ അപകടങ്ങളിൽ കഴിഞ്ഞ വർഷം 82 പേർ മരണപ്പെട്ടു. 560 പേരുടെ പരിക്കുകൾ വൈകല്യങ്ങളോടെ ഭേദമായി. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തൊഴിൽ പരിക്കുകൾ ഒരു ലക്ഷം പേർക്ക് എട്ടു ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ 98 ലക്ഷം തൊഴിലാളികളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.






